കുമ്മനത്തിനെതിരേ പോസ്റ്റ്: യുവമോര്‍ച്ച നേതാവിനെ ആക്രമിച്ച കേസില്‍ മൂന്ന് ആര്.എസ്.എസ് നേതാക്കളെ അറസ്റ്റില്‍
കൊടുങ്ങല്ലൂര്‍: യുവമോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസില്‍ മൂന്ന് ആര്.എസ്.എസ് നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ പറമ്പികുളങ്ങര സ്വദേശിയും ആര്.എസ്.എസ് താലൂക്ക് കാര്യവാഹകുമായ ജെമി (30), കാര കാതിയാളം ഫിഷറീസ് സ്കൂള്‍ സ്വദേശി അഖില്‍ പി മുരളി (24), പൊടിയന് ബസാര്‍ സ്വദേശി അപ്പുണ്ണി എന്ന രാജേഷ് (29) എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്.
യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം പോണത്ത് അനീഷിനെ (31) യാണ് തിങ്കളാഴ്ച രാത്രി ഒന്‍പത് മണിക്ക് ശ്രീകുരുംബ ക്ഷേത്രാങ്കണത്തില്‍ വച്ച് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ക്ഷേത്രത്തിനകത്തെ ആര്.എസ്.എസ് ശാഖയില്‍ പങ്കെടുത്ത് പ്രാര്‍ഥന ചൊല്ലിക്കൊണ്ടിരുന്ന സംഘം തന്നെ കണ്ടതോടെ ഇറങ്ങി വന്ന് ഇരുമ്പ് പൈപ്പും ഇടിക്കട്ടയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് അനീഷ് പറഞ്ഞു.
ആര്.എസ്.എസ് ശാഖാ മുഖ്യശിക്ഷകും ബാലഗോകുലം എറിയാട് പഞ്ചായത്ത് പ്രമുഖും യുവമോര്‍ച്ച കൈപ്പമംഗലം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയുമായിരുന്ന അനീഷ് കഴിഞ്ഞ ദിവസം ബി.ജെ പി സംസ്ഥാന നേതൃത്വത്തിനെതിരേ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. 'തെറ്റ് ചെയ്ത് കൊള്ളൂ, പറയരുത്' എന്ന ശീര്‍ഷകത്തില്‍ വി.വി രാജേഷിനെ നീക്കം ചെയ്തത് സംബന്ധിച്ചിട്ട പോസ്റ്റില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ രൂക്ഷ വിമര്‍ശങ്ങള്‍ നടത്തിയിരുന്നു പോസ്റ്റ്.
കൂടാതെ എടവിലങ്ങ് ഇടത് ആഹ്ലാദ പ്രകടനത്തിനിടെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പ്രമോദിന്റെ കുടുംബ സഹായ ഫണ്ടിന്റെ പേരില്‍ ആര്.എസ്.എസ് താലൂക്ക് നേതൃത്വം നടത്തിയ തിരിമറിക്കെതിരേ അനീഷ് ജില്ലാ കാര്യവാഹക് ലൗലേഷിനോട് പരാതി ബോധിപ്പിക്കുകയും ചെയ്തതാണ് തന്നെ ആക്രമിക്കാന്‍ കാരണമെന്ന് അനീഷ് പറഞ്ഞു.
എടവിലങ്ങ് ഗ്രാമ പഞ്ചായത്തിലെ പൊടിയന് ബസാറില്‍ നിന്ന് ആര്.എസ്.എസ് പ്രതിനിധിയായി ജയിച്ച സുരേഷ്, എടവിലങ്ങ് സൊസൈറ്റി സ്വദേശി അനീഷ്, ആര്.എസ്.എസ് നടത്തുന്ന എടവിലങ്ങ് സുകൃതം സദനത്തിന്റെ കോര്‍ഡിനേറ്റര്‍ ടി.എസ് ശര്‍മ്മാനന്ദ് എന്നിവരും തന്നെ ആക്രമിച്ച സംഘത്തിലുണ്ടെന്ന് അനീഷ് പറഞ്ഞു.
തന്നെ അക്രമിച്ചതില്‍ ബി.ജെ.പിയുടെയും യുവമോര്‍ച്ചയുടെയും ആര്.എസ്.എസിന്റെയും ജില്ലാ നേതൃത്വത്തിനും പങ്കുള്ളതായി അനീഷ് ആരോപിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗമായ തനിക്ക് നേരെ വധശ്രമമുണ്ടായിട്ടും ബി.ജെ.പിയുടെയോ യുവമോര്ച്ചയുടെയോ ഭാഗത്ത് നിന്ന് ഒരു പ്രതികരണം പോലും ഉണ്ടായിട്ടില്ല. നേതൃത്വത്തില്‍ നിന്ന് ഒരാള്‍ പോലും മൂന്ന് ദിവസമായിട്ടും ആശുപത്രിയിലോ വീട്ടിലോ തന്നെ സന്ദര്‍ശിച്ചില്ലെന്നും അനീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."