താനൂരുകാര്‍ക്ക് പുതുവത്സര സമ്മാനമായി 64 പുതിയ പദ്ധതികള്‍
തിരൂര്‍: താനൂരുകാര്‍ക്ക് വി. അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ പുതുവത്സര സമ്മാനമായി 64 പുതിയ പദ്ധതികള്‍. പുതുവര്‍ഷത്തില്‍ 'സമാരംഭം' എന്ന പേരില്‍ 64 പദ്ധതികള്‍ക്ക് തുടക്കമാകുമെന്നും 2019-20 സാമ്പത്തിക വര്‍ഷത്തില്‍ താനൂരില്‍ 150 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നും വി. അബ്ദുറഹ്മാന്‍ എം.എല്‍.എ തിരൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. താനൂര്‍ സ്റ്റേഡിയം, താനൂര്‍ ഫിഷറീസ് സ്‌കൂളില്‍ 10.50 കോടി രൂപ ചെലവില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി സംസ്ഥാനത്തെ മാതൃകാ ഫീഷറീസ് സ്‌കൂളാക്കല്‍, പത്ത് കോടി രൂപ ചെലവില്‍ കാട്ടിലങ്ങാടി, നിറമരുതൂര്‍, കരിങ്കപ്പാറ, താനൂര്‍ ജി.എല്‍.പി.എസ് സ്‌കൂള്‍ വികസനം, പൂരപ്പുഴ മുതല്‍ തിരൂര്‍ താഴെപ്പാലം വരെയുള്ള മേഖലയില്‍ റോഡ് നവീകരിച്ച് സംസ്ഥാനത്തിന്റെ ചരിത്രം ആലേഖനം ചെയ്യുന്ന ഗേറ്റുകള്‍ സ്ഥാപിക്കല്‍, തിരൂര്‍-ചെറിയമുണ്ടം പനമ്പാലം പുതുക്കിപണിയല്‍, താനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കാട്ടിലങ്ങാടിയിലേക്കുള്ള വഴിയില്‍ റെയില്‍വെയുമായി സഹകരിച്ച് ഫൂട്ട് ഓവര്‍ ബ്രിഡ്ജ്, കളരിപ്പടി-ബദര്‍പള്ളി തൂക്കം പാലം, തുറമുഖ വകുപ്പിന്റെ സഹകരണത്തോടെ ആറ് കോടിയുടെ റോഡ് നവീകരണം, ചെറിയമുണ്ടത്തെ ഐ.ടി.ഐ കെട്ടിട സൗകര്യ വികസനം, തെയ്യാല റെയില്‍വെ ഓവര്‍ ബ്രിഡ്ജ്, ഫിഷറീസ് സ്റ്റേഡിയം, മോര്യാകാപ്പിലെ കര്‍ഷകരുടെ പ്രശ്‌ന പരിഹാരവും വികസനവും, താനൂര്‍ സബ് രജിസ്ട്രാര്‍ ഓഫിസിന് പുതിയ കെട്ടിടം, നാടക -സിനിമ തിയേറ്റര്‍, ഭിന്നശേഷിക്കാര്‍ക്കായി ഓട്ടിസം പാര്‍ക്ക്, ശുദ്ധജല വിതരണം എന്നിവയാണ് പ്രധാന പദ്ധതികളെന്ന് എം.എല്‍.എ പറഞ്ഞു.
100 കോടിയുടെ ശുദ്ധജല വിതരണ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി 50 കോടി രൂപ കൂടി ആവശ്യമാണെന്നും തുക സര്‍ക്കാര്‍ അനുവദിക്കുമെന്നും എം.എല്‍.എ പറഞ്ഞു. താനൂരിലെ യുവാക്കളുടെ ചിരകാല അഭിലാഷമായ സ്റ്റേഡിയം യാഥാര്‍ഥ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. സ്റ്റേഡിയം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ജനുവരിയില്‍ തുടങ്ങുമെന്ന് എം.എല്‍.എ വ്യക്തമാക്കി. പനമ്പാലം ശിലാസ്ഥാപനം ജി. സുധാകരന്‍ നിര്‍വഹിക്കും. 61.25 കോടിയുടെ പൂരപ്പുഴ-താഴെപ്പാലം റോഡ് നവീകരണത്തിന്റെ ഭാഗമായി പ്രധാന ആറിടങ്ങളില്‍ കവാടങ്ങള്‍ സ്ഥാപിക്കുന്നതിന് പുറമെ ബസ് ബേ, ബസ് സ്റ്റോപ്പുകള്‍ എന്നിവയുമുണ്ടാകും. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ താനൂരില്‍ മൂന്ന് സ്റ്റേഡിയങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുമെന്നും വി. അബ്ദുറഹ്മാന്‍ എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."