വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കല്‍: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മാറ്റിവച്ചു
തളിപ്പറമ്പ്: ദുരൂഹമായി മരിച്ച ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്ത കേസില്‍ പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയല്‍ സ്വാതന്ത്ര്യ ദിനാവധിക്ക് ശേഷം പരിഗണിക്കും.
ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍തോമസ് വിധി പറയാന്‍ മാറ്റി വെക്കുകയായിരുന്നു. ജാനകിയും ബാലകൃഷ്ണനുമായുള്ള വിവാഹസര്‍ട്ടിഫിക്കറ്റ് നിയമപരമാണെന്നും അതുവഴിയാണ് സ്വത്തുക്കള്‍ തങ്ങള്‍ക്ക് വന്നുചേര്‍ന്നതെന്നുമാണ് പ്രതിഭാഗത്തിന്റെ പ്രധാനവാദം. മാത്രമല്ല ഈ ബന്ധത്തിന്റെ പേരിലാണ് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കഴിഞ്ഞ ബാലകൃഷ്ണനെ 25 ദിവസം ശൈലജ പരിചരിച്ചതെന്നും പ്രതിഭാഗത്തിനായി എം. ശശീന്ദ്രന്‍ വാദിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങളോരോന്നും തെളിവുകള്‍ ഹാജരാക്കി പ്രോസിക്യൂഷന്‍ എതിര്‍ത്തു. ബാലകൃഷ്ണന്റെയും ജാനകിയുടെയും വിവാഹം നടന്നത് പ്രതികള്‍ ഹാജരാക്കിയ രേഖകളനുസരിച്ച് 1980 ഏപ്രില്‍ 27നാണ്. എന്നാല്‍ തെളിവായി ഹാജരാക്കിയ ക്ഷണക്കത്ത് തയ്യാറാക്കിയത് 1990നു ശേഷം നിലവില്‍ വന്ന കംപ്യൂട്ടര്‍ ഡി.ടി.പി പ്രിന്റിലാണെന്നും 1988 ഓഗസ്റ്റ് 25ന് മരിച്ച ഡോ. കുഞ്ഞമ്പുനായരെ 1980ല്‍ നടന്ന വിവാഹ ക്ഷണക്കത്തില്‍ പരേതനെന്നാണ് കാണിച്ചിരിക്കുന്നുവെന്നതിന്റെയും ജാനകി ഇതേ കാലയളവില്‍ കെ. ശ്രീധരന്‍ എന്നയാളുടെ ഭാര്യയെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അഗതി പെന്‍ഷനും ബാലകൃഷ്ണന്റെ ഭാര്യയെന്ന് അവകാശപ്പെട്ട് കുടുംബപെന്‍ഷനും വാങ്ങിയതിന്റെയും രേഖകള്‍ പൊലിസിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിലെ സീനിയര്‍ ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി കോടതിയില്‍ ഹാജരാക്കി.
പ്രതികള്‍ ഉന്നതരായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും കേസന്വേഷണം പൂര്‍ത്തികരിക്കാന്‍ പൊലിസിന് ചോദ്യം ചെയ്യേണ്ടതിനാലും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി 16ലേക്ക് മാറ്റിയത്. അതേസമയം ബാലകൃഷ്ണന്റെ ജേഷ്ഠസഹോദരന്‍ പരേതനായ കുഞ്ഞിരാമന്റെ മക്കള്‍ മുത്തച്ഛനായ ഡോ. കുഞ്ഞമ്പുനായരുടെ സ്വത്തുക്കളിലെ കൈയ്യേറ്റമൊഴിപ്പിക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നല്‍കാനിരുന്നത് മാറ്റിവച്ചു. പയ്യന്നൂര്‍ സബ് കോടതിയില്‍നിന്ന് മുമ്പ് സ്വത്ത് ഭാഗിക്കുന്നതിന് വിധി സമ്പാദിച്ച ഡോ.കുഞ്ഞമ്പുനായരുടെ മകള്‍ വിജയലക്ഷ്മി നല്‍കുന്ന പരാതിയില്‍ കക്ഷി ചേരുന്നതാണ് ഗുണകരമാകുകയെന്ന നിയമോപദേശത്തെതുടര്‍ന്നാണ് പരാതി നല്‍കുന്നത് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."