ഐ.എന്‍.എല്‍ കാത്തിരുന്നത് കാല്‍ നൂറ്റാണ്ട്
കെ. ജംഷാദ്#
കോഴിക്കോട്: സാമുദായിക പാര്‍ട്ടികളെ അടുപ്പിക്കില്ലെന്ന ഇടതു മുന്നണിയുടെ കര്‍ക്കശ നിലപാടാണ് മുസ്‌ലിം ലീഗ് വിട്ട് രൂപീകരിച്ച ഇന്ത്യന്‍ നാഷനല്‍ ലീഗിന് (ഐ.എന്‍.എല്‍) ആ പേരുവരാന്‍ കാരണം. എന്നിട്ടും കാല്‍ നൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു, സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷം പ്രവേശനത്തിനുള്ള പച്ചക്കൊടി കാണിക്കാന്‍.
മുസ്‌ലിം ലീഗിനോടുള്ള കടുത്ത എതിര്‍പ്പ് മൂലം തുടക്കം മുതല്‍ ഇടതുപക്ഷത്ത് നിലയുറപ്പിച്ചിട്ടും പക്ഷേ, മുന്നണി പ്രവേശനം മാത്രം കീറാമുട്ടിയായി. ലീഗ് വിട്ട ശേഷം ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഖാഇദെ മില്ലത്ത് കള്‍ച്ചറല്‍ ഫോറം എന്ന പേരിലാണ് ആദ്യം ഐ.എല്‍.എല്‍ പിറവികൊണ്ടത്.
എന്നാല്‍ ഇടതുമുന്നണിയിലേക്കുള്ള ഇവരുടെ പ്രതീക്ഷക്ക് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സി.പി.എം നേതാക്കളുടെ നിലപാട് തടസമായി. സാമുദായിക പാര്‍ട്ടികളെ മുന്നണിയിലേക്ക് പ്രവേശിപ്പിക്കില്ലെന്നായിരുന്നു ആ നിലപാട്. തുടര്‍ന്നാണ് ഇന്ത്യന്‍ നാഷനല്‍ ലീഗ് എന്ന പേര് സ്വീകരിക്കുന്നത്.
ഇടതുമുന്നണിയുമായി തുടക്കം മുതല്‍ പിന്തുണ നല്‍കി സഹകരിച്ചെങ്കിലും ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ഐ.എന്‍.എല്ലിനെ തഴഞ്ഞതോടെ കല്ലുകടിയായി. മുന്നണി പ്രവേശനം തലവേദനയായതോടെയും സുലൈമാന്‍ സേഠിന്റെ നിര്യാണത്തോടെയും ഐ.എന്‍.എല്‍ രൂപീകരണ വേളയില്‍ ഉണ്ടായിരുന്ന ജാഫര്‍ അത്തോളി, ശാഫി ചാലിയം തുടങ്ങിയ നേതാക്കള്‍ മുസ്‌ലിം ലീഗിലേക്ക് മടങ്ങി. രണ്ടാം നിര നേതാവായ പി.എം.എ സലാം ഇടതുമുന്നണി ഭരണകാലത്ത് എം.എല്‍.എ ആയെങ്കിലും പിന്നീട് മുസ്‌ലിം ലീഗിലേക്ക് മടങ്ങി. സാമുദായിക പാര്‍ട്ടിയാണെന്ന് ഇടത് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും ആരോപിച്ചതാണ് ഐ.എന്‍.എല്ലിന് മുന്നണി പ്രവേശനത്തിന് ഇത്രയേറെ കാലം കാത്തിരിക്കേണ്ടി വന്നത്. എന്നിട്ടും നിലപാടുകളില്‍ ഉറച്ചുനിന്ന ഐ.എന്‍.എല്‍, പ്രതാപ കാലം അവസാനിച്ച ശേഷമാണ് ഇപ്പോള്‍ മുന്നണിയിലെത്തുന്നത്.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ടും കോണ്‍ഗ്രസ് ചേരിയില്‍ നിലയുറപ്പിച്ച മുസ്‌ലിം ലീഗ് നിലപാടിനോടുള്ള പ്രതിഷേധത്തില്‍ നിന്നാണ് ഐ.എന്‍.എല്ലിന്റെ പിറവി. ഇബ്രാഹിം സുലൈമാന്‍ സേട്ട് എന്ന ദേശീയ നേതാവിന്റെ നേതൃത്വത്തില്‍ ലീഗ് പിളര്‍ത്തി ഇന്ത്യന്‍ നാഷനല്‍ ലീഗ് രൂപീകരിച്ചത് 1994ലാണ്. പേരില്‍ നിന്ന് മുസ്‌ലിം ബന്ധം ഒഴിവാക്കിയ ഐ.എന്‍.എല്‍ ഇടതുമുന്നണിക്ക് ഇണങ്ങുംവിധം ഭരണഘടനയും ഉണ്ടാക്കിയിരുന്നു. ലീഗില്‍ നിന്ന് ഐ.എന്‍.എല്ലിനെ പിളര്‍ത്താന്‍ ചൂടുപകര്‍ന്ന സി.പി.എം, ഐ.എന്‍.എല്ലിന് തണലൊരുക്കുന്നത് കാല്‍നൂറ്റാണ്ടിനു ശേഷം.
സാമുദായിക പാര്‍ട്ടി എന്ന ലേബല്‍ മാറാതെ ഐ.എന്‍.എല്‍ പടിക്കുപുറത്ത് നിന്നപ്പോഴും ബി.ജെ.പിയില്‍നിന്ന് പിളര്‍ന്നവരും എന്‍.ഡി.എ മന്ത്രിസഭയില്‍ അംഗമായവരും വരെ ഇക്കാലത്തിനിടെ ഇടതുമുന്നണിയില്‍ വന്നുപോയത് ഐ.എന്‍.എല്ലിനെ നിരാശപ്പെടുത്തിയിരുന്നു.
കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇത്രയേറെ കാലം മുന്നണി പ്രവേശനത്തിനായി കാത്തിരിക്കേണ്ടി വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിലെ ബദല്‍ പ്രതീക്ഷയാകാന്‍ രംഗത്തുവന്ന ഐ.എന്‍.എല്‍ ഇടതുമുന്നണിയിലേക്ക് എത്തുമ്പോഴും പഴയ പ്രതാപമോ പകിട്ടോ ഇല്ലെന്ന ദുഃഖമാണ് ശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."