കനാലുകള്‍ നശിക്കുന്നു: ചോരുന്നത് കോടികള്‍
ബിനുമാധവന്‍#
നെയ്യാറ്റിന്‍കര: കര്‍ഷകര്‍ക്ക് കൃഷിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കിലുടനീളം പണികഴിപ്പിച്ച കനാലുകള്‍ എല്ലാം നാശത്തിന്റെ വക്കില്‍. 1956-ല്‍ നെയ്യാര്‍ ഡാം കമ്മിഷന്‍ ചെയ്തതിന് ശേഷമാണ് ഈ കനാലുകളുടെ നിര്‍മാണവും നടത്തിയത്.
നെയ്യാറ്റിന്‍കര , വിളവന്‍കോട് താലൂക്കുകളില്‍ മുന്‍കാലത്ത് കൃഷി സമൃദ്ധമായി നടന്നിരുന്നതിന് പ്രധാന കാരണം ഈ ഇറിഗേഷന്‍ കനാലുകളും അക്വഡക്ടുകളുമായിരുന്നു. എന്നാല്‍ ഇന്ന് ഈ കനാലുകള്‍ എല്ലാം തന്നെ കുപ്പതൊട്ടി മാറുകയാണുണ്ടായത്. ഇതു മൂലം താലൂക്കില്‍ കനാല്‍ കടന്നു പോകുന്ന പ്രദേശങ്ങള്‍ ഏറെയും പകര്‍ച്ച പനി , എലിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളുടെ പിടിയിലാണ്. കോടികള്‍ മുടക്കി നിര്‍മിച്ച ഇറിഗേഷന്‍ കനാലുകളും അക്വ ഡക്ടുകളും ഉപയോഗ ശൂന്യമായതോടെ താലൂക്കിലെ കൃഷി ഒന്നാകെ നശിക്കുകയാണുണ്ടായത്.
നെയ്യാര്‍ഡാമില്‍ നിന്നും മുന്‍കാലങ്ങളില്‍ സ്ഥിരമായി കൃഷിക്ക് ആവശ്യമായ ജലം തുറന്ന് വിടാറുണ്ടായിരുന്നു. ഇതുമൂലം സമീപത്തുള്ള കിണറുകളിലും കുളങ്ങളിലും ജലാശയങ്ങളിലും ജലം സമൃദ്ധമായിരുന്നു. താലൂക്കിലെ ചെങ്കല്‍, പള്ളിച്ചല്‍ , മറുകില്‍ , വ്‌ളാത്താങ്കര പ്രദേശങ്ങളില്‍ കൃഷി ചെയ്തിരുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ വ്യാപാരികള്‍ എത്തിയിരുന്നു.
എന്നാല്‍ നെയ്യാറിലെ ജലം കനാല്‍ മാര്‍ഗം ലഭ്യമല്ലാതായതോടെ പച്ചക്കറി , വാഴ , മരച്ചീനി തുടങ്ങിയ കൃഷി കര്‍ഷകര്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുകയാണുണ്ടായത്.
നെയ്യാര്‍ ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍ നോട്ടത്തിലാണ് കനാലുകളുടെ അറ്റകുറ്റപ്പണികള്‍ വര്‍ഷം തോറും നടത്തി വന്നിരുന്നത്. എന്നാല്‍ അധികൃതര്‍ ആ നടപടി ഉപേക്ഷിക്കുകയും ഇപ്പോള്‍ അറ്റകുറ്റപ്പണികള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നല്‍കുകയുമാണുണ്ടായത്. ഇതോടുകൂടി കനാലുകള്‍ നാശത്തിന്റെ വക്കില്‍ എത്തിച്ചേര്‍ന്നതായി കര്‍ഷകര്‍ പറയുന്നു.
