അറിയുക മിന്നലിനെ
അന്തരീക്ഷത്തില്‍ ശേഖരിക്കപ്പെടുന്ന സ്ഥിത വൈദ്യുതോര്‍ജം സ്വയം മോചനം നേടുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണ് മിന്നല്‍. മിക്കപ്പോഴും ഇലക്‌ട്രോണുകളുടെ പ്രവാഹമായും മിന്നല്‍ രൂപപ്പെടാറുണ്ട്. സാധാരണ മേഘങ്ങളില്‍നിന്ന് ഭൂമിയിലേക്കും മേഘങ്ങളില്‍ നിന്ന് മേഘങ്ങളിലേക്കും മിന്നല്‍ പ്രവഹിക്കാം. മിന്നല്‍പിണരുകള്‍ 60,000 മീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്നു. അതേസമയം ഊഷ്മാവ് 30,000 ഡിഗ്രി സെല്‍ഷ്യസ് (54,000 ഡിഗ്രി ഫാരന്‍ഹീറ്റ്) ഉയരുന്നു.
വേനലില്‍ മഴക്കൊപ്പമാണ് മിന്നല്‍ കൂടുതലായി കാണപ്പെടുന്നതെങ്കിലും മഴക്കാലത്ത് കുറഞ്ഞ തോതിലെങ്കിലും ഉണ്ടാകാം. അഗ്‌നിപര്‍വത സ്‌ഫോടനസമയത്ത് തുടര്‍ച്ചയായി മിന്നലുകള്‍ ഉണ്ടാവാറുണ്ട്. മിന്നല്‍ വായുവിനെ കീറിമുറിക്കുമ്പോള്‍ ഉണ്ടാകുന്ന ഭയാനകമായ ശബ്ദത്തെയാണ് ഇടിമുഴക്കം എന്നു പറയുന്നത്. കേരളത്തില്‍ തുലാം മാസത്തില്‍ വൈകുന്നേരങ്ങളില്‍ കൂടുതലായി മിന്നല്‍ ഉണ്ടാകുന്നു. വേനല്‍ മഴയോടനുബന്ധിച്ച് രാത്രിയിലും മിന്നല്‍ ഉണ്ടാകാം.
ഭൗമിക വിദ്യുത്‌വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ഇടിമിന്നല്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്. ഭൂമിക്ക്, ഓസോണ്‍ ഉണ്ടാകുമ്പോഴും വിവിധ മാനുഷിക പ്രവര്‍ത്തനങ്ങളിലൂടെയും നഷ്ടമാകുന്ന ഊര്‍ജത്തെ തിരികെ ഭൂമിയിലെത്തിക്കാന്‍ മിന്നലുകള്‍ സഹായിക്കുന്നു.
മിന്നലിനെ അറിയുക
ഭൗമോപരിതലത്തിനു മുകളില്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മേഘങ്ങള്‍ മറ്റു മേഘങ്ങള്‍ക്കു മുകളിലായി ഭൂമിക്ക് സമാന്തരമായി അനേകം കിലോമീറ്ററുകളില്‍ പരന്നുകിടക്കുന്നു. ഈ മേഘങ്ങളില്‍ വിവിധങ്ങളായ പദാര്‍ഥങ്ങള്‍ ഉണ്ടായിരിക്കും. ശക്തമായ വായുപ്രവാഹം ഇവയെ മുകളിലേക്കും താഴേക്കും ചലിപ്പിക്കും. അനുകൂല ഘര്‍ഷണം ചെറിയ കണികകള്‍ക്ക് ഋണചാര്‍ജും വലിയകണികകള്‍ക്ക് ധനചാര്‍ജും കൈവരുത്തുന്നു. വായുപ്രവാഹവും ഗുരുത്വാകര്‍ഷണഫലവും മേഘത്തിനുമുകളില്‍ ഋണചാര്‍ജും താഴെ ധനചാര്‍ജും ഉളവാക്കുന്നു. ഇപ്രകാരം മേഘത്തിന്റെ കീഴ്ത്തട്ടും മേല്‍ത്തട്ടും തമ്മിലും മേഘത്തിന്റെ കീഴ്ത്തട്ട് ഭൂമിയും തമ്മിലും വൈദ്യുതവോള്‍ട്ടേജ് ഉണ്ടാവുന്നു. വളരെ ഉയര്‍ന്ന ഈ വോള്‍ട്ടേജില്‍ (ഏകദേശം 10 കോടി മുതല്‍ 100 കോടി വരെ) വായുവിന്റെ ഇന്‍സുലേഷന്‍ നഷ്ടപ്പെട്ട് ചാര്‍ജ് അങ്ങോട്ടുമിങ്ങോട്ടും അതിവേഗത്തില്‍ പ്രവഹിക്കുന്നു. അപ്പോഴുണ്ടാവുന്ന വൈദ്യുത തീപ്പൊരിയാണ് മിന്നലായി മാറുന്നത്.
