സമാന്തര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്റൂം പ്രവര്‍ത്തനം താളംതെറ്റുന്നു
പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍
നാദാപുരം: പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടാത്ത സമാന്തര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്റൂം പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി പരാതി. അമിതഭാരം കാരണം പാഠഭാഗങ്ങള്‍ യഥാസമയം പഠിപ്പിച്ചുതീര്ക്കാനാകാതെ അധ്യാപകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നാണ് ആക്ഷേപം.
രണ്ടാം പാദപരീക്ഷകള് ഡിസംബറില്‍ നടക്കാനിരിക്കെയാണ് വിദ്യാഭ്യാസ വകുപ്പും എസ്.എസ്.എയും അധ്യാപകരുടെമേല്‍ പുതിയ പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നത്. ശ്രദ്ധ, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, ഉല്ലാസ വിജയം എന്നിവയാണ് പുതുതായി നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍. അവധി ദിനങ്ങളടക്കം ഇതിനായി ഉപയോഗിക്കാനാണ് അധ്യാപകര്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. ഉപജില്ല, ജില്ലാമേളകളുടെ പരിശീലനവും സംഘാടനവും നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സമാന്തര പ്രവര്‍ത്തനങ്ങളുംകൂടി വന്നത്.
പരാതി വ്യാപകമായതോടെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പദ്ധതി നടത്തിപ്പിലെ അശാസ്ത്രീയക്കെതിരേ രംഗത്തെത്തി. ശ്രദ്ധ, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം, ഉല്ലാസ വിജയം തുടങ്ങിയ പദ്ധതികള്‍ പഠനപ്രവര്‍ത്തനത്തോടൊപ്പം നടത്തുന്നതിനുപകരം പ്രത്യേകമായി സംഘടിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനവുമായി സഹകരിക്കേണ്ടതില്ലെന്ന് സംയുക്ത അധ്യാപക സമിതി തീരുമാനിച്ചു. അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ വിദ്യാഭ്യാസ പ്രക്രിയയുടെ മികവിനെ സാരമായി ബാധിക്കും.
പദ്ധതികളുടെ ശില്പശാലകള് ബഹിഷ്കരിക്കാനും സംയുക്ത അധ്യാപക സമിതി തീരുമാനിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്വണ്, പ്ലസ്ടു വിദ്യാര്‍ഥികളെ ഒരു ക്ലാസിലിരുത്തി പൊതുപരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ, കെ.എസ്.ടി.യു, കെ.എ.ടി.എഫ്, എ.എച്ച്.എസ്.ടി.എ, എച്ച്.എസ്.എസ്.ടി.എ, കെ.എച്ച്.എസ്.ടി.യു, കെ.പി.ടി.എഫ്, കെ.എ.ടി.എ എന്നീ അധ്യാപക സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."