കനാലുകളിലെ മണ്ണ് പൂര്‍ണമായി മാറ്റാതെയുള്ള വര്‍ഷങ്ങള്‍ കൊണ്ടുള്ള പണിയില്‍ കനാലുകള്‍ ഭാഗീകമായി മൂടപ്പെടുകയാണുണ്ടായത്. നെയ്യാറില്‍ നിന്നും കനാലുകളില്‍ വെള്ളം എത്തിക്കാന്‍ കഴിയാത്തതിന് പ്രധാന കാരണവും ഇതു തന്നെയാണ്. സര്‍ക്കാരിന് ഈ ഇനത്തില്‍ നഷ്ടമാകുന്നത് കോടികള്‍.
കനാലുകളിലെ ജലമൊഴുക്കിന്റെ വിതാനം നിലനിര്‍ത്തുന്നതിനാണ് ഭൂമിയ്ക്ക് മുകളിലൂടെ പോകുന്ന കോണ്‍ക്രീറ്റ് അക്വഡക്ടുകള്‍ നിര്‍മിച്ചത്. ഇപ്പോള്‍ ഈ അക്വഡക്ടുകള്‍ എല്ലാം തന്നെ മാലിന്യം നിറഞ്ഞു കഴിഞ്ഞു. നിലവില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ അഞ്ച് അക്വഡക്ടുകളാണുള്ളത്.
നെയ്യാറ്റിന്‍കയിലെ തിരുപുറം , അമരവിള തുടങ്ങിയ ഏലാകളില്‍ കൃഷിക്ക് ആവശ്യമായ ജലം എത്തിച്ചിരുന്ന ഇടതുകര-വലതുകര കനാലുകളുടെ അവസ്ഥയും മറ്റൊന്നല്ല. എല്ലാം കാടു കയറി മാലിന്യ വാഹികളായി മാറിയിരിക്കുകയാണ്. ഇടതുകര കനാലിന്റെ ദൈര്‍ഘ്യം 44 കിലോ മീറ്ററാണ്. വലതുകര കനാലിന്റെ ദൈര്‍ഘ്യം 34 കിലോ മീറ്ററും. താലൂക്കിലെ അത്താഴമംഗലം , ശാസ്താന്തല , മാരായമുട്ടം പ്രദേശങ്ങളിലായി നിരവധി അക്വഡക്ടുകളാണ് നിര്‍മിച്ചിരിക്കുന്നത്.
പള്ളിച്ചല്‍ പഞ്ചായത്തിലെ നരുവാമൂട് , പള്ളിച്ചല്‍ , ചുരത്തൂര്‍കോണം തുടങ്ങീ പല സ്ഥലങ്ങളിലും സമീപവാസികള്‍ കനാലിനെ വേസ്റ്റ് ബിന്നാക്കി മാറ്റിയിരിക്കുകയാണ്. ഈ പ്രദേശങ്ങളില്‍ തൊഴുത്തുകളില്‍ നിന്നുള്ള കാലി വിസര്‍ജ്യങ്ങളും കക്കൂസ് മാലിന്യങ്ങള്‍ വരെ കനാലില്‍ ഒഴുക്കിവിടുന്നതായും നാട്ടുകാര്‍ക്കിടയില്‍ ആക്ഷേപമുയരുന്നു. ഇത് സമീപത്തുള്ള കിണറുകളില്‍ ഇറങ്ങി വന്‍ വിപത്തുകളാണ് ശ്രിഷ്ടിക്കുന്നത്.
കനാലുകളില്‍ ജലം ലഭ്യമാകുന്നില്ലയെങ്കിലും നെയ്യാര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴില്‍ നിരവധി ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപം ഉയരുന്നു. ഇവിടെയെല്ലാം നിരവധി ഉദ്യോഗസ്ഥര്‍ ജോലി നോക്കുന്നുമുണ്ട്. ഇതില്‍ പ്രധാനം പള്ളിച്ചല്‍ , നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇത്തരത്തിലും കോടികളുടെ നഷ്ടമാണ് നെയ്യാര്‍ ഇറിഗേഷന്‍ പദ്ധതിമൂലം സര്‍ക്കാരിന് പ്രതി വര്‍ഷം നഷ്ടമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."