ഗൃഹനാഥനെ മര്‍ദിച്ച് പണംതട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍
വെഞ്ഞാറമൂട്: ഗൃഹനാഥനെ മര്‍ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ വെഞ്ഞാറമൂട് പൊലിസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. നെല്ലനാട് മണ്ണാത്തിക്കുടി രേവതി ഭവനില്‍ അജയകുമാര്‍ (45) ആണ് അറസ്റ്റിലായത്. മാണിക്കല്‍ പിച്ചിമംഗലം കൈലാസം വീട്ടില്‍ പരമേശ്വരന് പിള്ള (68) ക്കാണ് മര്‍ദനമേറ്റതും പണം നഷ്ടപ്പെട്ടതും.
ഇക്കഴിഞ്ഞ ജൂണ്‍ 30ന് വൈകിട്ട് 4.30 പുല്ലമ്പാറ പാലം ജങ്ഷനില്‍ ആയിരുന്നു സംഭവം. സ്കൂട്ടറില്‍ പോവുകയായിരുന്ന പരമേശ്വരന് പിള്ളയെ ബൈക്കില്‍ പിന്തുടന്ന് പാലം ജങ്ഷനില്‍ തടഞ്ഞുനിര്‍ത്തുകയും സ്കൂട്ടറില്‍ നിന്നും ചവിട്ടി നിലത്തിടുകയും പോക്കറ്റിലുണ്ടായിരുന്ന 3500 രൂപ തട്ടിയെടുക്കുകയും ചെയ്തു. എതിര്‍ത്തതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തും അജയകുമാറും ചേര്‍ന്ന് വീണ്ടും മര്‍ദ്ദിച്ചു.
സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പരമേശ്വരന് പിള്ള വെഞ്ഞാറമൂട് പൊലിസില്‍ പരാതി നല്കി. ഇതറിഞ്ഞ് മുങ്ങിയ പ്രതികളിലൊരാളായ അജയകുമാര്‍ കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് ബസ്സ്റ്റാന്‍ഡ് പരിസരത്തുണ്ടന്ന് വിവരം കിട്ടിയ പൊലിസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."