സോളാര്‍ ചൂടിനിടെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്
തിരുവനന്തപുരം: സോളാര്‍ വിവാദം കത്തിനില്‍ക്കുന്നതിനിടെ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. സോളാര്‍ പ്രധാന ചര്‍ച്ചാ വിഷയമാക്കാന്‍ ഐ ഗ്രൂപ്പും പ്രതിരോധിക്കാന്‍ എ ഗ്രൂപ്പും രംഗത്തുവരുന്നതോടെ ചൂടേറിയ വാദങ്ങള്‍ക്ക് ഇന്ദിരാഭവന്‍ ഇന്ന് സാക്ഷിയാകും.
ലൈംഗിക ആരോപണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെങ്കിലും സോളാര്‍ അഴിമതിയില്‍ ഊന്നിയായിരിക്കും ആരോപണവിധേയര്‍ക്കെതിരേയുള്ള നീക്കം. മുഖ്യമന്ത്രിയുടെ ഓഫിസിനെ ദുരുപയോഗം ചെയ്തുവെന്ന ആരോപണവും ഗുരുതര വിഷയമായി ഐ ഗ്രൂപ്പ് ഉയര്‍ത്തിക്കൊണ്ടുവരും. എന്നാല്‍, സോളാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടിക്കു മുന്‍പ് നിയമോപദേശം തേടാനുള്ള സര്‍ക്കാരിന്റെ തീരുമാനം പിടിവള്ളിയാക്കിയായിരിക്കും എ ഗ്രൂപ്പ് പ്രതിരോധം ഒരുക്കുക.
നേതാക്കളെ സര്‍ക്കാര്‍ തേജോവധം ചെയ്യാന്‍ ശ്രമിച്ചെന്ന വാദമായിരിക്കും എ ഗ്രൂപ്പ് യോഗത്തില്‍ ഉന്നയിക്കുക. സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയതും കമ്മിഷന്‍ ടേംസ് ഓഫ് റഫറന്‍സില്‍നിന്ന് പുറത്തുപോയി എന്നതും എ ഗ്രൂപ്പ് ഉയര്‍ത്തിക്കാണിക്കും.
സര്‍ക്കാര്‍ നടപടികളുടെ പാളിച്ച ചൂണ്ടിക്കാണിച്ച് ശക്തമായി പ്രതിരോധിക്കാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. വി.എം സുധീരനും വി.ഡി സതീശനും സോളാര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള സാഹചര്യം ഗൗരവമേറിയതാണെന്ന് തുറന്നടിച്ചതിനെ എ ഗ്രൂപ്പ് യോഗത്തില്‍ ചോദ്യംചെയ്യും.
കേരളത്തിലെ കോണ്‍ഗ്രസില്‍നിന്ന് എ ഗ്രൂപ്പിനെ തൂത്തെറിയാന്‍ വൈരംമറന്ന് ഐ ഗ്രൂപ്പ് നേതാവ് രമേശ് ചെന്നിത്തലക്ക് വി.എം സുധീരനും വി.ഡി സതീശനും രഹസ്യ പിന്തുണ നല്‍കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിയുടെ പിന്തുണയും എതിര്‍ചേരിക്ക് ലഭിച്ചതായാണ് സൂചന.
വി.എം സുധീരനും വി.ഡി സതീശനും രാഷ്ട്രീയകാര്യ സമിതിയില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും തുടര്‍നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."