ബിഹാറിനു പിന്നാലെ യു.പിയിലും ബി.ജെ.പിക്ക് തിരിച്ചടി: സഖ്യകക്ഷി അപ്നാ ദള്‍ അകലുന്നു
ലഖ്നൗ: ബിഹാറിനു പിന്നാലെ ഉത്തര്‍പ്രദേശിലും സഖ്യകക്ഷിയില്‍ നിന്ന് ബി.ജെ.പിക്ക് തിരിച്ചടി. യോഗി സര്‍ക്കാരില്‍ സഖ്യകക്ഷിയായ അപ്നാ ദള്‍ അകലുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ചെറുകക്ഷികള്‍ക്ക് പറയാനുള്ളതും കേള്‍ക്കണമെന്ന് അപ്നാ ദള്‍ അധ്യക്ഷന്‍ ആശിഷ് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേല്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിയില്‍ നിന്നു വിട്ടു നിന്നു.
ബിഹാറില്‍ മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി എന്‍.ഡി.എ വിട്ട് ഒരാഴ്ച പിന്നിടുന്നതിനിടെയാണ് യു.പിയിലും തിരിച്ചടി നേരിടുന്നത്.
ഡ്യോരിയ ജില്ലയില്‍ നടന്ന മെഡിക്കല്‍ കോളേജ് ഉദ്ഘാടനത്തില്‍ നിന്നാണ് അനുപ്രിയ പട്ടേല്‍ വിട്ടു നിന്നത്. കേന്ദ്ര ആരോഗ്യ സഹമന്ത്രി കൂടിയാണ് അനുപ്രിയ പട്ടേല്‍.
ചൊവ്വാഴ്ച്ച മുഖ്യമന്ത്രി പങ്കെടുത്ത സിദ്ധാര്‍ത്ഥ്നഗറിലെ പരിപാടിയിലും അനുപ്രിയ പങ്കെടുത്തിരുന്നില്ല. അനുപ്രിയയുടെ അസാന്നിധ്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ബി.ജെ.പിയും അപ്നാ ദളും പരസ്പര വിരുദ്ധമായാണ് പ്രതികരിച്ചത്. ഔദ്യോഗിക ക്ഷണം ഇല്ലാത്തത് കൊണ്ടാണ് അവര്‍ പങ്കെടുക്കാതിരുന്നതെന്നാണ് അപ്നാ ദള്‍ നേതാവ് അനുരാഗ് പട്ടേല്‍ പറഞ്ഞത്. എന്നാല്‍ എന്തുകൊണ്ടാണ് അനുപ്രിയ പങ്കെടുക്കാതിരുന്നതെന്ന് അറിയില്ലെന്നാണ് ബി.ജെ.പി പ്രതികരിച്ചത്.
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് ബി.ജെ.പി പാഠം പഠിക്കണം. ഞങ്ങളുടെ പാര്‍ട്ടിക്ക് ബി.ജെ.പി യുപി ഘടകം അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ല. എസ്.പി- ബി.എസ്.പി സഖ്യം എന്‍.ഡി.എയ്ക്ക് യു.പിയില്‍ വലിയ വെല്ലുവിളിയാണ്. ഞങ്ങള്‍ സഖ്യകക്ഷികള്‍ അസ്വസ്ഥരാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വം എന്തെങ്കിലും ചെയ്യണം. അല്ലെങ്കില്‍ യു.പിയില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും- അപ്നാ ദള്‍ നേതാവ് ആശിഷ് പട്ടേല്‍ പട്ടേല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."