ഖത്തര്‍ അമീര്‍ ഇല്ല; പങ്കെടുത്തത് വിദേശകാര്യ മന്ത്രി
അബ്ദുസ്സലാം കൂടരഞ്ഞി#
റിയാദ്: 39ാം ഗള്‍ഫ് സഹകരണ സമിതി ഉച്ചകോടി സഊദി തലസ്ഥാനമായ റിയാദില്‍ ചേര്‍ന്നു. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉച്ചകോടി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഉച്ചകോടിക്കു ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനിയെ സല്‍മാന്‍ രാജാവ് നേരിട്ടു ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. പകരം, ഖത്തര്‍ വിദേശകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പങ്കെടുത്തത്. മറ്റൊരു അംഗരാജ്യമായ ഒമാന്‍ ഭരണാധികാരിയും ഉച്ചകോടിയില്‍ പങ്കെടുത്തില്ല.
ഗള്‍ഫ് സൈനിക സഹകരണം, യമന്‍, സിറിയ, ഫലസ്തീന്‍, ഇറാഖ് അടക്കമുള്ള മേഖലാ രാജ്യങ്ങളിലെ പുതിയ സംഭവവികാസങ്ങള്‍, ഇറാന്‍ പ്രശ്‌നം എന്നിവയും ഉച്ചകോടിക്കു വിഷയമായി. മേഖലയിലെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയായപ്പോഴും അംഗരാജ്യമായ ഖത്തറുമായുള്ള പ്രശ്‌നപരിഹാരത്തിനു യാതൊരു ഫോര്‍മുലയും ചര്‍ച്ച മുന്നോട്ടുവച്ചില്ല. ഖത്തര്‍ ഭരണാധികാരിക്കു സല്‍മാന്‍ രാജാവ് നേരിട്ട് ക്ഷണമയച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ മഞ്ഞുരുക്കം ആരംഭിച്ചെന്നും ഖത്തര്‍ ഉപരോധത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തയുണ്ടായിരുന്നു.
ജി.സി.സി സംവിധാനം നിലനിര്‍ത്താന്‍ സഊദി അതിയായി ആഗ്രഹിക്കുന്നതായി സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മേഖലയുടെ സമാധാനം തകര്‍ക്കാനാണ് ഇറാന്‍ തുടര്‍ച്ചയായി ശ്രമിക്കുന്നത്. യമനില്‍ രാഷ്ട്രീയ പരിഹാരത്തിനു ജി.സി.സി പൂര്‍ണ പിന്തുണ നല്‍കുന്നു. ഫലസ്തീന്‍ പ്രശ്‌നവും പരമപ്രധാനമായി മുന്നിലുണ്ട്. ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശത്തിനെതിരേ അന്താരാഷ്ട്ര സമൂഹം ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്, ഒമാനിലെ ഫഹദ് ബിന്‍ സയിദ്, ബഹ്‌റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ, ഒമാന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചകോടിയില്‍ സംബന്ധിച്ചത്. ഉച്ചകോടിക്ക് മുന്നോടിയായി സഊദിയിലെത്തിയ വിവിധ ഭരണാധികാരികളുമായി സഊദി ഭരണാധികാരി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."