മൂലമറ്റം തൂക്കുപാലം അപകടാവസ്ഥയില്‍
കാഞ്ഞാര്‍: മൂലമറ്റം എ.കെ.ജി കോളനിക്കു സമീപമുള്ള തൂക്കുപാലം ഇരുമ്പുതൂണ്‍ തുരുമ്പെടുത്തതോടെ അപകടത്തില്‍.
മൂലമറ്റം ത്രിവേണീ സംഗമത്തിലെ തൂക്കുപാലമാണ് അപകടത്തിലായത്. നച്ചാര്‍, വലിയാര്‍ പവര്‍ ഹൗസിലെ വൈദ്യുതി ഉല്‍പാദനത്തിനു ശേഷം കനാല്‍ വഴി എത്തുന്ന ത്രിവേണീ സംഗമത്തിലുള്ള തൂക്കുപാലമാണ് അപകടാവസ്ഥയില്‍ ആയിരിക്കുന്നത്.
വൈദ്യുതി ബോര്‍ഡ് നിര്‍മിച്ച ഈ പാലത്തിന്റെ തൂണുകള്‍ തുരുമ്പെടുത്തു തകര്‍ന്ന നിലയിലാണ്.
ഏതു സമയത്തും ഇത് ഒടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു തൂക്കുപാലത്തിന്റെ ഇരുമ്പുവടം തുരുമ്പെടുത്തു നശിച്ചപ്പോള്‍ റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് പുതിയ ഇരുമ്പുവടം സ്ഥാപിച്ചിരുന്നു .
അതിനു ശേഷം പാലത്തിന്റെ ഇരുവശത്തും അറക്കുളം ഗ്രാമപഞ്ചായത്ത് കമ്പിവല സ്ഥാപിച്ചിരുന്നു. ഈ കമ്പിവല തുരുമ്പെടുത്തു നശിച്ചിരിക്കുകയാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇരുമ്പുവടം പൊട്ടി അപകടമുണ്ടായി.
കുട്ടികളടക്കം ഏഴുപേര്‍ അന്നു പുഴയില്‍ വീണ് ഒഴുക്കില്‍ പെട്ടിരുന്നു. ഈ സമയത്ത് പുഴയില്‍ കുളിച്ചിരുന്നവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. മണപ്പാടി, മൂന്നുങ്കവയല്‍, പുത്തേട് തുടങ്ങിയ പ്രദേശങ്ങളിലെ സ്‌കൂള്‍ കുട്ടികള്‍ അടക്കം നൂറു കണക്കിനാളുകള്‍ ദിവസേന ഈ വഴിയിലൂടെയാണു സഞ്ചരിക്കുന്നത്.
പാലം ഇപ്പോള്‍ അപകടത്തിലായിട്ട് നാളുകളായിട്ടും ജനപ്രതിനിധികളാരും തിരിഞ്ഞുനോക്കുന്നില്ലെന്നു പരാതിയുണ്ട്.
ഇവിടെ പുതിയപാലം പണിയാന്‍ പണമനുവദിച്ചതായി വര്‍ഷങ്ങളായി പറയുന്നെങ്കിലും ഇനിയും നടപടി ആയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."