പ്രതിഷേധം ഫലം കണ്ടു: റെയില്‍വേ കൊട്ടിയടച്ച വഴി തുറന്നു
കോഴിക്കോട്: ഫ്രാന്‍സിസ് റോഡ് എ.കെ.ജി മേല്‍പാലത്തിനു താഴ്ഭാഗത്തെ വഴി കൊട്ടിയടച്ച റെയില്‍വേ അധികൃതര്‍ ജനരോഷത്തെ തുടര്‍ന്ന് ഒടുവില്‍ തുറന്നുകൊടുത്തു. യാത്രക്കാരുടെയും പ്രദേശവാസികളുടെയും പ്രതിഷേധം കനത്തതോടെയാണ് ഇന്നലെ രാവിലെ എട്ടിനു തന്നെ വഴി തുറന്നുകൊടുത്തത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും ശക്തമായ പ്രതിഷേധവുമായി ഇന്നലെ രാവിലെയും രംഗത്തെത്തിയിരുന്നു. വഴി തുറന്നതോടെ നാട്ടുകാര്‍ പിരിഞ്ഞുപോയി. സംഭവവുമായി ബന്ധപ്പെട്ട് എം.പിമാരായ എം.കെ രാഘവന്‍, എളമരം കരീം, ഡോ. എം.കെ മുനീര്‍ എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ റെയില്‍വേ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണു കൊട്ടിയടച്ച റെയില്‍പാതയ്ക്ക് കുറുകെയുള്ള വഴി 24 മണിക്കൂറിനകം തുറന്നുകൊടുക്കാന്‍ അധികൃതര്‍ തയാറായത്.
നൂറുകണക്കിനാളുകള്‍ നഗരത്തിലേക്കും തിരിച്ചും പോകാനായി മൂന്നു പതിറ്റാണ്ടായി ഉപയോഗിച്ചിരുന്ന വഴിയാണ് റെയില്‍വേ അധികൃതര്‍ ഏകപക്ഷീയമായി അടച്ചത്. ജനങ്ങള്‍ക്ക് ബസ് യാത്രക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി മേല്‍പാലത്തിനു താഴ്ഭാഗത്തേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴിയാണ് റെയില്‍വേ മുന്നറിയിപ്പില്ലാതെ അടച്ചത്.
മേല്‍പാലത്തിന്റെ നിര്‍മാണ പൂര്‍ത്തീകരണകാലം മുതല്‍ റെയിലിനു പടിഞ്ഞാറുഭാഗത്ത് കുറ്റിച്ചിറ, ഇടിയങ്ങര, കുണ്ടുങ്ങല്‍, പള്ളിക്കണ്ടി, മുഖദാര്‍ എന്നീ പ്രദേശങ്ങളടങ്ങിയ തെക്കേപ്പുറം ഭാഗത്ത് താമസിക്കുന്നവര്‍ക്ക് റെയിലിനു കിഴക്കുഭാഗത്തേക്ക് പോകാനും തിരിച്ചുവരാനുമുള്ള ഏക വഴിയായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."