നിര്‍ബന്ധമാക്കിയിട്ടും ഞങ്ങള്‍ക്കെന്തേ മലയാളമില്ല?
വോര്‍ക്കാടി: കേരളത്തിലായിട്ടും ഞങ്ങള്‍ക്കെന്തേ മലയാളം അന്യമാകുന്നതെന്ന് ഏറെ വിഷമത്തോടെ ചോദിക്കുകയാണ് മലയാളം നിര്‍ബന്ധമാക്കിയ മലയാള നാട്ടിലെ ഒരു പറ്റം വിദ്യാര്‍ഥികള്‍. ജില്ലയിലെ വടക്കേ അറ്റത്തുള്ള വോര്‍ക്കാടി പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് മലയാളം പഠിക്കാനുള്ള സാഹചര്യമില്ലാത്തത്.
മലയാളത്തെ സ്‌നേഹിക്കുന്ന വോര്‍ക്കാടി പഞ്ചായത്തിലെ ഭാഷാസ്‌നേഹികളും നാട്ടുകാരും തങ്ങളുടെ കുരുന്നു മക്കള്‍ക്കു മലയാളം വേണമെന്ന ആവശ്യവുമായി അധികൃതരുടെ വാതില്‍ മുട്ടാന്‍ തുടങ്ങിയിട്ട് ഒരു പാടു കാലങ്ങളായി. എന്നാല്‍ നാളിതു വരെയായി യാതൊരു നടപടിയുണ്ടായിട്ടില്ല. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്നവരുടെയും കാര്‍ഷിക വൃത്തിയില്‍ ഉപജീവനം നടത്തുന്നവരുമായ സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠനം നടത്തി വരുന്നത്.
കിലോമീറ്ററുകള്‍ സഞ്ചരിച്ച് മംഗല്‍പാടി, മഞ്ചേശ്വരം, പൈവളിഗെ തുടങ്ങിയ പഞ്ചായത്ത് പരിധികളില്‍ ചെന്നു വിദ്യാര്‍ഥികള്‍ക്കു മലയാളം പഠിക്കാമെന്ന് വച്ചാല്‍ തന്നെ ഗതാഗത സൗകര്യം തീര്‍ത്തും അപര്യാപ്തമാണ്. വോര്‍ക്കാടി പഞ്ചായത്തില്‍ ആകെ എട്ടു വിദ്യാലയങ്ങളാണുള്ളത്.അതില്‍ ബാക്രബയലിലെ എല്‍.പി സ്‌കൂള്‍ മാത്രമാണു സര്‍ക്കാര്‍ വിദ്യാലയം.
എയ്ഡഡ് മേഖലയില്‍ നാല് എല്‍.പി സ്‌കൂളും രണ്ടു യു.പിയും ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണുള്ളത്. ഇതിനു പുറമേ അഞ്ച് മള്‍ട്ടിഗ്രേഡ് ലേണിങ് സെന്ററുകളുമുണ്ട്. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഒട്ടനവധി തവണ ഗ്രാമ പഞ്ചായത്ത് പ്രമേയം പാസാക്കുകയും നിരവധി തവണ മാറി മാറി വന്ന സര്‍ക്കാറുകളിലെ മുഖ്യമന്ത്രിമാരെയും വകുപ്പു മന്ത്രിമാരേയും കണ്ടു നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മലയാളം നിര്‍ബന്ധമാക്കിയിട്ടും കന്നഡ ലോബിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഇതു നടക്കാതെ പോവുകയാണെന്നാണ് ആരോപണം.
ഇപ്പോള്‍ ബാക്രബയലിലെ ഒരു എയ്ഡഡ് യു.പി വിദ്യാലയത്തില്‍ അറബി, ഉറുദു ഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകനെ കൊണ്ടു മലയാളം പഠിപ്പിക്കുവാനുള്ള ശ്രമത്തിലാണു ബന്ധപ്പെട്ടവര്‍. എല്ലാ വിദ്യാലയങ്ങളിലും മലയാള പഠനം തുടങ്ങിയാലും ഇതു പഠിക്കാന്‍ ഭൂരിഭാഗം കുട്ടികളും തയാറാണെന്നന്നാണ് ഇവിടെത്തെ അധ്യാപകര്‍ പറയുന്നത്. വോര്‍ക്കാടി പഞ്ചായത്തിലെ പാവൂര്‍ വില്ലേജില്‍ പഞ്ചായത്തിന്റെ മൂന്നേക്കര്‍ ഭൂമിയില്‍ മലയാളവും കന്നഡയുമടക്കം പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാലയം വേണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ബോര്‍ഡ് തീരുമാനമെടുത്ത് സര്‍ക്കാറിനു നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്. ഇതിനായി വേണ്ടതെല്ലാം ചെയ്യുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."