സ്ഥവര വൈദ്യുതീകരണം
ഭൗമോപരിതലത്തില്‍ നിന്ന് 50 കിലോമീറ്ററിനു മുകളിലുള്ള വായുമണ്ഡലം അയോണുകളുടെ മണ്ഡലമായി നിലനില്‍ക്കുന്നു. തുടര്‍ന്ന് സൂര്യനില്‍നിന്നും മറ്റുമുള്ള ഊര്‍ജകണങ്ങളും വൈദ്യുതകാന്തിക തരംഗങ്ങളും വായുമണ്ഡലത്തിന്റെ ഉപരിതലത്തെ അയോണീകരിക്കുന്നു. ഭൂമി ഋണചാര്‍ജുള്ള നല്ലൊരു ചാലകമാണ്. ഭൂമിയുടെ ഉപരിതലവും അയണോസ്ഫിയറിന്റെ അടിഭാഗവും കപ്പാസിറ്ററിന്റെ രണ്ടു പ്ലേറ്റുകളായും ഇടയ്ക്കുള്ള അന്തരീക്ഷം ഡൈ ഇലക്ട്രിക് വസ്തുവായും പ്രവര്‍ത്തിക്കുന്നു.
നല്ല കാലാവസ്ഥയില്‍ ഈ രണ്ടു മണ്ഡലങ്ങളും തമ്മില്‍ 200500 കി. വോള്‍ട്ട് വ്യത്യാസം ഉണ്ടാകാം. ചില വസ്തുക്കള്‍ അവയില്‍ ഘര്‍ഷണം മൂലമോ മറ്റോ സ്വയം ഋണ ഊര്‍ജകണങ്ങളെ സംഭരിക്കാന്‍ ശേഷിയുള്ളവയാണ്. ഇതാണ് സ്റ്റാറ്റിക് വൈദ്യുതി. എന്നാല്‍ ഊര്‍ജം പരിധിയില്‍ കൂടുതല്‍ ആവുകയോ എതിര്‍ ഊര്‍ജകേന്ദ്രം അടുത്ത് പ്രഭാവലയത്തില്‍ എത്തുകയോ ചെയ്താല്‍ ഈ ഊര്‍ജം ഏറ്റവും പ്രതിരോധം കുറഞ്ഞ വഴിയിലൂടെ മറ്റേ വസ്തുവിലേക്കു ബഹിര്‍ഗമിക്കുന്നു. ഇതാണ് സ്ഥവര വൈദ്യുതീകരണം. ഇതേ പ്രതിഭാസത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നലുകളും ഉണ്ടാവുന്നത്.
മിന്നലിന്റെ സഹായം
അന്തരീക്ഷ വായുവില്‍ വൈദ്യുതചാലകങ്ങള്‍ ഉള്ളതിനാല്‍ അയണമണ്ഡലത്തില്‍നിന്നു പോസിറ്റിവ് ചാര്‍ജ് ഭൂമിയിലെത്തുന്നു. ഈ ചോര്‍ച്ച സന്തുലനാവസ്ഥയിലുള്ള വോള്‍ട്ടേജിനു കുറവ് വരുത്തുന്നുണ്ട്. ഇതു പരിഹരിക്കാന്‍ ഇടിമിന്നല്‍ സഹായിക്കുന്നു. ഏകദേശം 2000 ഇടിമിന്നലുകള്‍ ഓരോ സെക്കന്‍ഡിലും ഉണ്ടാകുന്നുണ്ട്. മിന്നല്‍ അന്തരീക്ഷവായുവിനെ അയണീകരിക്കുന്നു. ഇപ്രകാരം നൈട്രജന്‍ ഓക്‌സൈഡ്, ഓസോണ്‍ എന്നീ രാസവസ്തുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു.
