ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തതിനാല്‍ -കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ കയറ്റാത്തത് സര്‍ക്കാരിന് താല്‍പര്യമില്ലാത്തതിനാലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അങ്ങനെ എന്തെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ അത് നടപ്പില്‍ വരുത്താന്‍ ശക്തിയില്ലാത്ത സര്‍ക്കാരല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതി വിധി നിലനില്‍ക്കുന്നിടത്തോളം കാലം യുവതികള്‍ക്ക് ശബരിമലയില്‍ വരാനുള്ള അവകാശമുണ്ട്. അത്‌കൊണ്ട് തന്നെ ഇനിയും യുവതികള്‍ ശബരിമലയിലേക്ക് വരില്ലെന്ന് പൂര്‍ണ്ണമായി പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു.
ആക്റ്റിവിസ്റ്റുകള്‍ക്ക് പ്രവര്‍ത്തന മികവ് കാണിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും, ശബരിമലയില്‍ ഭക്തരുടെ വരവു കുറയാന്‍ കാരണം അക്രമവും നുണ പ്രചരണവുമാണ് കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി.
വളരെ മെച്ചപ്പെട്ട സംവിധാനം ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് ഒരുക്കി കൊടുക്കാന്‍ സാധിച്ചു. ധര്‍മ്മശാസ്താവിനെ ദര്‍ശിക്കാനെത്തിയ ഒരാളില്‍ നിന്നും ഒരു തരത്തിലുള്ള പരാതിയും ഉയര്‍ന്നുവന്നില്ല. പ്രളയമുണ്ടായതിനെ തുടര്‍ന്ന് അടിസ്ഥാന സൗകര്യങ്ങളില്‍ പരാതികളില്‍ ഉയരാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ സീസണേക്കാള്‍ ഇത്തവണ ഭക്തരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു. ചരിത്രത്തിലില്ലാത്ത പ്രതിസന്ധി നേരിട്ടാണ് ഇത്തവണ മണ്ഡലകാലം പൂര്‍ത്തിയാകുന്നത്. ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. വരുമാനത്തിലും കുറവുണ്ടായി. പ്രധാന ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും അക്രമപ്രവര്‍ത്തനങ്ങള്‍ നടന്നതാണ് ഭക്തരുടെ ഒഴുക്കിനെ ബാധിച്ചത്. ശബരിമലയില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും കാണിക്ക ഇടരുതെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക നുണപ്രചാരണം നടത്തി. ഇതെല്ലാം ശബരിമല തീര്‍ത്ഥാടനകാലത്തെ ബാധിച്ചെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എടുത്ത തെറ്റായ നിലപാടാണ് ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. വളരെ ബോധപൂര്‍വ്വം കുറേ ദിവസങ്ങള്‍ തങ്ങളുടെ സംഘര്‍ഷ കേന്ദ്രമാക്കി ശബരിമലയെ നില നിര്‍ത്താന്‍ അവര്‍ ശ്രമിച്ചു. തെറ്റായ നിലപാടാണ് തങ്ങളെടുത്തതെന്ന വൈകി വന്ന ബോധ്യം കൊണ്ടാണ് പിന്നീട് സമര കേന്ദ്രം ശബരിമലയില്‍ നിന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാന്‍ അവരെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."