അനൈക്യമുണ്ടാക്കുന്ന മുള്ളുവേലി
എ.പി അബ്ദുല്ലക്കുട്ടി
9496666666#
മതിലിനു ശബ്ദതാരാവലി നല്‍കുന്ന അര്‍ഥം ഇങ്ങനെയാണ്: 'രണ്ടായി വേര്‍തിരിക്കുന്നതെന്തോ അതിനെയാണ് മതിലെന്നു വിളിക്കുക.' ഇവിടെ, പിണറായി സര്‍ക്കാരിന്റെ ശബരിമല നിലപാടും വനിതാമതിലുമെല്ലാം കേരളത്തിലെ ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ പല തട്ടിലാക്കിയിരിക്കുകയാണ്. വെറുപ്പിന്റെയും അനൈക്യത്തിന്റെയും മുള്ളുവേലികളാണ് പൊതുഖജനാവില്‍ നിന്നു കോടികള്‍ ചെലവാക്കി സര്‍ക്കാര്‍ പണിയുന്നത്.
പണ്ട്, വിദ്യാര്‍ഥി പ്രവര്‍ത്തകനായിരുന്ന കാലത്ത് തൊണ്ട പൊട്ടുമാറുച്ചത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ വാക്കുകള്‍ പ്രസംഗിച്ചു നടന്നത് ഓര്‍ത്തുപോയി.
'അതിര്‍ത്തിയില്‍ അസ്ഥികള്‍ കൊണ്ടു വേലി കെട്ടാത്ത ലോകമാണെന്റെ സ്വപനം!'
ഇത്തരം സ്വപ്നങ്ങളുടെ ആരാച്ചാരാവുകയാണോ ഇരട്ടച്ചങ്കുള്ളയാള്‍? പിണറായിയുടെ ദര്‍ശനം മനുഷ്യമനസില്‍ വേലികെട്ടി മറയ്ക്കാത്ത ലോകമല്ല, വര്‍ഗീയതയുടെ വിഷം പുരട്ടിയ മുള്ളുകമ്പികള്‍ കൊണ്ട് ആളുകളെ ഭിന്നിപ്പിച്ചു നിര്‍ത്തലാണ് പിണറായിയുടെ പദ്ധതി. ശബരിമലയില്‍ താഴ്ന്ന ജാതിക്കാരും ഉയര്‍ന്ന ജാതിക്കാരും തമ്മിലുള്ള വര്‍ഗസമരമാണു നടക്കുന്നതെന്നു പറഞ്ഞു ഫലിപ്പിച്ച് ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ മതിലു കെട്ടി ഭിന്നിപ്പിച്ചു കേരളത്തിന്റെ അധികാരക്കസേര നിലനിര്‍ത്തുകയെന്ന ഏക അജന്‍ഡ മാത്രമേ അദ്ദേഹത്തിനുള്ളൂ.
ഇതു സാധ്യമാകുമോ? പിണറായിയുടെ വനിതാമതിലിനു നവോത്ഥാന സമരമെന്നു പേരിട്ടാല്‍ അതു കോങ്കണ്ണിക്കു മീനാക്ഷിയെന്നു പേരിട്ടതുപോലെയാകും. പണ്ട് ഇ.എം. എസ് ഭരണവും സമരവും എന്ന ശൈലി സ്വീകരിച്ചിരുന്നു. നായനാരും വി.എസും അതേ മാര്‍ഗം പിന്തുടര്‍ന്നു. ആ സമരങ്ങള്‍ മിക്കതും കേന്ദ്രവിരുദ്ധ സമരങ്ങളായിരുന്നു. ഒരു നയാപൈസ പോലും അവരുടെ കാലത്ത് ഈ സമരം നടത്താന്‍ പൊതുഖജനാവില്‍ നിന്ന് എടുത്തിട്ടില്ല.
പിണറായി ഭരണവും സമരവും എന്ന നയം സ്വീകരിച്ചിട്ടുണ്ടോ എന്നറിയില്ല. ഏതായാലും ഒരു കാര്യം ഉറപ്പിച്ചുപറയാം, അദ്ദേഹം മോദി ഭരിക്കുന്ന കേന്ദ്രത്തിനെതിരേ ഒരു പോരാട്ടത്തിനും തയാറല്ല, ഇന്നുവരെ അത്തരമൊരു സമരത്തിന് അദ്ദേഹം തുനിഞ്ഞിട്ടില്ല. ഇനി തുനിയാനും സാധ്യതയില്ല.
'വിനാശകാലേ വിപരീതബുദ്ധി' എന്ന മട്ടില്‍ കോണ്‍ഗ്രസ് വിരോധവും ദൈവ വിരോധവും മാത്രം സമരായുധമാക്കുന്ന വിചിത്ര കമ്യൂണിസ്റ്റ് നേതാവാണു പിണറായി വിജയന്‍. ആക്ടിവിസ്റ്റുകളുടെയും ദൈവ നിഷേധികളുടെയും ആചാര്യനാണിന്നു പിണറായി. അവര്‍ക്ക് അദ്ദേഹം അക്ഷരാര്‍ഥത്തില്‍ വീരപുരുഷനാണ്. പക്ഷെ, വൈകാതെ അവരെയും നിരാശപ്പെടുത്തുമെന്നാണു തോന്നുന്നത്.
50 കോടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവാക്കിയാണു വനിതാമതില്‍ മാമാങ്കം നടത്തുന്നത്. അയ്യപ്പ വിശ്വാസികള്‍ക്കെതിരേ എന്ന മുദ്രാവാക്യം ഒഴിവാക്കി മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും വിലക്കയറ്റ ദുരിതത്തിനുമെതിരേ എന്ന മുദ്രാവാക്യവുമായാണു സമരമെങ്കില്‍ ഈ സമരത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
വനിതാമതില്‍ രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരാണെന്ന് ഈ അവസാഘട്ടത്തിലെങ്കിലും പ്രഖ്യാപിച്ചാല്‍ മാത്രം മതി, ഞങ്ങളും സഹകരിക്കാന്‍ തയാറാണ്. ഇന്നത്തെ സ്ഥിതിയില്‍ ഒരൊറ്റ ഉറച്ച അയ്യപ്പ വിശ്വാസിയും ഈ മതിലില്‍ പങ്കെടുക്കുമെന്നു തോന്നുന്നില്ല. കാരണം പൊതുവെ ദൈവകോപ ഭയമുള്ളവരാണു ഭക്തജനങ്ങള്‍.
മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇന്നത്തെ വര്‍ത്തമാന കേരള രാഷ്ട്രീയത്തിലെ തര്‍ക്കം ഈശ്വര വിശ്വാസികളും നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാരും തമ്മിലുള്ളതു മാത്രമാണ്.
വാല്‍കഷ്ണം:
ജിദ്ദയില്‍ ചെന്നിട്ടും കഅ്ബ കാണാതെ തിരിച്ചു വന്ന ഒരു മുസ്‌ലിമേ ലോക ചരിത്രത്തിലുള്ളൂ, അത് എളമരം കരീം സഖാവാണ്...
ഇക്കുറി, തുലാമാസ പൂജയ്ക്കു ശബരിമല നടതുറന്നപ്പോള്‍ മുന്നിലുണ്ടായിട്ടും കൈതൊഴാതെ നിന്ന ഒരൊറ്റയാളേയുള്ളൂ, അതു കടകംപള്ളി സുരേന്ദ്രന്‍ സഖാവാണ്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."