ആശ്വാസമേകാതെ 'ആശ്വാസകിരണം'
കണ്ണൂര്‍: സാമൂഹ്യനീതി വകുപ്പിലൂടെ നടപ്പാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നതായി പരാതി. ശയ്യാലംബരായ രോഗികളെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് ആശ്വാസകിരണം. ജില്ലയില്‍ 1700ഓളം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. 600 രൂപയാണു പ്രതിമാസം ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുന്നത്. ആശ്വാസകിരണം ധനസഹായത്തിന് അര്‍ഹതയുള്ളവര്‍ക്ക് മറ്റു പെന്‍ഷന്‍ ലഭിക്കുന്നതിനു തടസമില്ലാത്തതിനാല്‍ ശുശ്രൂഷിക്കുന്നവര്‍ക്കും രോഗികള്‍ക്കും ആശ്വാസമാണു പദ്ധതി. നിലവില്‍ ജില്ലയില്‍ പദ്ധതിയിലൂടെ 8,685 പേര്‍ക്ക് ആനുകൂല്യം നല്‍കുന്നുണ്ട്. അപേക്ഷകള്‍ തീര്‍പ്പാക്കാനുള്ള നടപടികള്‍ കേരള സാമൂഹ്യസുരക്ഷാമിഷന്‍ സ്വീകരിച്ചു വരികയാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 2018 മാര്‍ച്ച് വരെ ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് ഈവര്‍ഷം ഡിസംബര്‍ 31ന് മുന്‍പുതന്നെ ധനസഹായം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സമയബന്ധിതമായി തീര്‍പ്പാക്കുന്നില്ലെന്ന വ്യാപകമായ പരാതിയെ തുടര്‍ന്ന് ഇതിനായി ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കാനുള്ള നടപടി സ്വീകരിക്കുകയാണ്. കാന്‍സര്‍, പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങള്‍ എന്നിവ കാരണം മുഴുവന്‍ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ള വിധം കിടപ്പിലായ രോഗികള്‍, ശാരീരിക മാനസിക വൈകല്യമുള്ളവര്‍, പ്രായധിക്യത്താല്‍ കിടപ്പിലായവര്‍, 100 ശതമാനം അന്ധത ബാധിച്ചവര്‍, തീവ്രമാനസിക രോഗമുള്ളവര്‍, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാഴ്‌സി തുടങ്ങിയ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്‍ഡോസള്‍ഫാന്‍ ബാധിച്ചു പൂര്‍ണമായും ദുര്‍ബലപ്പെട്ടവര്‍ എന്നിവരെ പരിചരിക്കുന്നവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."