മുന്‍ ഹോക്കിതാരം ശകുന്തള ഇനി പാളയത്തെ തെരുവുകച്ചവടക്കാരിയല്ല
തിരുവനന്തപുരം: ഹോക്കി കളത്തില്‍ ദേശീയ താരമാകാനായെങ്കിലും പിന്നീട് ജീവിതത്തില്‍ കഷ്ടപ്പാടുകളോട് പൊരുതേണ്ടിവന്ന ശകുന്തളക്ക് ഇനി ആശ്വസിക്കാം. തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ തെരുവ് കച്ചവടം നടത്തിയിരുന്ന അരുവിക്കര അനുഗ്രഹ ഭവനില്‍ വി.ഡി.ശകുന്തളയുടെ ദുരിത ജീവിതത്തിന് അവസാനം കുറിച്ച് സര്‍ക്കാര്‍ അവരെ സ്വീപ്പര്‍ ജോലിയില്‍ സ്ഥിരപ്പെടുത്തി. കായിക വകുപ്പ് ഡയരക്ടറേറ്റിനു കീഴില്‍ സ്വീപ്പറായുള്ള സ്ഥിരനിയമന ഉത്തരവ് മന്ത്രി ഇ.പി ജയരാജന്‍ ശകുന്തളക്ക് കൈമാറി.
ദേശീയ താരമായി ഹോക്കിയില്‍ തിളങ്ങിയ ശകുന്തളയ്ക്ക് സ്ഥിരം ജോലിയെന്ന സ്വപ്നം പൂവണിയുന്നത് ഏറെ വൈകിയാണ്. ഇതിനിടെതന്നെ കഷ്ടതകളെല്ലാം അവര്‍ അനുഭവിച്ചു കഴിഞ്ഞു. 1970ല്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലെ വനിതാ ഹോക്കി താരമായിരുന്നു ശകുന്തള. ജോലി നേടണമെന്ന ആഗ്രഹത്തിലാണ് അവര്‍ കളിക്കളത്തിലിറങ്ങിയത്. 1976ല്‍ ഗ്വാളിയറില്‍ നടന്ന ദേശീയ ജൂനിയര്‍ വനിതാ ഹോക്കിയില്‍ കേരളത്തിന്റെ മുന്നേറ്റനിരയിലെ താരമായി. ഗ്വാളിയറില്‍നിന്നു കേരളം കിരീടവുമായി മടങ്ങിയതിലും ശകുന്തളയുടെ മിന്നുന്ന പ്രകടനം നിര്‍ണായകമായിരുന്നു. 1977ല്‍ ബംഗളൂരുവില്‍ നടന്ന ദേശീയ വനിതാ കായിക മേളയിലും 1979ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ കായിക മേളയിലും ശകുന്തള പങ്കെടുത്തിരുന്നു.
മത്സരങ്ങളില്‍ മുന്നേറിയപ്പോഴും ജീവിത യാത്രയില്‍ ശകുന്തളയ്ക്ക് കാലിടറി. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കാരണം വിദ്യാഭ്യാസം പ്രീ ഡിഗ്രി കാലത്ത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. 1982ല്‍ ബി.എസ്.എഫ്. ജവാനായ വിക്രമനുമായി ശകുന്തളയുടെ വിവാഹം നടന്നു. അസുഖത്തെ തുടര്‍ന്നു ജോലി നഷ്ടമായി ഭര്‍ത്താവ് കിടപ്പിലായപ്പോള്‍ രണ്ട് ആണ്‍മക്കള്‍ ഉള്‍പ്പെട്ട കുടുംബത്തിന്റെ ഭാരം ശകുന്തളയിലായി. ഭര്‍ത്താവിന്റെ ചികിത്സക്കും മക്കളുടെ പഠനത്തിനും പണം കണ്ടെത്താന്‍ പാടുപെട്ട ശകുന്തള ജീവിതത്തില്‍ തോല്‍ക്കാന്‍ മനസില്ലാതെ പാളയം മാര്‍ക്കറ്റിലെ തെരുവില്‍ കച്ചവടം ആരംഭിച്ചു.
തനിക്കൊപ്പം കളിച്ച 16 പേരില്‍ 11 പേര്‍ ഡോക്ടര്‍മാരും ബാക്കിയുള്ളവര്‍ സര്‍ക്കാര്‍ ജീവനക്കാരും ആയപ്പോള്‍ ശകുന്തള ദുരിതക്കയത്തിലായിരുന്നു. തനിക്കൊപ്പം കളിച്ച് പിന്നീട് അര്‍ജുന അവാര്‍ഡ് ജേതാവുവരെ ആയ ഓമനകുമാരിയെ പാളയം മാര്‍ക്കറ്റില്‍വച്ച് കണ്ടുമുട്ടിയതാണ് ഈ വൈകിയ വേളയിലെങ്കിലും ശകുന്തളക്ക് ആശ്വാസമായത്. ഓമനകുമാരി ഇടപെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശകുന്തളക്ക് ജിമ്മി ജോര്‍ജ് സ്‌റ്റേഡിയത്തില്‍ താല്‍ക്കാലിക സ്വീപ്പര്‍ ജോലി തരപ്പെടുത്തിക്കൊടുത്തു. ജോലി താല്‍ക്കാലികമായിരുന്നതിനാല്‍ ശകുന്തള മാര്‍ക്കറ്റിലെ കച്ചവടം ഉപേക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ കായിക വകുപ്പ് മുന്‍കൈയെടുത്ത് സ്ഥിരനിയമനം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഈ മുന്‍ ദേശീയതാരം. വാടക വീട്ടില്‍ കഴിയുന്ന ഇവര്‍ക്ക് വീട് വയ്ക്കാനായി കഴിഞ്ഞ സര്‍ക്കാര്‍ മൂന്നു സെന്റ് ഭൂമി അനുവദിച്ചിരുന്നു. ഇനി സ്വന്തമായി ഒരു വീടെന്ന സ്വപ്നമാണ് ശകുന്തളക്കും കുടുംബത്തിനും മുന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."