വിജയം @150
ഇന്ത്യ: 443-7 ഡിക്ലയര്‍, 106-8 ഡിക്ലയര്‍, ആസ്‌ത്രേലിയ: 151, 261, മാന്‍ ഓഫ് ദി മാച്ച്: ബുംമ്ര
മെല്‍ബണ്‍: 37 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മെല്‍ബണില്‍ ചരിത്രം രചിച്ചു ടീം ഇന്ത്യ. ആസ്‌ത്രേലിയയെ 137 റണ്‍സിന് കീഴടക്കി ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ 2-1 ന് മുന്നിലെത്തി. ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ 150 ാം വിജയം
.
മഴ കളിച്ചു തുടങ്ങിയ അഞ്ചാം ദിനത്തില്‍ എട്ട് വിക്കറ്റിന് 258 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസീസിനെ നാല് റണ്‍സ് മാത്രം എടുക്കാന്‍ അനുവദിച്ച ഇന്ത്യ വിജയം എറിഞ്ഞു വീഴ്ത്തി.
ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്രയാണ് കളിയിലെ കേമന്‍. ഒരു ടെസ്റ്റ് കൂടി ബാക്കി നില്‍ക്കേ പരമ്പര സമനിലയിലായാലും ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി ഇന്ത്യക്ക് സ്വന്തമാകും.
5.3 ഓവറില്‍ വിജയം141 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശാനിറങ്ങിയ പാറ്റ് കമ്മിന്‍സിന് രണ്ട് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കുന്നതിനിടെ പിഴച്ചു. 63 റണ്‍സെടുത്ത കമ്മിന്‍സിനെ ചേതേശ്വര്‍ പൂജാരയുടെ കൈകളില്‍ എത്തിച്ച് ബുംമ്ര പവലിയനിലേക്ക് വഴികാട്ടി.
പാറ്റിന് കൂട്ടായി ആറു റണ്‍സുമായി ക്രീസിലെത്തിയ നഥാന്‍ ലിയോണിന് കിട്ടിയത് ഒരു റണ്‍സ്. ഇഷാന്ത് ശര്‍മയുടെ പന്തില്‍ ഋഷഭ് പന്തിന് പിടിനല്‍കി നഥാന്‍ ലിയോണ്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ച് കൂടാരം കയറി. ജോഷ് ഹെയ്‌സല്‍വുഡ് (0) പുറത്താകാതെ നിന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിജയ ലക്ഷ്യത്തിലേക്ക് എത്താന്‍ 5.3 ഓവര്‍ മാത്രമാണ് എറിയേണ്ടി വന്നത്.
വിജയം വൈകിച്ചു മഴ
വിജയം നേടാനുള്ള ഇന്ത്യയുടെ മോഹത്തിന് തടസമായി മെല്‍ബണില്‍ രാവിലെ തന്നെ മഴ കളിച്ചു തുടങ്ങി. രാവിലെ 11 ഓടെ മത്സരം തുടങ്ങാമെന്ന പ്രതീക്ഷയുമായി ടീം ഇന്ത്യയും ബാറ്റ്‌സ്മാന്മാരും മൈതാനത്തിറങ്ങി. വീണ്ടും മഴ പെയ്തിറങ്ങിയതോടെ ബാറ്റ്‌സ്മാന്മാര്‍ ക്രീസ് വിട്ടു. ഇന്ത്യയുടെ വിജയ ദാഹം വൈകിപ്പിച്ച് മഴ തിമിര്‍ത്തു പെയ്തു. ഉച്ചഭക്ഷണത്തിന് സമയമായതോടെ ഇന്ത്യയുടെ വിജയ മോഹത്തിന് മീതെ ആകാശം തെളിഞ്ഞു.
