ഏകമത സങ്കല്‍പ്പം ഇന്ത്യയുടെ അടിത്തറ തകര്‍ക്കും: ഹൈദരലി തങ്ങള്‍
തിരുവനന്തപുരം: രാജ്യത്തെ ഏകമത സങ്കല്‍പ്പത്തിലേക്ക് നയിക്കാനുള്ള നീക്കം ഇന്ത്യയുടെ അടിത്തറ തകര്‍ക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മതങ്ങളുടെ വൈവിധ്യം കൊണ്ട് സമ്പന്നമായ ഭൂമിയില്‍ മതേതരത്വം ക്ഷയിക്കുന്നത് ആശങ്ക ഉണര്‍ത്തുകയാണെന്നും ഫാസിസത്തിനും വര്‍ഗീതക്കുമെതിരായ പൊതുവികാരം ഉയര്‍ന്നു വരേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും തങ്ങള്‍ പറഞ്ഞു.
യൂത്ത് ലീഗ് യുവജനയാത്രയുടെ സമാപനസമ്മേളനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാവിഭാഗം ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നതാണ് ജനാധിപത്യത്തിന്റെ പ്രത്യേകതയെന്നും
ന്യൂനപക്ഷ വിഭാഗങ്ങള്‍ അരക്ഷിതരാവുന്നിടത്ത് ജനാധിപത്യം അപൂര്‍ണമാകുമെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. മനുഷ്യനെ കൊന്ന് മൃഗങ്ങളെ പരിപാലിക്കണമെന്ന് പറയുന്നത് രാഷ്ട്രീയമോ രാജ്യസ്‌നേഹമോ അല്ല. അത് ഫാസിസം മാത്രമാണ്. വര്‍ഗീയത വളര്‍ത്തിയും അക്രമം നടത്തിയും അധികാരം സ്ഥാപിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കാന്‍ പാടില്ല.
ഫാസിസത്തിന്റെ ആശങ്കപ്പെടുത്തുന്ന കാഴ്ചകള്‍ക്കിടയില്‍ ആശ്വാസത്തിന്റെ വാര്‍ത്തകളാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്നത്. ഇത് ഇന്ത്യയുടെ യഥാര്‍ത്ഥ മനസാണ് പ്രകടമാക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."