HOME
DETAILS

ഹിജാബും ക്ലാസ്‌റൂമുകളിലെ സജാതീയവല്‍ക്കരണവും

  
backup
February 21 2022 | 15:02 PM

hijab-and-class-room-by-dr-ali-hussain-wafi

ഡോ. അലി ഹുസൈന്‍ വാഫി

പുറമേക്ക് മനോഹരമായി തോന്നുന്ന പല വാദങ്ങളും ആഴത്തില്‍ വിശകലനം ചെയ്യുമ്പോള്‍ അബദ്ധവും അര്‍ത്ഥ ശൂന്യവുമാണെന്ന് ബോധ്യപ്പെടാറുണ്ട്. അത്തരം വാദങ്ങളിലൊന്നാണ് ക്ലാസ് റൂമിലെ സജാതീയവല്‍ക്കരണം. മത ജാതി വര്‍ഗ്ഗ വൈജാത്യങ്ങള്‍ അടയാളപ്പെടുത്തുന്ന ചിഹ്നങ്ങള്‍ ഉപേക്ഷിച്ച് ക്ലാസ് റൂമില്‍ എല്ലാവരും ഒരേ രീതിയിലായിരിക്കണമെന്ന വാദം സമത്വ സുന്ദരമായ ക്ലാസ് റൂം സൃഷ്ടിപ്പിന്റെ ലക്ഷണമായിട്ടാണ് ചിലര്‍ പരിചയപ്പെടുത്തുന്നത്. അത് ശരിയല്ലേ എന്ന് ചിലര്‍ക്കെങ്കിലും തോന്നാന്‍ സാധ്യതയുണ്ട്. പക്ഷേ കൂടുതല്‍ ആലോചിക്കുമ്പോള്‍ അതിനുള്ളിലെ അര്‍ത്ഥ ശൂന്യത ബോധ്യപ്പെടും. അതിനാല്‍ത്തന്നെ വിദ്യാര്‍ത്ഥികളുടെ ജൈവികവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളേയും അനുഭവങ്ങളേയും റദ്ദ് ചെയ്തു ഭരണകൂടം ഇഛിക്കുന്ന ഏകീകൃത വേഷവിധാനം പൊതു യൂണിഫോമായി അവതരിപ്പിക്കുന്ന പ്രവണത നിഷ്‌കളങ്കമായ ചിന്തയുടെ ഉല്‍പ്പന്നമായി കാണാന്‍ കഴിയില്ല.

സ്‌കൂളിനെ സമൂഹത്തിന്റെ പകര്‍പ്പായിട്ടാണല്ലോ ഗണിക്കുന്നത്. സമൂഹത്തിലെ വൈവിധ്യങ്ങള്‍ സ്വാഭാവികമായും സ്‌കൂളിലും പ്രതിഫലിക്കപ്പെടും. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അങ്ങനെ പ്രതിഫലിക്കപ്പെടുമ്പോള്‍ മാത്രമേ സ്‌കൂള്‍ സമൂഹത്തിന്റെ പകര്‍പ്പ് ആവുകയുള്ളൂ. ക്ലാസ് മുറികളിലെ വൈവിധ്യങ്ങള്‍ അംഗീകരിക്കാനും സാംസ്‌കാരിക വിനിമയങ്ങള്‍ സാധ്യമാക്കുന്ന ഒരു വിഭവമായി അതിനെ പരിവര്‍ത്തിപ്പിക്കപ്പെടാനും കഴിയുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ ലക്ഷ്യം നിര്‍വഹിക്കപ്പെടുന്നത്. ഇന്ത്യയെപ്പോലെ ബഹുമത,ഭാഷാ സാംസ്‌കാരിക പരിസരങ്ങളില്‍ ക്ലാസ് റൂമിലെ വൈവിധ്യങ്ങളെ വിഭവമായി ഉപയോഗിക്കുന്നതിന് വലിയ പ്രസക്തിയുണ്ട്. വൈവിധ്യങ്ങള്‍ താരതമ്യേന കുറഞ്ഞ രാജ്യങ്ങള്‍ പിന്തുടരുന്ന വേഷവിധാന രീതികള്‍ ഇന്ത്യന്‍ ക്ലാസ് റൂമുകളിലേക്ക് പറിച്ച് നടാനുള്ള ശ്രമം സാംസ്‌കാരിക ദാരിദ്രത്തിലേക്കാണ് നയിക്കുക.

