വിജിയുടെ കണ്ണീരില്‍ കനിയാതെ സര്‍ക്കാര്‍ സമരം മൂന്നാഴ്ച തികയുന്നു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈ.എസ്.പി കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ കുടുംബത്തോട് കനിവില്ലാതെ സര്‍ക്കാര്‍. കുടുംബം സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന നിരാഹാര സമരം 19 ദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ല. ഇതോടെ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം.
വരുംദിനങ്ങളില്‍ ജനകീയ കൂട്ടായ്മയില്‍ സമരം വിപുലപ്പെടുത്താനാണ് നീക്കം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള സംഘടനകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ നെയ്യാറ്റിന്‍കരയില്‍ പ്രതിഷേധം സംഘടിപ്പിക്കും. രാഷ്ട്രീയ പ്രമുഖര്‍ ഓരോ ദിവസവും സമരപന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട്.
ഇതിനിടെ സമരം ഹൈജാക്ക് ചെയ്യാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. എ.എന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇതിനോടകം സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, സുരേഷ് ഗോപി എം.പി വിജിയുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ പന്തലിലെത്തി നല്‍കുകയും ചെയ്തിരുന്നു.
സനലിന്റെ മരണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും കുടുംബത്തിന് സാമ്പത്തിക സഹായമോ വാഗ്ദാനം ചെയ്ത ജോലിയോ സംബന്ധിച്ച് സര്‍ക്കാര്‍ ഒരറിയിപ്പും നല്‍കാത്തതിനെ തുടര്‍ന്നാണ് ഈ മാസം 10 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഭാര്യ വിജി സത്യഗ്രഹ സമരം ആരംഭിച്ചത്. ജോലി ലഭിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കിട്ടുന്നതുവരെ സമരം തുടരുമെന്ന് വിജി പറഞ്ഞു. മുന്‍ എം.എല്‍.എ ആര്‍. ശെല്‍വരാജും രാജ്‌മോഹന്‍ ഉണ്ണിത്താനും ഇന്നലെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ഇന്ന് ദുഃഖമണിയടി സമരം നടത്താനാണ് സമരസമിതി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."