പാലം പൂര്‍ണതയിലേക്ക്: കീഴാറൂര്‍ നിവാസികളുടെ സ്വപ്‌നം യാഥാര്‍ഥ്യത്തിലേക്ക്
കാട്ടാക്കട: കാട്ടാക്കട- ആര്യങ്കോട് പഞ്ചായത്തുകളിലെ ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു കീഴാറൂര്‍ പാലം. ഏതാണ്ട് 60 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി പാലം പണി പുരോഗമിക്കുകയാണ് വരുന്ന മാര്‍ച്ചില്‍ പാലം തുറക്കാമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍.
കാട്ടാക്കട, പാറശ്ശാല നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പാലം . നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലത്തിന്റെ പണിക്ക് 12.75 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഭൂമി ഏറ്റെടുക്കുന്നതുമായുണ്ടായ പ്രശ്‌നങ്ങള്‍ കാരണം നടപടികള്‍ നീണ്ടുപോവുകയായിരുന്നു.
കേന്ദ്രസര്‍ക്കരിന്റെ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമവും തടസമായി. തുടര്‍ന്ന് ഭൂ ഉടമകളുടെ യോഗം വിളിക്കാന്‍ തീരുമാനമെടുക്കുകയും യോഗംചേരുകയും ചെയ്തു.
പാലത്തിനായി ഭൂമി വിട്ടുനല്‍കാന്‍ യോഗത്തില്‍ ഉടമകള്‍ സ്വമേധയാ സമ്മതപത്രം നല്‍കിയിരുന്നു. കാട്ടാക്കടക്കാര്‍ക്ക് എളുപ്പത്തില്‍ നെയ്യാറ്റിന്‍കരയില്‍ എത്താനും അവിടുള്ളവര്‍ക്ക് കാട്ടാക്കട എത്താനും എളുപ്പമായ മാര്‍ഗമാണ് പലം വരുന്നതോടെ സഫലമാകുന്നത്.
ഇപ്പോള്‍ ഇവിടുത്തുകാര്‍ക്ക് അക്കരെ ഇക്കരെ പോകണമെങ്കില്‍ വള്ളം കയറണം. വള്ളക്കാരന്റെ സൗമനസ്യം കണക്കാക്കിയാണ് ഇവിടെ യാത്ര നടക്കുക. മഴയായാല്‍ യാത്ര ഇല്ല എന്നു തന്നെ പറയാം.
മറ്റ് സമയങ്ങളില്‍ കാത്തിരിക്കുകയേ നിവ്യത്തിയുള്ളൂ. സന്ധ്യക്ക് അക്കരെ ഇക്കരെ എത്തിപ്പെട്ടാല്‍ വള്ളം കാണില്ല. മറ്റ് മാര്‍ഗങ്ങള്‍ തേടുകയേ മാര്‍ഗമുള്ളു. സ്‌കൂള്‍ കോളജ് കുട്ടികളും പ്രായം ചെന്നവരും അനുഭവിക്കുന്ന പങ്കപ്പാട് ചില്ലറയല്ല.
കര്‍ഷകര്‍ക്ക് തങ്ങളുടെ കാര്‍ഷിക വിഭവങ്ങള്‍ വില്‍ക്കാന്‍ കാട്ടാക്കട, ആര്യങ്കോട ് ചന്തകളില്‍ എത്തണമെങ്കില്‍ റോഡ് മാര്‍ഗം ചുറ്റികറങ്ങണം. അതിനാകട്ടെ നല്ല തുകയും വേണം. ഈ സാഹചര്യങ്ങള്‍ മനസിലാക്കിയാണ് അരനൂറ്റാണ്ട് മുന്‍പേ പാലത്തിനായി നിര്‍ദ്ദേശം വന്നത്.
നെയ്യാറിന് കുറുകെ പാലം കെട്ടാനായി മാറി മാറി വന്ന സര്‍ക്കാരുകള്‍ പദ്ധതി തയാറാക്കി. ഏറ്റവും ഒടുവില്‍ അന്തരിച്ച ജി. കാര്‍ത്തികേയന്‍ മന്ത്രി ആയിരിക്കെ പാലത്തിനായി ഫണ്ട് അനുവദിച്ചു. തുടര്‍ന്ന് പാലത്തിനായി പൊതുമരാമത്ത് അധികൃതര്‍ എത്തി പഠനങ്ങളും നടത്തി. എന്നാല്‍ ഇടക്ക് വച്ച് പ്രവര്‍ത്തനങ്ങള്‍ നിലച്ചു. തുടര്‍ന്ന് പാലം നിര്‍മാണത്തിനായി ശ്രമങ്ങള്‍ നടന്നു. പക്ഷേ അതൊക്കെ കടലാസില്‍ ഒതുങ്ങി.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് പാലത്തിനായി ഫണ്ട് അനുവദിച്ചത്. മണലൂറ്റി കയങ്ങളായി മാറിയ ആറ്റിലൂടെയാണ് ഇപ്പോള്‍ ജീവന്‍ പണയം വച്ചുള്ള യാത്ര. പാലത്തിനായി പൊതുമരാമത്ത് വകുപ്പ് 15 കോടിയാണ് അനുവദിച്ചിരിക്കുന്നത്. പാലം നിര്‍മാണത്തിന് പുറമേ സ്ഥലം ഏറ്റെടുക്കുന്നതിനും റോഡ് നിര്‍മാണത്തിനും നബാര്‍ഡിന്റെ ഒന്നരകോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."