ആടിനെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുകയാണവര്‍
.
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ...
വീണ്ടുവിചാരം ഇതിനു മുന്‍പ് ഇങ്ങനെയൊരു സംബോധനയോടെ ആരംഭിച്ചിട്ടില്ല.
പക്ഷേ, ഇന്ന് അങ്ങനെയൊരു അഭിസംബോധനയോടെ തുടങ്ങുകയാണ്. എന്റെ മനസ്സില്‍ത്തന്നെ മാനുഷികതയുടെ പ്രതിരോധം സൃഷ്ടിക്കാനാണത്.
കാരണം, ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെ മനസ്സിലും വെറുപ്പിന്റെ വിഷവിത്തു വിതയ്ക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഫാസിസ്റ്റുകളും അവരുടെ കങ്കാളന്മാരും.
രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളും ആവര്‍ത്തിച്ചു പറയുന്നത് തങ്ങളുടെ കരിനിയമങ്ങളെ എതിര്‍ക്കുന്നവരെല്ലാം പാക് ചാരന്മാരും രാജ്യദ്രോഹികളുമാണെന്നാണ്.
രാജ്യമനസ്സിനെ സാമുദായികമായി വിഭജിച്ചുകൊണ്ടിരിക്കുകയാണവര്‍. കൃത്യമായ ലക്ഷ്യത്തോടെ ഏതോ ബുദ്ധികേന്ദ്രത്തില്‍ പടച്ചുണ്ടാക്കിയ വിഷലിപ്തമായ ഓഡിയോ, വിഡിയോ സന്ദേശങ്ങളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ രീതിയിലാണു പ്രചരിക്കപ്പെടുന്നത്.
ആ പ്രചാരണങ്ങളുടെ ചെളി നമ്മുടെ അനുവാദമില്ലാതെയും അറിവോടെയല്ലാതെയും പോലും നമ്മുടെ മനസ്സിലേയ്ക്കു തെറിച്ചുവീഴാതിരിക്കാന്‍ വിദ്യാലയ പഠനകാലത്ത് പറഞ്ഞുപഠിച്ച വാക്കുകള്‍ ഉരുവിടേണ്ടിയിരിക്കുന്നു.
'ഇന്ത്യ എന്റെ രാജ്യമാണ്.
ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളും എന്റെ സഹോദരീസഹോദരന്മാരാണ് '.
അതിനാല്‍, ഈ സംബോധനയോടെ തുടങ്ങട്ടെ,
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ...
സുരേഷ് അംഗഡിയെന്ന കേന്ദ്ര റെയില്‍വേ സഹമന്ത്രിയുടെ പേര് കഴിഞ്ഞ ദിവസം വരെ ഇന്ത്യയിലെ ജനങ്ങളില്‍ നല്ലൊരു ശതമാനവും കേട്ടിട്ടുപോലുമുണ്ടാകില്ല.
പക്ഷേ, ഇന്ന് ബഹുഭൂരിപക്ഷത്തിനും ആ പേര് അറിയാം.
കാരണം, താന്‍ പ്രതിനിധാനം ചെയ്യുന്ന ഫാസിസ്റ്റ് ഭീകരതയുടെ കരാളമുഖം അറിഞ്ഞോ അറിയാതെയോ വെളിപ്പെടുത്തിയ ആളാണയാള്‍.
പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരെയെല്ലാം വെടിവച്ചു കൊല്ലണമെന്ന് ഉത്തരവിട്ട 'ഭീകര'നാണ് ആ മനുഷ്യന്‍.
അയാള്‍ നടത്തിയത് വെറുമൊരു അഭിപ്രായപ്രകടനമായിരുന്നില്ല.
അതൊരു ആഹ്വാനമായിരുന്നു.
പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി അനിഷ്ടസംഭവങ്ങളുണ്ടായാല്‍ അതിനു കാരണക്കാരായവരെ അതേ സ്ഥലത്തുവച്ച് വെടിവച്ചു കൊല്ലണമെന്ന് മന്ത്രിക്കസേരയിലിരിക്കുന്ന ആ മനുഷ്യന്‍ ഉത്തരവ് നല്‍കുകയായിരുന്നു. ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്ത് ഇത്തരത്തിലൊരു ഉത്തരവിടാന്‍ ഒരു കേന്ദ്രമന്ത്രിക്കു കഴിഞ്ഞുവെന്നതും അതു തടയാനോ തള്ളിപ്പറയാനോ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി തയ്യാറായില്ലെന്നതും ഞെട്ടിക്കുന്ന കാര്യമാണ്.
