ഒ.കെ കുറ്റിക്കോലിന്റെ വിയോഗത്തില്‍ അനുശോചന പ്രവാഹം
തളിപ്പറമ്പ്: ഒ. കരുണാകരന്‍ കുറ്റിക്കോലെന്ന നാടകാചാര്യന്‍ ജനിച്ചത് വളപട്ടണത്താണെങ്കിലും പഠിച്ചു വളര്‍ന്ന തളിപ്പറമ്പ് കുറ്റിക്കോല്‍ ഗ്രാമത്തിന്റെ പേരിലാണ് അറിയപ്പെട്ടത്. ഒ.കെ കുറ്റിക്കോല്‍ എന്ന പേര് കലാ സാംസ്‌കാരിക രംഗത്ത് നേടിയെടുത്ത അംഗീകാരം പോലെ തന്നെ ഈ രംഗങ്ങളിലെല്ലാം തന്റെ ഗ്രാമത്തെയും അദ്ദേഹം വളര്‍ത്തിയെടുത്തു. അധ്യാപനത്തോടൊപ്പം നാടക രചന, അഭിനയം, സംവിധാനം, ചമയം, വസ്ത്രാലങ്കാരം എന്നിവയോടൊപ്പം സിനിമ-സീരിയല്‍ അഭിനയ രംഗത്തും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് ഒ.കെ കുറ്റിക്കോല്‍. രാഷ്ട്രപതിയുടെ ദേശീയ അധ്യാപക അവാര്‍ഡ്, കേരള സംഗീത നാടക അവാര്‍ഡ്, അയ്യങ്കാളി അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഒ.കെ കുറ്റിക്കോലിനെ തേടിയെത്തിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി, കണ്ണൂര്‍ സംഘചേതന, തളിപ്പറമ്പ് മാസ് ആര്‍ട്‌സ് സൊസൈറ്റി, കണ്ണൂര്‍ ഫോക്‌ലോര്‍ അക്കാദമി, കുറ്റിക്കോല്‍ യുവജന കലാസമിതി, പുരോഗമന കലാ സാഹിത്യ സംഘം തുടങ്ങിയ കലാസാംസ്‌ക്കാരിക സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. കണ്ണൂര്‍ സംഘചേതന സ്ഥാപക ഭാരവാഹി കൂടിയാണ്. ചെറിയ കാലയളവില്‍ കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നു. നിലവില്‍ കേരള സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് അംഗമാണ്. ചെറിയൂര്‍ ഗവ. യു.പി സ്‌കൂള്‍ റിട്ട. പ്രധാനധ്യാപകനായിരുന്നു.
നാലു പതിറ്റാണ്ടോളം സമൂഹത്തിലെ ദുരാചാരങ്ങള്‍ക്കെതിരായി നാടകങ്ങളെ സമരായുധമാക്കിയ സാമൂഹ്യ പരിഷ്‌ക്കര്‍ത്താവു കൂടിയായ ഒ.കെ കുറ്റിക്കോലിന് അന്തിമോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നത്. കണ്ണൂരിന്റെ കലാസാംസ്‌കാരിക മേഖലയിലെ വലിയ അഭാവമാണ് ഒ.കെ കുറ്റിക്കോലിന്റെ വിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. നാടകത്തിലൂടെ സമകാലിക വിഷയങ്ങള്‍ സമൂഹത്തിനു മുമ്പിലെത്തിച്ച അപൂര്‍വ പ്രതിഭയെന്നാണ് മന്ത്രി കെ.കെ.ശൈലജ അനുസ്മരിച്ചു.
നാടകരംഗത്തെ സഹപ്രവര്‍ത്തകരായിരുന്ന ഇബ്രാഹിം വെങ്ങര, കരിവെള്ളൂര്‍ മുരളി, സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂര്‍ എം.പി.മാരായ പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, ജയിംസ് മാത്യു എം.എല്‍.എ, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളംതുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."