കരട് പാര്‍ക്കിങ് നയം: വാഹന പാര്‍ക്കിങ് ഏറ്റവുമധികം റെയില്‍വേ സ്റ്റേഷനില്‍
കൊല്ലം: വാഹന പാര്‍ക്കിങ് ഏറ്റവുമധികം റെയില്‍വേ സ്റ്റേഷനില്‍. വാഹനപ്പെരുപ്പം അനുദിനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ക്കിങ് സൗകര്യം വിപുലീകരിക്കാനുള്ള നയമാണ് കോര്‍പറേഷന്റെ നിര്‍ദേശ പ്രകാരം നഗര ഗ്രാമ ആസൂത്രണ വകുപ്പ് തയാറാക്കിയത്. ടി.കെ.എം എന്‍ജിനിയറിങ് കോളജിന്റെ സാങ്കേതിക സഹായത്തോടെ തയാറാക്കിയ കരട് പ്രകാരം നഗരത്തിലെ പാര്‍ക്കിങ് മേഖലകളെ നാലു തട്ടിലായി വേര്‍തിരിച്ചിട്ടുണ്ട്. ഓഡിറ്റോറിയങ്ങളാണ് സ്ഥിരം പാര്‍ക്കിങ് മേഖലയായി രേഖപ്പെടുത്തിയ സ്ഥലങ്ങള്‍. വാണിജ്യവിനോദവിദ്യാഭ്യാസ മേഖലകളാണ് മറ്റുള്ളവ. നഗരത്തില്‍ ഏറ്റവുമധികം പാര്‍ക്കിങ് ഉള്ളത് റെയില്‍വേ സ്റ്റേഷന്‍ പരിസരമാണ്. കച്ചവട മേഖലയില്‍ മുന്നിലുള്ളത് മെയിന്‍ റോഡും. വിദ്യാഭ്യാസ മേഖലകളിലെ വീതി കുറഞ്ഞ റോഡുകള്‍ പാര്‍ക്കിങ് ദുഷ്‌കരമാക്കുന്നു. ഓഡിറ്റോറിയങ്ങളുടെ സ്ഥലം മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും സമാന സ്ഥിതിക്ക് ഇടയാക്കുകയാണ്. നിര്‍ദിഷ്ട സ്ഥലം ഒരുക്കിയാല്‍ 20 രൂപ നിരക്കില്‍ പാര്‍ക്കിങ് ഫീസ് നല്‍കാന്‍ ഇതുമായി ബന്ധപ്പെട്ട സര്‍വേയില്‍ പങ്കെടുത്ത 80 ശതമാനംപേരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി പാര്‍ക്കിങിനാവശ്യമായ ഭൂമി ലഭ്യമല്ല. സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ട നല്‍കാന്‍ വിമുഖത പ്രകടിപ്പിച്ചിട്ടുമുണ്ട്. പാര്‍ക്കിങിന്റെ ആവശ്യകതയ്ക്കനുസരിച്ച് സ്ഥലം കണ്ടെത്തുകയാണ് നയത്തിലെ പ്രധാന നിര്‍ദേശം. എന്നാല്‍ ഫീസ് ഈടാക്കുക വഴി പാര്‍ക്കിങ് സൗകര്യം മെച്ചപ്പെടുത്തുകയും വാഹനങ്ങള്‍ ആവശ്യത്തിന് മാത്രം നിര്‍ത്തിയിടുന്ന രീതി പ്രോത്സാഹിപ്പിക്കുകയുമാകാം. ബഹുതല യന്ത്രവത്കൃത പാര്‍ക്കിങ്, പാര്‍ക്കിങ് പ്ലോട്ടുകള്‍ വികസിപ്പിച്ച് തെരുവോരത്തെ പാര്‍ക്കിങ് നിയന്ത്രണം, ഗ്രാമപ്രദേശങ്ങളിലേക്ക് വികസിക്കുന്ന സൗജന്യ പാര്‍ക്കിങ് സംവിധാനം, പാര്‍ക്കിങ് നിരോധിത മേഖലകളുടെ വ്യാപനം, നഗരത്തില്‍ ചെറു യാത്രകള്‍ക്കായി പൊതുഗതാഗത സംവിധാനത്തിന്റെ വിപുലീകരണം, ഓട്ടോ ടാക്‌സി സ്റ്റാന്‍ഡുകളുടെ പുനക്രമീകരണം, ഏക ദിശയിലുള്ള പാര്‍ക്കിംഗ് തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. പൊതു പരിപാടികള്‍ക്ക് വരുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ് സൗകര്യം, ആഘോഷ വേളകളില്‍ സ്ഥിരം സൗകര്യമൊരുക്കാനായി പാര്‍വതി മില്‍, ആശ്രാമം മൈതാനം, കന്റോണ്‍മെന്റ് മൈതാനം മുതലായവയുടെ വിനിയോഗം, പാര്‍ക്കിങിന് നിശ്ചിത സമയക്രമം നിശ്ചയിക്കുക തുടങ്ങിയവയും കരടിലുണ്ട്. ട്രാഫിക് ഉപദേശക സമിതിയെ ചുമതലപ്പെടുത്തി ക്രമീകരണങ്ങള്‍ നടപ്പിലാക്കാമെന്ന നിര്‍ദേശമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളുടേയും മറ്റുള്ളവരുടേയും അഭിപ്രായം കൂടി പരിഗണിച്ച് അന്തിമ നയം രൂപീകരിക്കാനാകും വിധമാണ് കരട് തയ്യാറാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."