ട്രൈബ്യൂണല്‍ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീലിന്
തിരുവനന്തപുരം: എ.ആര്‍ ക്യാംപിലെ പൊലിസുകാര്‍ക്ക് മുന്‍പുള്ള രീതിയില്‍ അന്യജില്ലകളിലേക്ക് സ്ഥലം മാറ്റവും പ്രമോഷനും നല്‍കണമെന്ന അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവ് മറികടക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എ.ജിയുടെ നിയമോപദേശം തേടി.
280ഓളം പൊലിസുകാരാണ് പ്രമോഷനും സ്ഥലം മാറ്റവുമില്ലാതെ സംസ്ഥാനത്തെ വിവിധ എ.ആര്‍ ക്യാംപുകളിലുള്ളത്. ഇതിനു മുന്‍പ് അപേക്ഷിച്ചവര്‍ക്കു മാത്രം എ.ആറില്‍നിന്നും എ.ആറിലേക്ക് അന്തര്‍ജില്ലാ സ്ഥലംമാറ്റം നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
അഞ്ചുവര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കാത്തവര്‍ക്ക് അന്തര്‍ ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നിരിക്കേ 2005 മുതല്‍ 2009 വരെ സര്‍വിസില്‍ കയറി എ.ആര്‍ ക്യാംപ് സന്നദ്ധത നല്‍കിയവര്‍ക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാന്‍ പോലുമാകാതെയായി.
ഇതിനെതിരേ പൊലിസുകാര്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ച് കഴിഞ്ഞ ഒക്ടോബര്‍ പത്തിന് അനുകൂല വിധി നേടി. പക്ഷേ, കേസിനു പോയവരുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ വിധി അട്ടിമറിക്കാന്‍ പൊലിസ് ആസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥനും ആഭ്യന്തര വകുപ്പിലെ കെ വിഭാഗവും ചേര്‍ന്ന് ശ്രമിക്കുകയാണെന്നാണ് ആരോപണം.
ഇതിന്റെ ഭാഗമായി പൊലിസുകാര്‍ക്ക് ലഭിച്ച വിധിക്കെതിരേ അപ്പീല്‍ പോകുന്നതിനുള്ള നിയമസാധ്യതയെപ്പറ്റി എ.ജിയോട് സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുകയാണ്. 2005 മുതല്‍ 2009 വരെയുള്ള കാലയളവിനു ശേഷം പൊലിസില്‍ പ്രവേശിച്ചവരെയെല്ലാം ലോക്കല്‍ സ്റ്റേഷനുകളിലേക്ക് നിയോഗിക്കുകയും സ്ഥലംമാറ്റവും പ്രമോഷനും നല്‍കുകയും ചെയ്യുന്നുണ്ട്. ഇനി ലോക്കലിലേക്ക് മാറ്റവും പ്രമോഷനും ലഭിക്കുകയാണെങ്കില്‍ തന്നെ തങ്ങള്‍ക്കു ശേഷം വന്നവരുടെ കീഴിലായിരിക്കും എ.ആര്‍ ക്യാംപുകളിലുള്ള പൊലിസുകാരുടെ സ്ഥാനം.
ലോക്കല്‍ സ്റ്റേഷനുകളിലേക്ക് മാറ്റി മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിനുള്ള അവസരവും ഇവര്‍ക്ക് നിഷേധിക്കപ്പെടുകയാണ്.
എ.ആറില്‍ കുടുങ്ങിയ പൊലിസുകാരുടെ ന്യായമായ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ അഡ്മിനിസ്‌ട്രേറ്റിന് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിട്ടും അതിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."