സേവനരംഗത്ത് കാല്‍ നൂറ്റാണ്ട് തികച്ച് മുഫത്തിശ് സി.എച്ച് ഉമര്‍ മുസ്‌ലിയാര്‍ യാത്രയായി
കാളികാവ്: മദ്‌റസാ നിരീക്ഷണരംഗത്തു കാല്‍ നൂറ്റാണ്ട് സേവനംചെയ്ത സി.എച്ച് ഉമര്‍ മുസ്‌ലിയാര്‍ കൂരാട് യാത്രയായി. കിഴക്കനേറനാട്ടില്‍ മുഫത്തിശുമാരിലെ കാരണവരും വഴികാട്ടിയുമായ ഉമര്‍ മുസ്‌ലിയാരുടെ വേര്‍പാട് നാടിനെന്നപോലെ വിദ്യാഭ്യാസ ബോര്‍ഡിനും നികത്താനാകാത്ത വിടവായിമാറി.
1992ലാണ് സമസ്തയുടെ മദ്‌റസാ നിരീക്ഷകനായി ഉമര്‍ മുസ്‌ലിയാര്‍ സേവനം ആരംഭിച്ചത്. പനി ബാധിച്ച് ശാരീരികമായി പ്രയാസത്തിലായിരുന്ന അദ്ദേഹം മദ്‌റസാ സന്ദര്‍ശനം പൂര്‍ത്തീകരിച്ചു വ്യാഴാഴ്ച ചേളാരിയില്‍ നടന്ന ജംഇയ്യത്തുല്‍ മുഫത്തിശീന്‍ യോഗത്തിലും പങ്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ മരണപ്പെടുകയും ചെയ്തു. ചെറുപ്രായം മുതല്‍ സമസ്തയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി, നീലഗിരി ജില്ലകളില്‍ മുഫത്തിശായി സേവനമനുഷ്ഠിച്ചു. മദ്‌റസാ സംവിധാനം കുറവുള്ള തമിഴ്‌നാട് നീലഗിരി ജില്ലയില്‍ സന്ദര്‍ശന വേളയില്‍ മദ്‌റസാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ഉമര്‍ മുസ്‌ലിയാര്‍ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നു.
വാഴത്തോട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സമസ്ത കേരളാ ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രത്യേക നിര്‍ദേശപ്രകരം മദ്‌റസാ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും മുന്നിട്ടിറങ്ങിട്ടുണ്ട്. ജില്ലയിലെ കൂരാടിലെ സി.എച്ച് മുഹമ്മദിന്റെയും ഖദീജയുടെയും മകനായ ഉമര്‍ മുസ്‌ലിയാര്‍ സ്വദേശത്തെ പ്രാഥമിക പഠനത്തിനു ശേഷം കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കുഞ്ഞീതു മുസ്‌ലിയാര്‍, ഉമര്‍ മുസ്‌ലിയാര്‍, കെ.പി കരിങ്ങനാട് തുടങ്ങിയ പ്രമുഖ പണ്ഡിതന്‍മാരില്‍നിന്നു മത വിദ്യഭ്യാസം നേടിയിട്ടുണ്ട്. ദര്‍സ് പഠനത്തിന് ശേഷം ജില്ലയിലെ പൊന്നാങ്കല്ല്, ചന്തക്കുന്ന്, പത്തിരിയാല്‍, ചുങ്കത്തറ, തെക്കുംപുറം എന്നിവിടങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."