ക്രിസ്മസ്, പുതുവത്സരം 24 മണിക്കൂര്‍ പരിശോധന സംഘം രൂപീകരിച്ചു
പാലക്കാട്: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് വ്യാജ മദ്യത്തിന്റെ ഉല്‍പാദനവും വിപണനവും മയക്കുമരുന്ന്, മറ്റ് ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം എന്നിവ ഫലപ്രദമായി തടയുന്നതിന് റവന്യൂ, പോലീസ്, എക്‌സൈസ്, വനംവകുപ്പുകളുടെ സംയുക്ത താലൂക്ക് തല പരിശോധന സംഘം രൂപീകരിച്ചു. ജനുവരി അഞ്ചുനവരെ 24 മണിക്കൂറും സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഉണ്ടായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി. ബലമുരളി അറിയിച്ചു. ഓരോ മേഖലയും അതാത് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചാവും പരിശോധന. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ യഥാസമയം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ട്.
രാത്രികാലങ്ങളില്‍ പരിശോധന സജീവമാക്കാന്‍ സ്‌ക്വാഡിന് നിര്‍ദേശമുണ്ട്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങള്‍ വഴിയുള്ള വ്യാജ മദ്യം, മയക്കുമരുന്ന്, മറ്റു ലഹരിപദാര്‍ഥങ്ങള്‍ എന്നിവയുടെ കടത്ത് തടയാന്‍ ചെക്ക്‌പോസ്റ്റുകളില്‍ വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍.ടി.ഒ നിര്‍ദേശം നല്‍കും.
വിഷയത്തില്‍ പൊതുജനങ്ങള്‍ക്കുള്ള പരാതി ജില്ലാ കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം നമ്പറായ 04912505309, എക്‌സൈസ് കണ്‍ട്രോള്‍ റൂം നമ്പറായ 04912526277, പൊലിസ് കണ്‍ട്രോള്‍ റൂം നമ്പറായ 100 എന്നിവിടങ്ങളില്‍ അറിയിക്കാവുന്നതാണ്.
50 ഗ്രാം കഞ്ചാവുമായി പിടിയില്‍
കൊല്ലങ്കോട്: 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ആലത്തുര്‍ മേലാര്‍കോട് തെക്കേത്തറ പുളിക്കോട് വീട്ടില്‍ മണികണ്ഠനെ(36)യാണ് അറസ്റ്റു ചെയ്തത്. തമിഴ്‌നാട്ടില്‍നിന്നും തൃശൂരിലേക്ക് വരികയായിരുന്ന ബസില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.
റെയ്ഡില്‍ അസി. എക്‌സൈസൈസ് ഇന്‍സ്‌പെക്ടര്‍ സുരേഷ്, പ്രിവന്റീവ് ഓഫിസര്‍ സുജീബ് റോയി, ഫ്രാന്‍സീസ്, സി.ഇ.ഒമാരായ ബാബു, രാധാകൃഷ്ണന്‍, ഡ്രൈവര്‍ മുജീബ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.
അതിര്‍ത്തി കടന്ന് കഞ്ചാവ് കടത്ത്; പരിശോധന സജീവമാക്കി എക്‌സൈസ്
വണ്ടിത്താവളം: അതിര്‍ത്തി കടന്നുള്ള കഞ്ചാവ് കടത്തിനെതിരേ റെയ്ഡ് സജീവമാക്കി എക്‌സൈസ്. പൊള്ളാച്ചി, പഴനി, മധുര, ദിണ്ടിങ്കല്‍ എന്നീ പ്രദേശങ്ങളില്‍നിന്നും ബൈക്ക് മുതല്‍ ബസുകളിലൂടെ വരെ കഞ്ചാവ് വ്യാപകമായി കടക്കുന്നതിനെതിരേയാണ് എക്‌സൈസ് വാഹനപരിശോധന ശക്തമാക്കിയത്.
മീനാക്ഷിപുരം, ഗോപാലപുരം, വണ്ടിത്താവളം, കൊല്ലങ്കോട്, ചെമ്മണാമ്പതി, ഗോവിന്ദാപുരം എന്നിവിടങ്ങളിലാണ് വാഹന പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ നാലു മാസങ്ങളിലായി 30ല്‍ അധികം കേസുകളിലായി 20 പ്രതികളെ പിടികൂടിയിരുന്നു. വിദ്യാര്‍ഥികളും യുവാക്കളെയും ലഹരി കടത്തിന് ഉപയോഗിക്കുന്നതിനെതിരേ വ്യാപകമായ പരിശോധനയാണ് നടക്കുന്നതെന്ന് കൊല്ലങ്കോട് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."