സുരേഷ് അംഗഡി നടത്തിയ ആഹ്വാനം അദ്ദേഹത്തിന്റെ ജന്മനാട്ടിലെ പൊലിസ് അക്ഷരാര്‍ഥത്തില്‍ പാലിക്കുന്നതാണ് തൊട്ടടുത്ത ദിവസം നാം കണ്ടത്.
കര്‍ണാടകയിലെ മംഗളൂരുവില്‍ രണ്ട് യുവാക്കളെയും എല്ലാ അക്രമസംഭവങ്ങളുടെയും വിളനിലമായ ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ഒരാളെയും പൊലിസ് വെടിവച്ചു കൊന്നു.
മംഗളൂരുവിലെ വെടിവയ്പിന് പൊലിസ് പറയുന്ന ന്യായീകരണം ആള്‍ക്കൂട്ടം സ്ഥലത്തെ പൊലിസ് സ്റ്റേഷന്‍ ആക്രമിച്ചേക്കാമെന്ന സൂചന കിട്ടിയിരുന്നെന്നാണ്.
ഇവിടെ ആ ന്യായീകരണത്തിലെ തന്നെ യുക്തിയില്ലായ്മ ചിന്തിച്ചു നോക്കൂ.
മംഗളൂരുവിലെ തെരുവില്‍ ആയിരക്കണക്കിനു ജനം തടിച്ചുകൂടിയിരുന്നുവെന്നതു സത്യമാണ്.
അവര്‍ തികച്ചും സമാധാനപരമായി മുദ്രാവാക്യം മുഴക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
വല്ല അക്രമവും നടന്നിരുന്നെങ്കില്‍ അത് ദൃശ്യമാധ്യമങ്ങളുടെ കാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുമായിരുന്നു.
എന്തായാലും ആ സ്ഥലത്ത് കല്ലേറുള്‍പ്പെടെ ഒരു തരത്തിലുള്ള അക്രമസംഭവങ്ങളും നടന്നിരുന്നില്ല എന്നതു വാസ്തവം.
പൊലിസും അതു പറയുന്നില്ല. ആ ആളുകള്‍ പൊലിസ് സ്റ്റേഷന്‍ ആക്രമിച്ചെന്നോ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നോ പൊലിസ് പോലും പറയുന്നില്ല.
ആക്രമിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന് മാത്രമാണു പറയുന്നത്.
അതിനാണെങ്കില്‍ പൊലിസിന്റെ കൈയില്‍ ഒരു തെളിവുമില്ല. അങ്ങനെയൊരു സൂചന കിട്ടിയെന്നു മാത്രമാണു പറയുന്നത്.
അപ്പോള്‍ സംഗതി വ്യക്തം. മന്ത്രി പറഞ്ഞത് ആജ്ഞാനുവര്‍ത്തികളായ പൊലിസ് അതേപടി നടപ്പാക്കുകയായിരുന്നു.
വെടിയേറ്റു മരിച്ച യുവാക്കളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതുള്‍പ്പെടെ വാര്‍ത്തയാക്കി ജനങ്ങള്‍ക്കു മുന്നിലെത്തിക്കാന്‍ പിറ്റേന്നു സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ ആട്ടിയോടിക്കാനും മര്യാദയുടെ എല്ലാ സീമയും വിട്ടാണു പൊലിസ് പെരുമാറിയത്.
മംഗളൂരുവില്‍ അക്ഷരാര്‍ഥത്തില്‍ പൊലിസ്‌രാജ് സൃഷ്ടിക്കപ്പെടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലിസ് മാധ്യമപ്രവര്‍ത്തകരെ നികൃഷ്ടജീവികളെന്ന പോലെയാണ് ആട്ടിയകറ്റുകയും പിടിച്ചുകൊണ്ടുപോയി അന്യായമായ തടങ്കലില്‍ വയ്ക്കുകയും ചെയ്തത്.
അതിനും യുക്തിപരമായ കാരണം പറയാന്‍ പൊലിസിനുണ്ടായിരുന്നില്ല.
തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കാന്‍ കസ്റ്റഡിയിലെടുത്തുവെന്നാണ് കാക്കിധാരികള്‍ പറയുന്നത്.