മിന്നലേറ്റാല്‍ എന്തു ചെയ്യണം
മിന്നലേറ്റാല്‍ ആദ്യം പരിഭ്രാന്തി ഒഴിവാക്കുക. പൂര്‍ണ ആത്മവിശ്വാസവും ദൃഢതയുമുണ്ടെങ്കില്‍ ഒരുപരിധി വരെ ഇതിനെ ചെറുക്കാന്‍ സാധിക്കും. മിന്നലേറ്റ് വീഴുന്നയാളുടെ ശരീരത്തില്‍ വൈദ്യുതി പ്രവാഹം ഉണ്ടാകില്ല. അടുത്തുള്ളവര്‍ ഉടന്‍ കൃത്രിമ ശ്വാസം നല്‍കുന്നത് നല്ലതായിരിക്കും. തുണിയില്‍ മുക്കി വെള്ളം നല്‍കുന്നതും നല്ലതാണ്. ഇറുകിയ വസ്ത്രങ്ങള്‍ അയച്ച് എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ന്യൂറോളജിസ്റ്റ് മുതല്‍ മനഃശാസ്ത്രജ്ഞന്റെ ചികിത്സവരെ വേണ്ടിവരും. ലോകമെങ്ങും അന്തരീക്ഷത്തില്‍ ചൂടു കൂടുന്നതിനാല്‍ മേഘങ്ങളുടെ സഞ്ചാരവേഗം വര്‍ധിക്കുന്നു. ഇതുകാരണം മിന്നലിന്റെ എണ്ണവും ഏറുകയാണ്.
ഇടിമിന്നല്‍
മേഘങ്ങളില്‍ നടക്കുന്ന വൈദ്യുതചാര്‍ജുകളുടെ പ്രവാഹമാണ് ഇടിമിന്നലിനു കാരണം. ഇപ്രകാരമുള്ള വൈദ്യുതപ്രവാഹം ഇടയിലുള്ള വായുവിനെ 20,000 ഡിഗ്രി വരെ ചൂടാക്കുന്നു. ഇതു ചുറ്റുമുള്ള വായുവിനെ ഒരു ഷോക് വേവ് ഉണ്ടാക്കി ശാബ്ദാതിവേഗത്തിലുള്ള തരംഗങ്ങള്‍ ഉണ്ടാകുന്നു. ഇവ അല്‍പദൂരത്തെ സഞ്ചാരത്തിനുശേഷം മര്‍ദം കുറഞ്ഞ് ശബ്ദത്തോടു കൂടിയുള്ള ശബ്ദതരംഗങ്ങളായി മാറുന്നു. ശബ്ദവും ജ്വാലയും ഒരുമിച്ചാണ് ഉണ്ടാവുന്നതെങ്കിലും ജ്വാല പ്രകാശപ്രവേഗത്തിലും (മൂന്ന് ലക്ഷം കി. മീ) ശബ്ദം സെക്കന്‍ഡില്‍ 340 മീറ്ററും സഞ്ചരിക്കുന്നതിനാലാണ് മിന്നല്‍ കണ്ടശേഷം ശബ്ദം കേള്‍ക്കുന്നത്. രണ്ടും ഏകദേശം ഒരേസമയത്തുതന്നെ അനുഭവപ്പെട്ടാല്‍ സമീപസ്ഥലങ്ങളിലാവാം ഇടിമിന്നലേറ്റത് എന്ന് അനുമാനിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആകാശത്ത് മഴയുടെയും ഇടിയുടെയും ലക്ഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ ടി.വി കേബിളും മറ്റും ഊരിമാറ്റുക.
മിന്നലുണ്ടാകുമ്പോള്‍ വാതില്‍, ജനല്‍ എന്നിവക്കരികെ നിന്ന് മാറിനില്‍ക്കുക. ലോഹസാധനങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക.
ചെരുപ്പ് ധരിക്കുക.
തുറസായ സ്ഥലത്തുനിന്ന് വീടിനുള്ളിലേക്കു കയറുക.
ഉയരമുള്ള ഒറ്റപ്പെട്ട മരത്തിന്റെ താഴെ നില്‍ക്കുന്നത് സുരക്ഷിതമല്ല.
കാല്‍ ചേര്‍ത്തുവച്ച് മുറിയുടെ മധ്യഭാഗത്ത് ഇരിക്കാം.
തുറസായ സ്ഥലത്ത് അകപ്പെട്ടാല്‍ വാഹനങ്ങളില്‍ ഗ്ലാസിട്ട് ഇരിക്കുന്നത് സുരക്ഷിതമാണ്.
ഇരുമ്പുവേലികള്‍, റെയില്‍പാളങ്ങള്‍, പൈപ്പുകള്‍, കെട്ടിടം എന്നിവയില്‍നിന്ന് അകന്നു നില്‍ക്കണം.
