കേരളകോണ്‍ഗ്രസ് എമ്മിന്റെ സംസ്ഥാനക്യാംപിന് ഇന്ന് തുടക്കം; നെഞ്ചിടിപ്പോടെ കോണ്‍ഗ്രസ്
കോട്ടയം: കേരളകോണ്‍ഗ്രസ് എമ്മിന്റെ ദ്വിദിന സംസ്ഥാന ക്യാംപ് ഇന്ന് ചരല്‍ക്കുന്നില്‍ നടക്കും. ഇന്നും നാളെയും നടക്കുന്ന ക്യാംപിലെ ഓരോ തീരുമാനത്തിനും കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നാണ് രാഷ്ട്രീയഭാഷ്യം. യു.ഡി.എഫില്‍ പാര്‍ട്ടി പ്രകടിപ്പിക്കുന്ന അതൃപ്തിയുടെ വിവിധ വശങ്ങള്‍ ക്യാംപില്‍ ചര്‍ച്ചയാകും.
ബാര്‍ കോഴക്കേസില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയെ മുന്നണിയിലുള്ളവര്‍തന്നെ കുടുക്കിയെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രവര്‍ത്തകരുടെ പൊതു അഭിപ്രായം. അതു പോലെ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടും മുന്നണിയുമായി പരാതികളുയര്‍ന്നിരുന്നു. സീറ്റ് വിഭജനത്തില്‍ അര്‍ഹമായത്ര സീറ്റ് കിട്ടിയില്ലെന്നാണ് പരാതി. നല്‍കിയ സീറ്റുകളിലാവട്ടെ കോണ്‍ഗ്രസ് തന്നെ ചിലയിടങ്ങളില്‍ കാലുവാരിയതായും പ്രവര്‍ത്തകര്‍ക്ക് പരാതിയുണ്ട്. ഇങ്ങനെ അടുത്തിടെ കോണ്‍ഗ്രസ്സില്‍ നിന്നുമുണ്ടായ അവഗണനയും അവഹേളനവുമാണ് ഉണ്ടായതെന്ന പാര്‍ട്ടിയിലെ പൊതുവികാരവും ക്യാംപില്‍ ചര്‍ച്ചയാവും. ഇതിന്മേലെല്ലാം പാര്‍ട്ടി എന്തു തീരുമാനമെടുക്കുമെന്നാണ് കേരള രാഷ്ട്രീയരംഗം ഉറ്റുനോക്കുന്നത്.
നിയമസഭയില്‍ പാര്‍ട്ടി ഒരു പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന അഭിപ്രായമാണ് പ്രവര്‍ത്തകരിലുള്ളതെന്ന് നേതാക്കള്‍ പറയുന്നു. പ്രത്യേക ബ്ലോക്ക് ആവുകയെന്നാല്‍ മുന്നണി വിടുന്നതിന് തുല്ല്യമാണെന്നാണ് വിലയിരുത്തല്‍.
ഇടഞ്ഞു നില്‍ക്കുന്ന കെ.എം മാണിയെ ബി.ജെ.പി നേതാവ് കുമ്മനം തങ്ങളുടെ സഖ്യത്തിലേക്ക് സ്വാഗതമോതിയതും കോണ്‍ഗ്രസ്സിന്റെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. എന്നാല്‍, കുമ്മനത്തിന്റെ സ്വാഗതമോതലിനനുകൂലമായോ പ്രതികൂലമായോ മാണി പ്രതികരിച്ചിട്ടില്ല. അതിനാല്‍ തന്നെ ചരല്‍ക്കുന്നിലെ ഇന്നത്തെ കേരളകോണ്‍ഗ്രസ്സിന്റെ ക്യാംപിലെ ഓരോ തീരുമാനത്തിനും യു.ഡി.എഫ് നേതൃത്വം കാതോര്‍ക്കുകയാണ്.
ക്യാംപ് ഇന്ന് രണ്ടു മണിക്ക് കെ.എം മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് അധ്യക്ഷത വഹിക്കും. നാളെ ഉച്ചയ്ക്കാണ് ദ്വിദിന സമ്മേളനത്തിന്റെ സമാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."