150 ാം ടെസ്റ്റ് വിജയം
മെല്‍ബണ്‍: ഓസീസിനെ മെല്‍ബണില്‍ വീഴ്ത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ സ്വന്തമാക്കിയത് 150 ാം വിജയം. 1932 ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മെല്‍ബണില്‍ പൂര്‍ത്തിയാക്കിയത് 532 ടെസ്റ്റ് മത്സരമാണ്. ഇംഗ്ലണ്ടിനെതിരേ തോല്‍വിയോടെ ടെസ്റ്റിലെ അരങ്ങേറ്റം. 1952 ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിന് എതിരേയായിരുന്നു ആദ്യ വിജയം. ടെസ്റ്റ് ക്രിക്കറ്റിലെ വിജയങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. 384 ടെസ്റ്റുകളില്‍ വിജയിച്ച ആസ്‌ത്രേലിയയാണ് മുന്നില്‍. ഇംഗ്ലണ്ട് (364), വെസ്റ്റിന്‍ഡീസ് (171), ദക്ഷിണാഫ്രിക്ക (162) എന്നിവരാണ് ഇന്ത്യക്ക് മുന്നില്‍.
കോഹ്‌ലി
ഗാംഗുലിക്കൊപ്പം
മെല്‍ബണ്‍: ആസ്‌ത്രേലിയയ്‌ക്കെതിരായ വിജയത്തോടെ വിദേശ ടെസ്റ്റ് വിജയങ്ങളില്‍ സൗരവ് ഗാംഗുലിക്ക് ഒപ്പം പിടിച്ച് വിരാട് കോഹ്‌ലി. ഏറ്റവും കൂടുതല്‍ വിദേശ ടെസ്റ്റ് വിജയം സമ്മാനിച്ച നായകനെന്ന പദവിയാണ് കോഹ്‌ലി ഗാംഗുലിയുമായി പങ്കിട്ടത്. വിദേശത്ത് 24 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച കോഹ്‌ലി 11 വിജയങ്ങള്‍ സമ്മാനിച്ചു. ഗാംഗുലിയുടേത് 28 ടെസ്റ്റുകളില്‍ 11 വിജയവും. 2016-17 സീസണില്‍ ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി നേടിയ കോഹ്‌ലി അത് നിലനിര്‍ത്തുന്ന ആദ്യ നായകന്‍ കൂടിയായി. പരമ്പര ഇന്ത്യ തോല്‍ക്കില്ലെന്ന് ഉറപ്പായതോടെയാണിത്.
വിക്കറ്റില്‍
റെക്കോര്‍ഡ് വീഴ്ത്തി ഇഷാന്ത്
ഓസീസിന്റെ അവസാന വിക്കറ്റായ നഥാന്‍ ലിയോണിനെ പുറത്താക്കിയതോടെ ഇഷാന്ത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ആറാമത്തെ ബൗളറായി. ബിഷന്‍ സിങ് ബേദിയുടെ (266) നേട്ടത്തെയാണ് ഇഷാന്ത് മറികടന്നത്. അനില്‍ കുംബ്ലെ (619), കപില്‍ ദേവ് (434), ഹര്‍ഭജന്‍ സിങ് (417), ആര്‍. അശ്വിന്‍ (342), സഹീര്‍ ഖാന്‍ (311) എന്നിവരാണ് ഇഷാന്തിന് മുന്നിലുള്ളത്.
തോല്‍വിക്ക് കാരണം
പിച്ച് ക്യൂറേറ്റര്‍:
ടിം പെയ്ന്‍
മെല്‍ബണ്‍: ഇന്ത്യക്ക് മുന്നില്‍ ചുവടുതെറ്റി വീണതോടെ പിച്ച് ക്യൂറേറ്ററെ പ്രതിക്കൂട്ടിലാക്കി ഓസീസ് നായകന്‍. പിച്ച് ഇന്ത്യക്ക് അനുകൂലമായി ഒരുക്കിയതാണ് മെല്‍ബണിലെ തോല്‍വിക്ക് കാരണമെന്ന് ക്യാപ്റ്റന്‍ ടിം പെയ്ന്‍ കുറ്റപ്പെടുത്തി. എതിരാളിയുടെ കരുത്തിന് അനുസരിച്ചുള്ള പിച്ച് ഒരുക്കരുതായിരുന്നു. ഇന്ത്യയില്‍ എത്തിയാല്‍ ഒരിക്കലും പച്ചപ്പുള്ള പിച്ച് കിട്ടില്ല. പിച്ച് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്നും പെയ്ന്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."