കോണ്‍ഗ്രസ് സഹകരണ സൊസൈറ്റിയിലെ വെട്ടിപ്പ്; അന്വേഷണത്തിന് പൊലിസും
പയ്യന്നൂര്‍: കരിവെള്ളൂര്‍ ടൗണിലെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സോഷ്യല്‍ വര്‍ക്കേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ മുക്കുപണ്ടം പണയം വച്ച് കോടികള്‍ വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി. സൊസൈറ്റി സെക്രട്ടറിയുടെ പേരില്‍ സൊസൈറ്റി പ്രസിഡന്റാണ് കേസെടുത്തത്. കഴിഞ്ഞദിവസം രാവിലെ പത്തു മുതല്‍ തളിപ്പറമ്പ് സഹകരണ യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ എ. ഷൈനിയുടെ നേതൃത്വത്തിലുള്ള ഓഫിസര്‍മാര്‍ സൊസൈറ്റിയില്‍ നടത്തിയ പരിശോധന ഇന്നലെ പുലര്‍ച്ചെയാണ് അവസാനിച്ചത്. പരിശോധനയില്‍ മുക്കുപണ്ടം പണയപ്പെടുത്തി 2.98 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. പരിശോധനയ്ക്കിടെ ഓഫിസര്‍മാരെ കബളിപ്പിച്ച് സൊസൈറ്റി സെക്രട്ടറിയായ കെ.വി പ്രദീപ്(36) കടന്നുകളഞ്ഞു.
സൊസൈറ്റിയില്‍ ഒരു ജീവനക്കാരനെ മാത്രമാണ് നിയമിച്ചിരുന്നത്. രജിസ്റ്ററില്‍ 150 പേരുടെ പണയ ഉരുപ്പടികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 92 പേരുടെയും മുക്കുപണ്ടങ്ങളാണെന്ന് പരിശോധനാ സംഘം കണ്ടെത്തി. ഇതില്‍തന്നെ ആറു പേര്‍ പത്തില്‍ കൂടുതല്‍ തവണ പണയം വച്ചതായും കണ്ടെത്തിയിട്ടുണ്ട്. െ
സക്രട്ടറിയും സുഹൃത്തുക്കളായ മൂന്നുപേരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് വെട്ടിപ്പിനു പിന്നിലെന്ന് പൊലിസ് സംശയിക്കുന്നു. സംഭവമറിഞ്ഞ് സ്ത്രീകളടം നിരവധിപേരാണ് ഇന്നലെ രാവിലെ മുതല്‍ സൊസൈറ്റിയിലെത്തിയത്. ലക്ഷക്കണക്കിനു രൂപ സ്ഥിരനിക്ഷേപം ചെയ്തവരടക്കം വെട്ടിലായി. സി.ഐ എം.പി ആസാദിനാണ് അന്വേഷണ ചുമതല.
ഇന്നലെ ഉച്ചയോടെ സൊസൈറ്റിയിലും സെക്രട്ടറിയുടെ വീട്ടിലും പൊലിസ് പരിശോധന നടത്തി. കോണ്‍ഗ്രസ് നേതാവും അധ്യാപകനും പത്രപ്രവര്‍ത്തകനുമായ കരിവെള്ളൂര്‍ തെരു സ്വദേശി എ.വി ഗിരീശനാണ് സൊസൈറ്റി പ്രസിഡന്റ്.
നാലുവര്‍ഷം മുമ്പ് 250 അംഗങ്ങളെ ചേര്‍ത്ത് തുടങ്ങിയതാണ് സോഷ്യല്‍ വര്‍ക്കേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി. മൂന്ന് വര്‍ഷമായുള്ള വെട്ടിപ്പാണ് ഇപ്പോള്‍ പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."