സുനന്ദയുടെ മരണം: വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ റിപബ്ലിക് ടി.വിക്ക് അനുമതി
ന്യൂഡല്‍ഹി: സുനന്ദാ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേഷണംചെയ്യുന്നതില്‍ നിന്ന് സംഘ്പരിവാര സഹയാത്രികന്‍ അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടി.വിയെ വിലക്കണമെന്ന കോണ്‍ഗ്രസ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചു. ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച ജസ്റ്റിസ് മന്‍മോഹന്‍ സിങ്ങിന്റെ ബെഞ്ച്, കേസില്‍ പ്രതികരണം ആരാഞ്ഞ് അര്‍ണബിനും ചാനല്‍ മാനേജ്‌മെന്റിനും നോട്ടീസയച്ചു. കേസില്‍ വിശദമായ വാദംകേള്‍ക്കേണ്ടതുണ്ടെന്നും അതിനു ശേഷമെ അന്തിമവിധി പുറപ്പെടുവിക്കാന്‍ കഴിയൂവെന്നും ജഡ്ജി വ്യക്തമാക്കി. ഏതെങ്കിലും ചാനലിന്റെ നയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു.
സുനന്ദയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കും വരെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മെയിലാണ് തരൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. മെയ് എട്ടിനും 13നും ഇടയില്‍ ചാനല്‍ സംപ്രേഷണംചെയ്ത വാര്‍ത്തകള്‍ തനിക്കു മാനഹാനിയുണ്ടാക്കുന്നതിനാല്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും തരൂര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി, റിപ്പബ്ലിക് ചാനലിന്റെ പ്രധാന ഓഹരി ഉടമകളായ എ.ആര്‍.ജി ഔട്ട്‌ലയര്‍ മീഡിയ, എ.എന്‍.പി.എല്‍ എന്നിവരെയും എതിര്‍കക്ഷികളാക്കിയാണ് തരൂര്‍ കേസ് ഫയല്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."