പ്രവാസികൾക്ക് കനത്ത തിരിച്ചടി; നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ചുമത്താനൊരുങ്ങി ബഹ്‌റൈൻ
പ്രവാസികൾക്ക് കനത്ത തിരിച്ചടി; നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ചുമത്താനൊരുങ്ങി ബഹ്‌റൈൻ
മനാമ: പ്രവാസികൾക്ക് തിരിച്ചടിയായി നാട്ടിലേക്ക് പണമയക്കുന്നതിന് നികുതി ഏർപ്പെടുത്താനുള്ള ബില്ലിന് അംഗീകാരം നൽകാൻ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന ബഹ്‌റൈൻ പാർലമെന്‍റ് യോഗത്തിലാണ് നികുതി ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബില്ലിന് അംഗീകാരം നൽകിയത്. നികുതി ഏർപ്പെടുത്തുന്നതിന് സർക്കാർ എതിർപ്പുണ്ടെങ്കിലും, വിഷയം അന്തിമ തീരുമാനത്തിനായി ഉപരിസഭയായ ശൂറ കൗൺസിലിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. ശൂറ കൗൺസിലിന്റെ അംഗീകാരം കൂടി വന്നാൽ നിയമം നടപ്പിലാക്കും.
അയക്കുന്നത് പണത്തിന്റെ ഒരു ശതമാനം മുതൽ മൂന്ന് ശതമാനം വരെ നികുതി ചുമത്താനാണ് പാർലമെന്‍റ് തീരുമാനം. അയക്കുന്ന ഓരോ തവണയും നികുതി നൽകണമെന്നത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് കനത്ത തിരിച്ചടിയാകും. 200 ബഹ്റൈനി ദിനാറില്‍ (ഏകദേശം 43,000 ഇന്ത്യന്‍ രൂപയോളം) താഴെയുള്ള തുക പ്രവാസികള്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ അതിന്റെ ഒരു ശതമാനമാണ് നികുതി നൽകേണ്ടിവരിക. 201 ദിനാര്‍ മുതല്‍ 400 ദിനാര്‍ (87,000 ഇന്ത്യന്‍ രൂപയോളം) വരെ അയക്കുമ്പോള്‍ രണ്ടു ശതമാനം നൽകണം. 400 ദിനാറിന് മുകളില്‍ അയക്കുമ്പോള്‍ തുകയുടെ മൂന്ന് ശതമാനം നികുതിയായി ഈടാക്കണമെന്നാണ് എംപിമാരുടെ ശുപാർശ.
ശൂറാ കൗൺസിലിൽ നികുതി ചുമത്താനുള്ള ബില്ലിന് ഭൂരിപക്ഷത്തിന്റെ ആനുകൂല്യം ലഭിച്ചാൽ നിയമം പ്രാബല്യത്തിൽ വരും. ബഹ്‌റൈൻ സർക്കാർ ഈ നിയമത്തിന് അനുകൂല നിലപാട് അല്ല എടുത്തതെങ്കിലും പാർലമെന്റ് അംഗീകാരം നൽകുകയായിരുന്നു. പാർലമെന്റ് അവതരിപ്പിച്ച നിയമനിർമ്മാണം ആറുമാസത്തിനകം തയ്യാറാക്കാൻ സർക്കാർ നിയമപ്രകാരം ബാധ്യസ്ഥരാണ്. പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സർക്കാറിന്റെ അഭിപ്രായം.
ബഹ്റൈൻ ചേംബറും ബഹ്റൈൻ ബിസിനസ് മെൻ അസോസിയേഷനും പുതിയ ബില്ലിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ സമാനമായ നീക്കം ബഹ്‌റൈന്‍ സര്‍ക്കാര്‍ തള്ളിയിരുന്നു എങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ നടപ്പിലാക്കാനാണ് സാധ്യതയെന്ന് വിദഗ്ദർ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."