ദക്ഷിണാഫ്രിക്ക- സിംബാബ്‌വെ ചതുര്‍ദിന ടെസ്റ്റ് നാളെ മുതല്‍
പോര്‍ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും തമ്മിലുള്ള ചതുര്‍ദിന ടെസ്റ്റ് നാളെ ആരംഭിക്കും. പകലും രാത്രിയുമായി അരങ്ങേറുന്ന മത്സരം നിലവിലെ പഞ്ചദിന മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായിരിക്കും. ഓരോ ദിവസവും ആറര മണിക്കൂറാകും പോരാട്ടം. പഞ്ചദിന ടെസ്റ്റിനേക്കാള്‍ അര മണിക്കൂര്‍ അധികമായി കളിക്കും.
ദിവസത്തില്‍ 90 ഓവറിന് പകരം 98 ഓവറുകളില്‍ കളി നടക്കും. ഫോളോ ഓണ്‍ റണ്‍സിലും നേരിയ വ്യത്യാസമുണ്ട്. 150 മുകളില്‍ ലീഡ് ഉണ്ടെങ്കില്‍ ഫോളോ ഓണ്‍ ചെയ്യിക്കാം. പഞ്ചദിന ടെസ്റ്റില്‍ ഇത് 200 റണ്‍സാണ്.
1972- 73 കാലത്താണ് ചതുര്‍ദിന ടെസ്റ്റ് മത്സരം ആദ്യമായി അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറിയത്. പിന്നീട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് അഞ്ച് ദിനമെന്ന നിയമം നടപ്പിലാക്കുകയായിരുന്നു. മൂന്ന് ദിവസം മുതല്‍ ആറ് ദിവസം വരെയുള്ള ടെസ്റ്റ് മത്സരങ്ങളും അരങ്ങേറിയിട്ടുണ്ട്. 1938-39 കാലത്ത് പത്ത് ദിവസത്തോളം ടെസ്റ്റ് മത്സരം നീണ്ട ചരിത്രവുമുണ്ട്. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലായിരുന്നു ഈ പോരാട്ടം.
ഇതില്‍ ഒരു ദിവസം മഴയെ തുടര്‍ന്ന് കളിക്കാന്‍ ഇറങ്ങാനും സാധിച്ചിരുന്നില്ല. 2005- 06ല്‍ ആസ്‌ത്രേലിയയും ലോക ഇലവനും തമ്മില്‍ ആറ് ദിവസത്തെ ടെസ്റ്റ് മത്സരം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇത് നാല് ദിവസമാക്കി മാറ്റിയിരുന്നു.
നാളെ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക- സിംബാബ്‌വെ ചതുര്‍ദിന പോരാട്ടം അന്താരാഷ്ട്ര തലത്തില്‍ എട്ടാമത്തെ പകല്‍- രാത്രി ടെസ്റ്റാണ്. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായാണ് ഡേ- നൈറ്റ് മത്സരം അരങ്ങേറുന്നത്. കഴിഞ്ഞ ഏഴ് പകല്‍- രാത്രി ടെസ്റ്റ് മത്സരങ്ങളും ആസ്‌ത്രേലിയന്‍ മണ്ണിലാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."