തിരുവമ്പാടി വിമാനത്താവളം: പച്ചക്കൊടി വീശി സര്‍ക്കാര്‍
തിരുവമ്പാടി: ജില്ലയിലെ തിരുവമ്പാടിയില്‍ വിമാനത്താവളം നിര്‍മിക്കുന്നതു സംബന്ധിച്ച് സാധ്യതാപഠനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെ തിരുവമ്പാടിയുടെ തെരുവുകള്‍ ചര്‍ച്ചകളില്‍ സജീവമായി. പ്രത്യാശകള്‍ക്ക് ചിറകു മുളച്ചു തുടങ്ങിയതോടെ തെരുവുകളില്‍നിന്നു സന്തോഷത്തിന്റെ വര്‍ത്തമാനങ്ങളാണ് കേള്‍ക്കാന്‍ കഴിയുന്നത്,
കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയതായുള്ള വാര്‍ത്ത പരന്നതോടെയാണ് മലയോരത്തെ നാടും നഗരവും ചര്‍ച്ചയില്‍ മുഴുകിയത്.
പ്രദേശത്ത് വിമാനത്താവളം സ്ഥാപിക്കുന്നതിനായി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ സമര്‍പ്പിച്ച അപേക്ഷ സ്വീകരിച്ചാണ് ഇതേക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇതോടെ ഈ മാസം 13ന് സുപ്രഭാതം 'തിരുവമ്പാടിക്ക് ചിറക് മുളക്കുമോ' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന വികസന സെമിനാര്‍ നാട്ടുകാര്‍ ഏറ്റെടുത്തു കഴിഞ്ഞു.
തിരുവമ്പാടിയില്‍ വിമാനത്താവളം എന്ന ആശയത്തില്‍നിന്നു പിന്നോട്ടുപോകാതെ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലും അതിന്റെ മുഖ്യതേരാളി ഷെവലിയാര്‍ സി.ഇ ചാക്കുണ്ണിയും സജീവമായി രംഗത്തുള്ളതാണ് തിരുവമ്പാടിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്.
കരിപ്പൂരില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള കണ്ണൂരില്‍ പുതിയ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്. അടുത്തവര്‍ഷം അവസാനത്തോടെ കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാക്കുമെന്നാണ് കരുതുന്നത്. ഇതിനിടയിലാണ് കോഴിക്കോടിന്റെ കിഴക്കന്‍ മലയോരഗ്രാമമായ തിരുവമ്പാടിയില്‍ പുതിയൊരു വിമാനത്താവളമെന്ന സ്വപ്നപദ്ധതിയുടെ ആരവമുയരുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങളിറങ്ങാനുള്ള സാധ്യത മങ്ങുന്നതിനാല്‍ മലബാറില്‍ വലിയ വിമാനത്താവളമുണ്ടാകണമെന്ന ആവശ്യമാണ് തിരുവമ്പാടിയില്‍ വിമാനത്താവളമെന്ന ചര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്ന രാജ്യത്തെ 17 വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവമ്പാടിയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗ്രാമം. സ്വകാര്യ കൃഷിഭൂമി ഏറ്റെടുക്കാതെ ഇന്‍ഡസ്ട്രിയല്‍ പ്ലാന്റേഷന്‍ എസ്റ്റേറ്റ് ഭൂമി മാത്രമേറ്റെടുത്ത് വിമാനത്താവളം നിര്‍മിക്കാനാകുമെന്നതും തിരുവമ്പാടിയുടെ പ്രതീക്ഷയ്ക്ക് ജീവന്‍ പകരുകയാണ്. സ്വകാര്യഭൂമി ഏറ്റെടുക്കുന്നതിലെ പ്രയാസങ്ങളൊന്നും പ്ലാന്റേഷന്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉണ്ടാകില്ല എന്നതും കാര്യങ്ങള്‍ എളുപ്പമാക്കും.
തിരുവമ്പാടി, നീലേശ്വരം ഡിവിഷനുകളിലായി 2150 ഏക്കര്‍ സ്ഥലം തിരുവമ്പാടി എസ്റ്റേറ്റിന്റേതായുണ്ട്. കൂടതല്‍ സ്ഥലം ആവശ്യമെങ്കില്‍ സമീപത്തെ ചില സ്വകാര്യ എസ്റ്റേറ്റ് ഉടമകളും നല്‍കുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."