നഗരത്തിനകത്തെ കാട്ടില്‍ തീ പടരുന്നത് പതിവായി: ഭയത്തോടെ സമീപവാസികള്‍
പാലക്കാട്: നഗരത്തിന്റെ ഹൃദയഭാഗത്തെ ഒഴിഞ്ഞുകിടക്കുന്ന പറമ്പിലെ കാട്ടില്‍ തീ പടരുന്നത് പതിവായതോടെ പരിസരത്തുള്ള വ്യാപാരികളും വിവിധ ഓഫിസുകളിലെ ജീവനക്കാരും ഭയപ്പാടില്‍. സുല്‍ത്താന്‍പേട്ടയില്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ വി.വി.പി സ്‌കൂള്‍ ഗ്രൗണ്ടാണ് സമീപവാസികളുടെ ഉറക്കം കെടുത്തുന്നത്. 1998ല്‍ ലാഭകരമല്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുകയെന്ന സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് പൂട്ടുവീണ സ്‌കൂള്‍ അനാഥമായി. കെട്ടിടങ്ങള്‍ ശരിയായ പരിപാലനമില്ലാതായതോടെ പലതും തകര്‍ന്നുവീണു. രണ്ട് ഏക്കറിലധികം വരുന്ന ശേഷിക്കുന്ന ഭൂമി ഇടതൂര്‍ന്ന കാടായി മാറിയിരിക്കുകയാണിപ്പോള്‍.
ഇവിടെ എല്ലാ വേനല്‍ക്കാലത്തും തീ പടരുന്നത് പതിവായിരിക്കുകയാണ്. ഈ ഗ്രൗണ്ടിനു ചുറ്റിലുമായി പ്രമുഖ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റ് സമുച്ചയവും 65ഓളം ഓഫിസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. 12 വീടുകളും ഈ ഗ്രൗണ്ടിന്റെ അതിര് പങ്കിടുന്നു.
ഇതില്‍ പലതും ഓടിട്ട പഴയ കെട്ടിടങ്ങളുമാണ്. ഈ വീടുകള്‍ക്ക് ഭീഷണി ഉയര്‍ത്തിയാണ് ഓരോ വര്‍ഷവും ഇവിടെ തീ പടരുന്നത്. ഇത്തരത്തില്‍ ഇന്നലെ ഗ്രൗണ്ടിലുണ്ടായ തീ പടര്‍പ്പില്‍ ഒരു മണിക്കൂറിലേറെ നേരം സമീപവാസികളെ മുള്ളിന്‍മുനയില്‍ നിര്‍ത്തി. ഓരോ വര്‍ഷവും കാടുകള്‍ വെട്ടിവെടിപ്പാക്കുകയോ അതിരുകളിലെ കാടെങ്കിലും മാറ്റുകയോ ചെയ്യാത്തതിനാലാണ് തീ അയല്‍വാസികള്‍ക്ക് ഭീഷണിയാകുന്നതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ സ്ഥലമുടമക്കെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് അയല്‍വാസികളുടെ തീരുമാനം. സ്‌കൂള്‍ അടച്ചുപൂട്ടലിനെ തുടര്‍ന്ന് പ്രസ്തുത ഭൂമി വില്‍പ്പനക്ക് വെച്ചെങ്കിലും ഭൂമിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമകള്‍ അവകാശവാദങ്ങളുമായെത്തിയതോടെ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കം കോടതി കയറി. ഇതോടെയാണ് ഉടമ പ്രദേശത്തെ പാടെ അവഗണിക്കാന്‍ തുടങ്ങിയതെന്ന് സമീപവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."