മട്ടന്നൂരിലെ വോട്ടുചോര്‍ച്ച: അടിയൊഴുക്കു നടന്നതായി പാര്‍ട്ടികള്‍
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ബി.ജെ.പി മുസ്‌ലിം ലീഗ് പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായത് അതത് നേതൃത്വങ്ങള്‍ പരിശോധിക്കുന്നു. ഇതുസംബന്ധിച്ചു പാര്‍ട്ടിതല അന്വേഷണമാണ് നടക്കുക. മട്ടന്നൂരില്‍ ഏഴുസിറ്റിങ് സീറ്റുകളാണ് യു.ഡി.എഫിന് നഷ്ടമായത്. കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും കടുത്ത പ്രഹരമേറ്റു. വിജയപ്രതീക്ഷയുള്ള നാലുസീറ്റുകള്‍ ബി.ജെ.പിക്ക് അടിയറവയ്‌ക്കേണ്ടി വന്നു. വിരലിലെണ്ണാവുന്ന വോട്ടുകളുമായി ഏഴുസ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം ലഭിച്ചുവെന്ന് പേരിന് പറയാമെന്നു മാത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ നഗരസഭയില്‍ 4083- വോട്ടുകള്‍ ലഭിച്ച ബി.ജെ.പിക്ക് ഇക്കുറി 3250 വോട്ടുകളാണ് ലഭിച്ചത്. 833 വോട്ടുകളുടെ കുറവ്. എന്നാല്‍ 2012- ലെ തെരഞ്ഞെടുപ്പില്‍ 15സീറ്റുകള്‍ മത്സരിച്ച പാര്‍ട്ടിക്ക് 1815 വോട്ടുകള്‍ ലഭിച്ചിട്ടുള്ളൂവെന്ന് ബി.ജെ.പി നേതാക്കളിലൊരാള്‍ സുപ്രഭാതത്തോട് പറഞ്ഞു. എതിര്‍സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ഇരുമുന്നണികളും വോട്ടുമറിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം.
മട്ടന്നൂര്‍ ടെംപിള്‍ വാര്‍ഡില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ സഹോദരിയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. എന്നാല്‍ ഇവര്‍ക്ക് 99വോട്ടുമാത്രമേ ലഭിച്ചുള്ളൂ. ബി.ജെ.പിക്ക് ഇവിടെ 188- വോട്ടുലഭിച്ചു. യു.ഡി. എഫ് 221-വോട്ടുനേടി ജയിച്ചു. മട്ടന്നൂര്‍ ടൗണിലും ഇതുതന്നെയാണ് സംഭവിച്ചത്. കരേറ്റ, ദേവര്‍കോട്, മേറ്റടി എന്നിവടങ്ങളില്‍ യു.ഡി.എഫ് തങ്ങളുടെ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ വോട്ടുമറിച്ചെന്നും ബി.ജെ.പിയാരോപിക്കുന്നു.
കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് യു.ഡി. എഫിന്റെ അടിക്കല്ലിളക്കിയത്. താഴെത്തട്ടില്‍വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇതു പ്രകടമായി. സി.പി.എം മോദി സര്‍ക്കാരിന്റെ ബീഫ് വിലക്കും ന്യൂനപക്ഷ പീഡനവും വടിയാക്കി യു.ഡി. എഫിനെ കൊട്ടിയപ്പോള്‍ ന്യൂനപക്ഷവോട്ടുകള്‍ ഇടത്തോട്ട് കേന്ദ്രീകരിച്ചു. ഇതുകൂടാതെ കോണ്‍ഗ്രസിലെയും മുസ്‌ലിം ലീഗിലെയും ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ഈ വീഴ്ചകള്‍ പരിഹരിക്കുന്നതിനുള്ള സംഘടനാ നടപടികളാണ് ഇരുപാര്‍ട്ടികളും തുടക്കത്തില്‍ സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."