തന്റേടമുണ്ടെങ്കില്‍ ഭാഗവതിനെതിരേ കേസെടുക്കണം: ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാരിനു തന്റേടമുണ്ടെങ്കില്‍ ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിനെതിരേ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് മറികടന്ന് സ്വാതന്ത്ര്യ ദിനത്തില്‍ സ്കൂളില്‍ പതാകയുയര്‍ത്തിയ ഭാഗവതിനെതിരേ അന്ന് നടപടിയെടുക്കാതെ ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയാണുണ്ടായത്.
ഇപ്പോള്‍ മാനേജര്‍ക്കും പ്രധാനാധ്യാപകനുമെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയെന്ന വാര്‍ത്തയുണ്ട്. മോഹന്‍ ഭാഗവതിനെതിരേ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ നിയമോപദേശം ലഭിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്.
ഇപ്പോള്‍ എന്ത് നിയമോപദേശമാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തണം. ആര്.എസ്.എസിനെ എന്നും പ്രീണിപ്പിക്കുന്ന നയമാണ് ഈ സര്‍ക്കാരിനുള്ളത്. അതുകൊണ്ടാണ് ഭാഗവതിനെതിരേ കേസെടുക്കാതെ മാനേജര്‍ക്കും പ്രധാനാധ്യാപകനുമെതിരേ മാത്രം നടപടിക്കു ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."