കൃഷിയുടെ സന്ദേശം ഉയര്‍ത്തി വിദേശിയായ ഡേവിസ് ആത്വെയുടെ കാല്‍നടയാത്ര തുടരുന്നു
എരുമപ്പെട്ടി: സുസ്ഥിര കൃഷിയുടെ സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് ഇന്ത്യയില്‍ കാല്‍നട യാത്ര നടത്തി വ്യത്യസ്തനാവുകയാണ് വിദേശിയായ ഡേവിസ് ആത്വെ. തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്നും പഞ്ചാബിലെ അമൃത് സര്‍ വരെ 6000 കി.മീ ദൂരം കാല്‍നടയാത്ര നടത്തിയാണ് ഇന്ത്യയില്‍ ഡേവിഡ് തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ കുടുംബാംഗങ്ങളെ നേരിട്ട് സന്ദര്‍ശിച്ച് അവരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായവില നല്‍കി സഹായിക്കുകയെന്നതാണ് ഡേവിഡിന്റെ യാത്രാ ലക്ഷ്യം. ഇതിനായി രൂപം കൊടുത്തിട്ടുള്ള വോക്ക് ഓഫ് ഇന്ത്യ എന്ന അന്താരാഷ്ട്ര സംഘടനയിലെ അംഗങ്ങളും യു.കെക്കാരനായ ഡേവിഡിനൊപ്പമുണ്ട്. പഞ്ചാബി സ്വദേശികളായ ജസ്വിന്‍സിങ്ങ്, ബഹാദൂര്‍ എന്നിവരാണ് ഡേവിസിന്റെ സന്ദേശ യാത്രയിലെ പങ്കാളികള്‍. കാല്‍നടയാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 10 മാസം സമയമെടുക്കുമെന്നാണ് ഇവരുടെ നിഗമനം.നിരവധി ലോക റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ സംഘാംഗങ്ങള്‍ കേരളത്തിന്റെ പ്രകൃതി ഭംഗിയെ വാനോളമാണ് പുകഴ്ത്തുന്നത്. യാത്രാമദ്ധ്യേ എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച് സംഘം വിലയിരുത്തി. കര്‍ഷക കുടുംബങ്ങളിലെ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള സന്ദേശം പ്രചരിപ്പിക്കുന്നതോടൊപ്പം സന്തോഷത്തിന്റെ പുഞ്ചിരി സമ്മാനിച്ചുകൊണ്ടാണ് ഡേവിഡും സംഘവും യാത്ര തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."