സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിന്റെ പേരില്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം
ഇരിങ്ങാലക്കുട: നഗരസഭയില്‍ നടന്ന സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തിന്റെ പേരില്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. നാലുമാസത്തെ പെന്‍ഷന്‍ നല്‍കാമെന്ന രസീത് ഒപ്പിട്ടുവാങ്ങി ഒരുമാസത്തെ മാത്രം പെന്‍ഷന്‍ നല്‍കിയിരിക്കുകയാണെന്നും ഇത് 700ഓളം പേരെ ബാധിച്ചുവെന്നും വിഷയം സാമൂഹ്യക്ഷേമ വകുപ്പിന്റേയും സര്‍ക്കാരിന്റേയും ശ്രദ്ധയില്‍പ്പെടുത്തണമെന്നും യോഗാരംഭത്തില്‍ ബി.ജെ.പി അംഗം സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി വിഷയത്തില്‍ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും നല്‍കാമെന്നു പറഞ്ഞ മുഴുവന്‍ പെന്‍ഷനും വിതരണം ചെയ്യുമെന്നും എല്‍.ഡി.എഫ് അംഗം സി.സി ഷിബിന്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിനു തെറ്റുപറ്റിയെന്ന് ഭരണകക്ഷി അംഗം എം.ആര്‍ ഷാജുവും ഒരു മാസത്തെ പെന്‍ഷന്‍ മാത്രം നല്‍കുമെന്നു പറഞ്ഞാല്‍ മതിയായിരുന്നെന്നു മറ്റു ഭരണകക്ഷി അംഗങ്ങളും ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന് തെറ്റുപറ്റിയിട്ടില്ലെന്നു വാദിച്ച് എല്‍.ഡി.എഫ് അംഗങ്ങളും എഴുന്നേറ്റതോടെ യോഗം ബഹളത്തില്‍ മുങ്ങി. പെന്‍ഷന്‍ ലഭിച്ചതില്‍ എല്ലാവരും ആഹ്ലാദത്തിലാണെന്നും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാകാം മൂന്നുമാസത്തെ പെന്‍ഷന്‍ നല്‍കാതിരുന്നതിന് കാരണമെന്ന് ജനറല്‍ സൂപ്രണ്ട് അനിത വിശദീകരിച്ചെങ്കിലും അംഗങ്ങള്‍ തൃപ്തരായില്ല. യോഗത്തില്‍ ചെയര്‍പേഴ്‌സന്‍ തന്നെ വിശദീകരണം നല്‍കണമെന്ന് ബഹളങ്ങള്‍ക്കിടയില്‍ എല്‍.ഡി.എഫ്. അംഗങ്ങള്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ടെന്നും ജനപ്രതിനിധികളാണ് ഇതിന് മറുപടി പറയേണ്ടിവരുന്നതെന്നും വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു. കണ്ടിജന്‍സി ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ നഗരസഭ കാലതാമസം വരുത്തിയിട്ടില്ലെന്ന് ചെയര്‍പേഴ്‌സന്‍ അറിയിച്ചു.
എം.എല്‍.എ ഫണ്ടുപയോഗിച്ച് അഞ്ചാം വാര്‍ഡില്‍ നടത്തേണ്ട അങ്ങാടിക്കുളം നവീകരണ പ്രവൃത്തിയും 38-ാം വാര്‍ഡില്‍ വാതില്‍മാടം കോളനി ഭിത്തി സംരക്ഷണ പ്രവൃത്തിയും സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് നീണ്ടുപോയതെന്ന് യോഗത്തില്‍ എന്‍ജിനീയറിങ്ങ് വിഭാഗം വിശദീകരിച്ചു. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച വിശദീകരണം എല്‍.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അറവുശാലയില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മാണം സംബന്ധിച്ച് രണ്ടുതവണ ടെന്‍ഡര്‍ വിളിച്ചിട്ടും ആരും എടുത്തില്ലെന്ന് ഇതുസംബന്ധിച്ച വാര്‍ഡ് കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്റെ ചോദ്യത്തിന് മറുപടിയായി സെക്രട്ടറി വിശദീകരിച്ചു. വികസന സെമിനാറില്‍ നിന്നും സി.പി.ഐ അംഗങ്ങളെ ഒഴിവാക്കിയ നടപടിയില്‍ സി.പി.ഐ അംഗം എം.സി രമണന്‍ പ്രതിഷേധിച്ചു. യോഗത്തില്‍ ചെയര്‍പേഴ്‌സന്‍ നിമ്യാഷിജു അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."