താലൂക്ക് ആശുപത്രിയിലെ രക്തപരിശോധനാ മെഷീന്‍ തകരാറിലായി; രോഗികള്‍ വലയുന്നു
തിരൂരങ്ങാടി: താലൂക്കാശുപത്രി ലബോറട്ടറിയിലെ രക്തപരിശോധന മെഷീന്‍ തകരാറില്‍. രോഗികള്‍ വലയുന്നു.
ലാബിലെ ഫുള്ളി ഓട്ടോമാറ്റഡ് അനലൈസര്‍ യന്ത്രത്തിലെ സിറം എടുക്കുന്ന പ്രോബിലെ അലൈന്‍മെന്റിനാണ് തകരാര്‍ സംഭവിച്ചത്. ഇതോടെ നവജാത ശിശുക്കളുടെയടക്കം കുട്ടികളുടെ മഞ്ഞപ്പിത്ത (ബിലുറൂബിന്‍) രക്തപരിശോധന തീര്‍ത്തും മുടങ്ങി.
ഇത്തരം ടെസ്റ്റുകള്‍ക്കിപ്പോള്‍ പുറത്ത് സ്വകാര്യ ലാബുകളെ ആശ്രയിക്കുകയാണ് രോഗികള്‍. നവജാത ശിശുക്കളെയടക്കം പരിശോധനയ്ക്കായി ആശുപത്രിക്ക് പുറത്തേക്ക് കൊണ്ടുപോകേണ്ട സ്ഥിതിവിശേഷമാണെന്ന് കുട്ടികളുടെ അമ്മമാര്‍ പറയുന്നു. എട്ടുമാസംമുമ്പാണ് മെഷീന്‍ സ്ഥാപിച്ചത്. തകരാര്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചതായി അധികൃതര്‍ പറഞ്ഞു.
നിത്യേന രണ്ടായിരത്തോളം രോഗികള്‍ ചികിത്സതേടിയെത്തുന്ന തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ നൂറ്റി എഴുപതോളം രോഗികള്‍ വിവിധ പരിശോധനകള്‍ക്കായി ലാബില്‍ എത്താറുണ്ട്. ഇതില്‍ നാല്‍പ്പത് ശതമാനവും പതിനെട്ട് വയസിനു താഴെയുള്ള കുട്ടികളുടെ പനി, മഞ്ഞപ്പിത്തം തുടങ്ങിയവയുടെ പരിശോധനയാണ് നടത്താറുള്ളത്.
രക്തത്തിലെ കൗണ്ട് തിട്ടപ്പെടുത്തുന്ന പുതിയ സി.ബി.സി മെഷീന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."