രണ്ട് പാര്‍ട്ടികള്‍ എന്‍.ഡി.എ വിടാനൊരുങ്ങുന്നു
ലഖ്‌നൗ: ബിഹാറില്‍ ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍.എല്‍.എസ്.പി) എന്‍.ഡി.എ വിട്ടതിനു പിന്നാലെ ഉത്തര്‍പ്രദേശിലും രണ്ട് പാര്‍ട്ടികള്‍ മുന്നണി വിടാനൊരുങ്ങുന്നു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്നാ ദള്‍ (സോനെലാല്‍ വിഭാഗം), മന്ത്രി ഓംപ്രകാശ് രാജ്ബാറിന്റെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) എന്നിവയാണ് മുന്നണി വിടാനൊരുങ്ങുന്നത്. ഏതാനും ദിവസങ്ങളായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന ഈ രണ്ട് പാര്‍ട്ടികളും ഇന്നലെ നിലപാട് കടുപ്പിച്ച് വീണ്ടും രംഗത്തെത്തി. ബി.ജെ.പി നേതൃത്വം ഘടകകക്ഷികളെ മാനിക്കുന്നില്ലെന്നും അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്നുമുള്ള വിമര്‍ശനത്തോടെയാണ് ഇവര്‍ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചത്.
ഇന്നലെ ലഖ്‌നൗവില്‍ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ഓംപ്രകാശ് ബി.ജെ.പിക്കും മുഖ്യമന്ത്രി യോഗിക്കുമെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. പാവങ്ങള്‍ക്കും സമൂഹത്തിലെ ദുര്‍ബലര്‍ക്കും ആവശ്യമായ സഹായം നല്‍കാന്‍ തയാറാകാത്ത സര്‍ക്കാര്‍ അവരെ പൂര്‍ണായും അവഗണിക്കുകയാണെന്നും ആരോപിച്ചു. എസ്.പിയും ബി.എസ്.പിയും അവരുടെ ഭരണകാലത്ത് ഈ വിഭാഗം ജനങ്ങളോട് സൗമനസ്യത്തോടെയാണ് പെരുമാറിയിരുന്നത്. എന്നാല്‍ അത്തരമൊരു സമീപനമല്ല ഇപ്പോള്‍ യോഗി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ദുര്‍ബല വിഭാഗക്കാര്‍ക്കായി മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണെങ്കില്‍ താന്‍ അവര്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയാറാണെന്ന് ഓംപ്രകാശ് രാജ്ബാര്‍ പറഞ്ഞു.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയിട്ടില്ലെങ്കില്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റുകളിലും ബിഹാറിലെ 16 സീറ്റുകളിലും എസ്.ബി.എസ്.പി തനിച്ച് മത്സരിക്കുമെന്ന് ഓംപ്രകാശ് രാജ്ബാര്‍ പറഞ്ഞു. ഈ മാസം 29ന് ഖാസിപൂരില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് പറഞ്ഞ രാജ്ബാര്‍, ഇക്കാര്യത്തില്‍ ബി.ജെ.പി സ്വീകരിച്ച നിലപാടിനോട് കടുത്ത വിയോജിപ്പുണ്ടെന്നും വ്യക്തമാക്കി.
ഘടകകക്ഷികളോട് മാന്യമായി പെരുമാറാന്‍ ബി.ജെ.പി തയാറാകുന്നില്ലെന്ന ആക്ഷേപമുന്നയിച്ച അപ്നാ ദള്‍ (സോനെലാല്‍ വിഭാഗം) ദേശീയ അധ്യക്ഷന്‍ ആഷിഷ് സിങ് പട്ടേല്‍, ഇത് എന്‍.ഡി.എക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മിര്‍സാപൂരില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ആഷിഷ് സിങ് പട്ടേലിന്റെ ഭാര്യയും കേന്ദ്ര ആരോഗ്യ സഹമന്ത്രിയുമായ അനുപ്രിയ പട്ടേലിന്റെ ഓഫിസില്‍ വച്ചായിരുന്നു അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്. മോദിതന്നെ അടുത്ത തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രിയായി വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അതിന് ബി.ജെ.പിയും ഘടകകക്ഷികളോട് മാന്യമായ രീതിയില്‍ പെരുമാറാന്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."