കുറ്റിക്കോല്‍ മാഷ് അരങ്ങൊഴിഞ്ഞു
കണ്ണൂര്‍: വടക്കന്‍കേരളത്തിലെ നാടകവേദികളിലെ നിറസാന്നിധ്യമായിരുന്നു നാടക സ്‌നേഹികള്‍ കുറ്റിക്കോല്‍മാഷെന്നു വിളിച്ചിരുന്ന ഒ.കെ കുറ്റിക്കോല്‍. അരങ്ങിലും അണിയറയിലും സദസിലും അദ്ദേഹമുണ്ടായിരുന്നു. സ്‌കൂള്‍ നാടകോത്സവങ്ങള്‍ മുതല്‍ രാജ്യാന്തര നാടക മത്സരങ്ങളില്‍വരെ ജുബയണിഞ്ഞ് വിനയത്തോടെ സൗമ്യമായി പുഞ്ചരിച്ച കുറ്റിക്കോല്‍ മാഷെത്തി. മണ്ണില്‍ പണിയെടുക്കുന്നവരുടെ വിമോചനസ്വപ്നങ്ങള്‍ നെഞ്ചേറ്റിയ കലാകാരനായിരുന്നു അദ്ദേഹം. കലാസമൂഹത്തിന്റെ അധ്യാപകനായും നാടക പ്രവര്‍ത്തകനായും അവസാനശ്വാസം വരെ മാഷ് നിലക്കൊണ്ടു. ജീവിതത്തിലും നാടകത്തിലും അദ്ദേഹം സാധാരണക്കാരനുവേണ്ടി കലഹിച്ചു.
1987 ല്‍ കണ്ണൂര്‍ സംഘചേതനയുടെ രൂപീകരണം തൊട്ട് ഒ.കെ കുറ്റിക്കോല്‍ അതിന്റെ ചുമതലക്കാരില്‍ ഒരാളായിരുന്നു. ആദ്യനാടകമായ 'നീതിപക്ഷം' മുതല്‍ ഏറ്റവും ഒടുവില്‍ ഇറങ്ങിയ 'അടിയത്തമ്പ്രാട്ടി' വരെ അരങ്ങിലും അണിയറയിലും നിറസാന്നിധ്യമായി ഒ.കെ ഉണ്ടായിരുന്നു. മികച്ച നടന്‍, സംവിധായകന്‍, മെയ്ക്കപ്മാന്‍ തുടങ്ങി എല്ലാ മേഖലയിലും അദ്ദേഹം കഴിവ് തെളിയിച്ചു. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഒ.കെ കുറ്റിക്കോലിന്റെ തെരുവുനാടകങ്ങള്‍ നാടെങ്ങും അവതരിപ്പിക്കപ്പെട്ടിരുന്നു. മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് ജേതാവും ഫോക്‌ലോര്‍ അക്കാദമി അംഗവും പുരോഗമന കലാ സാഹിത്യസംഘം മുന്‍ സംസ്ഥാന കമ്മറ്റി അംഗവുമായിരുന്നു. സി.പി.എം കുറ്റിക്കോല്‍ സെന്റര്‍ ബ്രാഞ്ച് അംഗം കൂടിയായിരുന്നു. ജില്ലയിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കാകെ കനത്ത നഷ്ടം കൂടിയാണ് ഒ.കെ കുറ്റിക്കോലിന്റെ വിയോഗമെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി.ജയരാജന്‍ അനുശോചനകുറിപ്പില്‍ പറഞ്ഞു.
ഒ.കെ കുറ്റിക്കോലിന്റെ നിര്യാണത്തില്‍ സംഘചേതനാ സെക്രട്ടറി എം.കെ മനോഹരന്‍, സംഘം ജില്ലാ കമ്മിറ്റി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മിറ്റി, ശാസ്ത്രസാഹിത്യ പരിഷത് ജില്ലാ കമ്മിറ്റി അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."