മാധ്യമപ്രവര്‍ത്തകരുടെ തിരിച്ചറിയില്‍ കാര്‍ഡുകള്‍ അവരുടെ കഴുത്തിലെ ചരടില്‍ത്തന്നെ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അവിടെവച്ചു തന്നെ അവ പൊലിസുകാര്‍ വേണ്ടതിലേറെ സമയമെടുത്തു പരിശോധിക്കുന്നതു ജനം ചാനല്‍ വാര്‍ത്തകളിലെ ദൃശ്യങ്ങളില്‍ കണ്ടതാണ്.
എന്നിട്ടും അവരെ ഇടിവണ്ടിയില്‍ കയറ്റിക്കൊണ്ടുപോവുകയും മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തുകയും കാമറയും മൊബൈലുമെല്ലാം പിടിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ എന്താണ് അര്‍ഥം.
അവിടെ നടക്കുന്ന നരനായാട്ടുകളൊന്നും പൊതുജനം അറിയേണ്ട എന്ന ധാര്‍ഷ്ട്യം.
രണ്ടാമത്തെ ലക്ഷ്യം ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങള്‍ക്ക് തങ്ങളുടെ ഏകാധിപത്യ രാജ്യത്ത് ചവറ്റുകൊട്ടയിലാണെന്ന ഫാസിസ്റ്റ് മനോഭാവം.
രാമചന്ദ്രഗുഹയെന്ന ആദരണീയനായ ചരിത്രകാരനോട് ഇതേ കര്‍ണാടക പൊലിസ് കാണിച്ച ക്രൂരതയും ചാനലുകളിലൂടെ കണ്ടതാണല്ലോ.
അദ്ദേഹം ചെയ്തത് രാഷ്ട്രപിതാവിന്റെ ഛായാചിത്രവുമായി തെരുവോരത്തു നിന്നു പ്രതിഷേധിച്ചുവെന്നതു മാത്രമാണ്.
മഹാത്മജിയുടെ ഛായാചിത്രമല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ കൈകളില്‍ ഉണ്ടായിരുന്നില്ല.
ആരെയും അക്രമിക്കുകയോ അക്രമിക്കാന്‍ പ്രേരണ നല്‍കുകയോ ചെയ്തിരുന്നില്ല.
എന്നിട്ടും, രാമചന്ദ്രഗുഹയെ മസില്‍പവറുള്ള അഞ്ചുപത്തു പൊലിസുകാര്‍ പിടിച്ചുവലിക്കുകയും അദ്ദേഹത്തിന്റെ മുഖത്തു മുട്ടുകൈ കൊണ്ടു കുത്തിപ്പരുക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തത്.
മുഖം പിന്നോട്ടു പെട്ടെന്നു വെട്ടിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹം ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നുണ്ടാകുമായിരുന്നു.
രാമചന്ദ്രഗുഹയ്ക്കു നേരേ തങ്ങള്‍ നടത്തുന്ന കൈയേറ്റം മാധ്യമങ്ങളുടെ കാമറകള്‍ ഒപ്പുവയ്ക്കുന്നുണ്ടെന്നു കണ്ടാണ് ആ പൊലിസുകാര്‍ പിന്മാറിയത്.
മാധ്യമങ്ങളുടെ സാന്നിധ്യം തീര്‍ത്തും ഇല്ലാതാക്കിയാല്‍ ആ കാക്കി കാപാലികന്മാര്‍ക്ക് ഇനി തെരുവില്‍ എന്ത് അഴിഞ്ഞാട്ടവും നടത്താനാകും.
പ്രിയ സഹോദരങ്ങളെ...
ഇതൊന്നും അറിയാതെ സംഭവിക്കുന്ന കാര്യങ്ങളല്ല.
ജനാധിപത്യ ഇന്ത്യയുടെ എല്ലാ പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുമെന്ന പ്രതിജ്ഞയോടെ രംഗത്തിറങ്ങിയിരിക്കുകയാണ് ഈ ഫാസിസ്റ്റ് ഭരണകൂടം.
ആടിനെ പട്ടിയായും പട്ടിയെ പേപ്പട്ടിയായും ചിത്രീകരിച്ച് തല്ലിക്കൊല്ലാന്‍ ഇറങ്ങിത്തിരിച്ചവരാണവര്‍.
ജനാധിപത്യ, മതേതരമനസ്സുകളുടെ ഒറ്റക്കെട്ടായ ചെറുത്തുനില്‍പ്പു മാത്രമാണ് ഇവിടെ ഏകരക്ഷാമാര്‍ഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."