ദ്ധതികളുണ്ട് കടലാസില്‍; ജീവിതം ദുരിതത്തില്‍
പ
25 ലക്ഷത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവിടെയുണ്ടെങ്കിലും സര്‍ക്കാര്‍ കൊണ്ടുവന്ന ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഇതിന്റെ ചെറിയൊരു ശതമാനം മാത്രമാണ്. ഒരു വര്‍ഷം 15,000 രൂപയുടെ ചികിത്സാ സഹായവും അപകടമരണം സംഭവിച്ചാല്‍ രണ്ടു ലക്ഷം രൂപ വരെ നഷ്ടപരിഹാരവും പണരഹിത ആശുപത്രി സേവനവും പദ്ധതി വഴി ലഭിക്കുമെങ്കിലും കൂടുതല്‍ പേരെ പദ്ധതിയുടെ ഭാഗമാക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.
വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ 2018 ജൂലൈ 30 വരെയുളള കണക്കു പ്രകാരം ആവാസ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായത്് 2,89,734 പേര്‍ മാത്രമാണ്. 2,88,071 പുരുഷന്‍മാരും 1602 സ്ത്രീകളും. പിന്നെ 61 ഭിന്നലിംഗക്കാരും. 2017 നവംബറില്‍ ആരംഭിച്ച ഈ പദ്ധതിക്ക്് വിജയം കാണാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ജില്ല തിരിച്ചു പരിശോധിച്ചാല്‍ കാസര്‍കോട് -8,360, കണ്ണൂര്‍- 18,167, കോഴിക്കോട്- 29,597, വയനാട് -7,001, മലപ്പുറം- 17,842, പാലക്കട് -15,234, തൃശൂര്‍ -26,906, എറണാകുളം -60,544, ആലപ്പുഴ -20,919, കോട്ടയം -14,566, ഇടുക്കി - 11,573, പത്തനംതിട്ട -15,588, കൊല്ലം -16,014, തിരുവനന്തപുരം -27,423 എന്നിങ്ങനെയാണ് ആവാസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ ബംഗാളില്‍ നിന്നുള്ളവരാണ്. 1,18,990 ബംഗാളികളുണ്ട്. അസം- 41,369, ഒഡിഷ- 32,667, ഝാര്‍ഖണ്ഡ്-13,885, ബിഹാര്‍ -29,073, തമിഴ്‌നാട് - 25,846 എന്നിങ്ങനെയാണ് മറ്റുള്ളവരില്‍ ഏറെയും. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പും നടപ്പിലാക്കുന്ന ഈ പദ്ധതി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഞ്ചില്‍ നാല് ഇതര സംസ്ഥാന തൊഴിലാളികളും പുറത്താണെന്നാണ് വസ്തുത.
ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുള്ള പൊലിസിന്റെ വിവരശേഖരണവും പൂര്‍ണമായിട്ടില്ല. എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നോ അതില്‍ സ്ത്രീപുരുഷ അനുപാതമോ ഇവരുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചോ കൃത്യമായ ഒരു വിവരവും സംസ്ഥാന തൊഴില്‍ വകുപ്പിന്റെ പക്കലുമില്ല. കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലെ ലോക്കല്‍ കംപാര്‍ട്ട്‌മെന്റുകളില്‍ ദുരിതയാത്ര നടത്തി ജീവിതത്തിന്റെ പച്ചപ്പ് തേടിയെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. തദ്ദേശീയരുമായി ഇടപഴകുമ്പോള്‍ ഇവിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാനും സര്‍ക്കാരിനു കഴിയേണ്ടതുണ്ട്. എന്നാല്‍ ഇതിനെല്ലാം ഉതകുന്ന നിയമങ്ങള്‍ പോലും ഇവിടെ പലപ്പോഴും നോക്കുകുത്തികളാകുകയാണ്.
ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി ഒട്ടേറെ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അതൊന്നും പ്രയോജനപ്രദമാകുന്നില്ല എന്നതാണ് സത്യം. 1979ല്‍ പാസാക്കിയ ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ്‌സ് വര്‍ക്ക്‌മെന്‍സ് ആക്ട് പ്രകാരം ഇതരസംസ്ഥാന തൊഴിലാളികളെ ജോലിചെയ്യിക്കുമ്പോള്‍ സ്ഥാപനങ്ങളായാലും കോണ്‍ട്രാക്ടര്‍മാരായാലും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാതെ പണിയെടുപ്പിക്കുന്നത് നിയമപ്രകാരം തന്നെ നിരോധിക്കാവുന്നതാണ്. തൊഴിലാളികള്‍ക്ക് മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ രേഖപ്പെടുത്തിയ ഫോട്ടോ പതിച്ച പാസ്ബുക്ക് നല്‍കണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. തൊഴില്‍ ചെയ്യുന്ന സ്ഥലം, തൊഴിലുടമയുടെ പേര്, ജോലിയുടെ കാലയളവ്, വേതന നിരക്ക് എന്നീ വിവരങ്ങള്‍ പാസ് ബുക്കില്‍ രേഖപ്പെടുത്തണം. അതത് പ്രദേശത്തെ തൊഴിലാളികള്‍ക്ക് കൊടുക്കുന്ന വേതന നിരക്ക് ഇവര്‍ക്കും ബാധകമാണ്. ഒരു സ്ഥലത്തുനിന്ന് മറ്റൊരു ജോലിസ്ഥലത്തേക്ക് മാറുന്ന കാലയളവ് ഡ്യൂട്ടിയായി കണക്കാക്കി യാത്രാ അലവന്‍സ് നല്‍കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
1973ലെ എട്ടാം ലോക തൊഴിലാളി കോണ്‍ഗ്രസ് തീരുമാനിച്ചതുപോലെ തുല്യജോലിക്ക് തുല്യ വേതനം ലിംഗഭേദമില്ലാതെ നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങളും കരാറുകാരും ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് താമസസ്ഥലം, യൂണിഫോം, വൈദ്യസഹായം എന്നിവ സൗജന്യമായി ലഭ്യമാക്കണം. മാരകമായ അപകടം സംഭവിക്കുകയാണെങ്കില്‍ രണ്ടു സംസ്ഥാന സര്‍ക്കാരുകളെയും തൊഴിലാളിയുടെ അടുത്ത ബന്ധുക്കളെയും വിവരമറിയിക്കുകയും വേണം.
1980ലെ ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ്‌സ് റൂള്‍ പ്രകാരം ലൈസന്‍സിങ് ഓഫിസര്‍ തൊഴിലാളികള്‍ക്ക് വൈദ്യസഹായം, യൂനിഫോം, ശുദ്ധജലം, മൂത്രപ്പുര, തുണി കഴുകുന്നതിനുളള സൗകര്യം, വിശ്രമ മുറികള്‍, കാന്റീന്‍, താമസ സൗകര്യം, യാത്രാ അലവന്‍സ് എന്നിവ ഉറപ്പാക്കണം. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ട്രേഡ് യൂനിയനുകളും മനസ്സുവച്ചാല്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ കഴിയും. ഇതിനായുള്ള ശ്രമങ്ങള്‍ ചിലരാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ആരംഭിച്ചത് ആശ്വാസകരമാണ്. എങ്കിലും നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ക്കുള്ളില്‍ ഇവരെയും ഉള്‍പെടുത്തി നടപ്പിലാക്കാനുള്ള ഇച്ഛാശകതി സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ കാണിക്കണം എന്നതാണ് പ്രധാനം.
ജാതി വ്യത്യാസം തുടച്ചു മാറ്റപ്പെട്ടു എന്നു അഭിമാനിക്കുന്ന സമൂഹമാണ് നമ്മുടേത്. എന്നാല്‍, ഇതര സംസ്ഥാന തൊഴിലാളികളോടു തുടരുന്ന അയിത്തം മറ്റൊരു വംശീയവും ജാതീയവുമായ വേര്‍തിരിവാണോയെന്ന ആശങ്കയും ഉയരുന്നുണ്ട്. കേരളത്തിന്റെ പുനര്‍സൃഷ്ടിക്കാണ് ഇവര്‍ വിയര്‍പ്പൊഴുക്കുന്നത്. മറ്റൊരു സംസ്‌കാരത്തില്‍ നിന്ന് പറിച്ചുനടപ്പെട്ട ഇവര്‍ക്ക് വ്യത്യസ്തതയുണ്ടാകാം. തോളോടു തോള്‍ ചേര്‍ത്തു നിര്‍ത്തി നമ്മുടെ സംസ്‌കൃതിയിലേക്ക് അവരെയും ലയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. അതിനാദ്യം ഇവര്‍ക്കും നമുക്കും ഇടയിലുള്ള മതിലുകള്‍ പൊളിച്ചുനീക്കുക തന്നെ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."