തനിമ നിലനിര്‍ത്തിയ വൈലാശ്ശേരിയിലെ ചായക്കടക്ക് 60-ാം പിറന്നാള്‍
നിലമ്പൂര്‍: ചാലിയാര്‍ പഞ്ചായത്തിലെ വൈലാശ്ശേരിയിലെത്തിയാല്‍ ചൂരക്കുന്നന്‍ സുഭദ്രയുടെ ചായക്കട കണ്ടാല്‍ ന്യൂജെന്‍ പിള്ളേര്‍ക്ക് അല്‍ഭുതമാകും. പഴമയുടെ തനിമ നിലനിര്‍ത്തിയുള്ള ചായക്കട. ഗ്യാസ് സ്റ്റൗ ഇല്ല, ഇതുവരെ കെട്ടിടം പെയിന്റ് പൂശിയിട്ടില്ല, 60 വര്‍ഷം മുന്‍പത്തെ ബെഞ്ചും ഇരിപ്പിടങ്ങളുമാണിവിടെയുള്ളത്. ഇവിടെയെത്തുന്നവര്‍ക്ക് പഴയ തലമുറക്ക് മറക്കാനാകാത്ത പാത്രങ്ങളും ചായ ഉപകരണങ്ങളും കൊണ്ടുള്ള അടിപൊളി ചായ രുചിക്കാം. നാട്ടില്‍ കാലഘട്ടത്തിന് അനുസരിച്ച് പല ഹോട്ടലുകളും ചായക്കടകളും മാറി കൊണ്ടിരിക്കുമ്പോഴും പഴയ കാലത്തിന്റെ ഓര്‍മ നിലനിറുത്തി മാറ്റങ്ങളില്ലാതെയാണ് അച്ഛന്റെ ആഗ്രഹത്തിനനുസരിച്ച് ഈ ചായക്കട അമ്മയും മക്കളും മുന്നോട്ട് കൊണ്ടുപോകുന്നത്.
60 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് രാജുവിന്റെ പിതാവ് വേലായുധനും, ഭാര്യ സുഭദ്രയും ചേര്‍ന്ന് ഓടിട്ട ചെറിയ കെട്ടിടത്തില്‍ ചായക്കട തുടങ്ങിയത്. നാല് വര്‍ഷം മുന്‍പ് വേലായുധന്‍ മരിച്ചതോടെ ഭാര്യ സുഭദ്രയും മക്കളായ രാജു, രാധാകൃഷ്ണന്‍, മോഹന്‍ദാസ് എന്നിവരാണ് കട നടത്തി വരുന്നത്. ഹോട്ടലുകള്‍ ഗ്യാസ് സിലണ്ടറുകളെ ആശ്രയിച്ചാണ് ഇപ്പോള്‍ മുന്നോട്ടു പോകുന്നതെങ്കില്‍ 60 വര്‍ഷം മുന്‍പ് വേലായുധന്‍ ചായക്കട തുടങ്ങിയ സമയത്തെ അടുപ്പില്‍ വിറക് ഉപയോഗിച്ചാണ് ചായയും പലഹാരങ്ങളും ഇപ്പോഴും ഉണ്ടാക്കുന്നത്.
പെയിന്റ് പോലും അടിക്കാതെ പഴയ കെട്ടിടത്തില്‍ തന്നെയാണ് ചായക്കട പ്രവര്‍ത്തിക്കുന്നത്. ഇടക്ക് ഓടുകള്‍ ഇറക്കി കയറ്റും.1939ലെ ഓടുകള്‍ ഉപയോഗിച്ചാണ് കെട്ടിടം മേഞ്ഞിട്ടുള്ളത്. വേലായുധര്‍ ചായക്കട തുടങ്ങുമ്പോള്‍ ചായയും കപ്പ വേവിച്ചതുമായിരുന്നു പ്രധാന വിഭവങ്ങള്‍. പിന്നീട് ദോശയും പുട്ടും കടന്നു വന്നു.
ഇന്നും പിതാവിന്റെ സ്മരണയില്‍ ഇവിടെ എത്തുന്നവര്‍ക്ക് കപ്പയും ദോശയും, പുട്ടുമെല്ലാം ലഭിക്കും. വേലായുധന്‍ കട തുടങ്ങുമ്പോള്‍ ഉപയോഗിച്ച മേശയും, ബെഞ്ചും ഇന്ന് പുതിയ ആളുകള്‍ക്ക് ഇരിപ്പിടമാകുന്നു. ചായക്കടയിലെ ചെറിയ റൂമില്‍ പലച്ചരക്ക് കടയുമുണ്ട്. ഇവിടെ സാധനങ്ങള്‍ തൂക്കുവാന്‍ ഉപയോഗിക്കുന്നത് പഴയ ത്രാസാണ്. കാഞ്ഞിരപ്പുഴയോടെ ചേര്‍ന്നാണ് 70 വര്‍ഷമായി പേരില്ലാത്ത ഈ ചായക്കടയുള്ളത്. കാഞ്ഞിരപ്പുഴയിലൂടെ ഈ കാലയളവില്‍ കണക്കില്ലാത്ത വെള്ളം ഒഴുകി പോയി പഴയതലുറയില്‍ പലരും കാലയവനികക്കുള്ളില്‍ മറയുകയും പുതിയ തലമുറകള്‍ കടന്നുവരികയും ചെയ്തിട്ടും മാറ്റങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കാതെ തലയെടുപ്പോടെ നില്‍ക്കുകയാണ് ഈ ചായക്കടയും വേലായുധന്റെ പിന്‍മുറക്കാരും.
കൃഷിയേ ഏറെ സ്‌നേഹിച്ചിരുന്ന വേലായുധന്‍ കച്ചവടത്തിനു പുറമേ കാലി വളര്‍ത്തലിലും സജീവമായിരുന്നു. പിതാവിന്റെ പാത പിന്‍തുടരുന്ന മക്കള്‍ കൃഷിയിലും കാലി വളര്‍ത്തലിലും സജീവമാണ്. ചായക്കടയില്‍ നിന്നും ലഭിക്കുന്ന വരുമാനം മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്നും പിതാവ് ഏറെ സ്‌നേഹിച്ചിരുന്ന ചായക്കട തനിമ നഷ്ടമാകാതെ സൂക്ഷിക്കുക എന്ന ആഗ്രഹം ഉണ്ടെന്നും രാജു പറഞ്ഞു.. മങ്കട ഗവ.കോളജില്‍ നിന്നും എന്‍.എസ്.എസ്.ക്യാംപിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് കപ്പയും കഞ്ഞിയും സൗജന്യമായി നല്‍കി. ചായക്കട തുടങ്ങിയപ്പോള്‍ പിതാവ് ആദ്യമായി ഉണ്ടാക്കിയ പലഹാരമെന്ന നിലയിലാണ് വിദ്യാര്‍ഥികള്‍ക്ക് കപ്പ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."