അലുമിനിയം ഉള്‍പ്പെടെ ലോഹ മേല്‍ക്കൂരയുള്ള ടെറസുകള്‍ പൊതുവെ മിന്നലിനെ ചെറുക്കും.
കോണ്‍ക്രീറ്റ് കെട്ടിടങ്ങളും താരതമ്യേന സുരക്ഷിതമാണ്.
മിന്നലുള്ളപ്പോള്‍ ലാന്‍ഡ്‌ഫോണും ടി.വിയും മറ്റ് ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കരുത്.
അകലെ ഇടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ മുന്‍കരുതലെടുക്കണം.
ബെഞ്ചമിന്‍ ഫ്രാങ്കഌന്റെ പരീക്ഷണം
ബെഞ്ചമിന്‍ ഫ്രാങ്കഌന്‍(1706-1790) ആണ് ഇടിമിന്നലുകളെ കുറിച്ച് ആദ്യമായി ചിട്ടയായ പഠനങ്ങള്‍ നടത്തിയത്. 1752 ജൂണിലായിരുന്നു പരീക്ഷണം. ഒരു പട്ടത്തിന്റെ നൂലിന്റെ അറ്റത്ത് ഒരു കമ്പിയും അതിലേക്ക് സില്‍ക് നൂലും ബന്ധിപ്പിച്ചു. മിന്നലുണ്ടായ സമയത്ത് വൈദ്യുത സ്പാര്‍ക്കുകള്‍ സില്‍ക് നൂലിലേക്ക് വീഴുന്നത് നിരീക്ഷിച്ചു. ഇതു ലോകത്തെ ബോധ്യപ്പെടുത്തി. തുടര്‍ന്നുണ്ടായ പരീക്ഷണങ്ങളില്‍ മേഘത്തിന്റെ താഴേത്തട്ടില്‍ സാധാരണയായി ഋണചാര്‍ജാണ് ഉണ്ടാവുക എന്നും അ ദ്ദേഹം കണ്ടുപിടിച്ചു.
അപകടകാരികളായ പരീക്ഷണങ്ങള്‍
ഫ്രാങ്കഌന്റെ പരീക്ഷണത്തിനുശേഷം നിരവധി അനുകരണങ്ങള്‍ നടന്നിട്ടുണ്ട്. മിന്നലുകളെക്കുറിച്ചുള്ള പഠനങ്ങള്‍ മിക്കപ്പോഴും അപകടകാരികളാണ്. ഏകദേശം ഇതേ പശ്ചാത്തലത്തില്‍ ജോര്‍ജ് റിച്മാന്‍ എന്ന ഊര്‍ജതന്ത്രജ്ഞന്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാതെ നടത്തിയ പരീക്ഷണത്തില്‍ അദ്ദേഹം മിന്നലേറ്റ് മരിച്ചു. ഇദ്ദേഹം അചാലകമായ സില്‍ക് നൂല്‍ കെട്ടിയില്ല എന്നതായിരുന്നു മരണകാരണം.
കേരളം ഒന്നാമത്
മിന്നലിനു ശേഷം മൂന്നു സെക്കന്‍ഡ് ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക, മിന്നല്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ടെന്ന്. 12 സെക്കന്‍ഡ് വരെ മിന്നല്‍ അപകടം വരുത്തുന്നതാണ്. അതുകൊണ്ട് വേണ്ട സുരക്ഷാ മുന്‍കരുതല്‍ എടുക്കുക. ആകാശത്തുനിന്നു താഴേക്കു വരുന്ന മിന്നല്‍ ഭൂമിയില്‍നിന്ന് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന വസ്തുവിന്റെ അഗ്രത്തിലാണ് ആദ്യം പതിക്കുന്നത്. പര്‍വതങ്ങളുടെ സാന്നിധ്യവും വൃക്ഷനിബിഡതയുമാണ് കേരളത്തില്‍ ഇത്രയധികം മിന്നലുണ്ടാകാന്‍ കാരണം. ബംഗാളും കശ്മിരും കേരളവുമാണ് ഇന്ത്യയില്‍ ഏറ്റവുമധികം മിന്നലുണ്ടാകുന്ന സംസ്ഥാനങ്ങള്‍. ചുരത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ പാലക്കാട്ട് മിന്നല്‍ കുറവാണ്. എന്നാല്‍ കൊല്ലം, കോഴിക്കോട്, കോട്ടയം, മലപ്പുറം, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ മിന്നല്‍ കൂടുതലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."