 

നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ തനത് നയം ക്ലാസ്‌റൂമുകളില്‍ പ്രതിഫലിക്കപ്പെടണം എന്നാണല്ലോ വിദ്യാഭ്യാസ പോളിസികള്‍ പറയുന്നത്. ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത് പോലെ ഇന്ത്യ ഒരു ആഗോള സാമ്പത്തിക അധികാര ശക്തിയാകണമെങ്കില്‍ ഈ ആശയം ഇന്ത്യക്കാരുടെ പൊതു ജീവിത വീക്ഷണമായി മാറേണ്ടതുണ്ട്. അത്തരം ചിന്തകള്‍ പകര്‍ന്ന് നല്‍കുന്ന ക്ലാസ്‌റൂമുകളാണ് രൂപപ്പെടുത്തേണ്ടത്. കാരണം രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കപ്പെടുന്നത് അതിന്റെ ക്ലാസ്‌റൂമുകളിലാണല്ലോ. ഇതിനായി സഹിഷ്ണുതയുടെ പെഡഗോജി സ്‌കൂള്‍, കോളേജ് തലങ്ങളില്‍ രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. രാഷ്ടീയ പ്രേരിതമായ സാംസ്‌കാരിക ഏകത്വം എന്ന സങ്കുചിത കാഴ്ചപ്പാട് ക്ലാസ്‌റൂമുകളില്‍ പ്രതിഫലിക്കുമ്പോള്‍ രാജ്യ പുരോഗതി അപകടത്തിലാകുന്നു.

 

ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ രാഷട്രീയ മുദ്രാവാക്യങ്ങള്‍ പുറമേക്ക് രസകരമായിത്തോന്നുമെങ്കിലും എല്ലായിടത്തേക്കും അത് വ്യാപിപ്പിക്കുന്നത് അസന്തുലിതാവസ്ഥയാണ് സൃഷ്ടിക്കുക. പ്രത്യേകിച്ചും ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത്. സാംസ്‌കാരിക വൈവിധ്യമുള്ള സമൂഹങ്ങളുടെ ആഘോഷമാണ് ഇന്ത്യന്‍ ക്ലാസ് മുറികള്‍.ഓരോ സമൂഹവും വ്യത്യസ്തങ്ങളായ സാംസ്‌കാരിക ധാരകളെ ഉള്‍ക്കൊള്ളുന്നുണ്ട്.ഈ സാംസ്‌കാരിക ധാരകളെ കോര്‍ത്തിണക്കുകയും അതേസമയം തന്നെ പ്രബലമായ സാംസ്‌കാരിക മൂലധനം ഇല്ലാത്ത വിഭാഗങ്ങളെയും മത ഭാഷാ ന്യൂനപക്ഷങ്ങളേയും അവരവരുടെ സാംസ്‌കാരിക സ്വത്വ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് തന്നെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നുള്ളതാണ് ബഹുസ്വര സമൂഹത്തില്‍ കരണീയമായിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാംസ്‌കാരികമായി പ്രതികരണാത്മകമായിട്ടുള്ള ബോധനരീതികള്‍ (Culturally Responsive Pedagogy) ഉണ്ടാവണമെന്ന് ആധുനിക വിദ്യാഭ്യാസ ചിന്തകര്‍ സിദ്ധാന്തിക്കുന്നത്. പരമ്പരാഗതമായി വിശ്വാസത്തിന്റെ ഭാഗമായോ മറ്റോ ജനങ്ങള്‍ തുടര്‍ന്ന് വരുന്ന വേഷ വിധാനങ്ങളും മറ്റ് ചിഹനങ്ങളും സാംസ്‌കാരിക വൈവിധ്യത്തില്‍ ഉള്‍പ്പെടുന്നതാണ്. മതവും ആചാരവും രൂപപ്പെടുത്തുന്ന ശീലങ്ങളെ പൊതുശീലമായി ഗണിക്കപ്പെടാത്ത വാദം സാംസ്‌കാരിക അസഹിഷ്ണുതയുടെ ഭാഗമാണ്.മതേതരത്വത്തിന്റെ പേരില്‍ സാംസ്‌കാരിക അസഹിഷ്ണുത അംഗീകരിക്കപ്പെടാനാവില്ല.

 

മതത്തെ ഇത്തരം വ്യവഹാരങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന വാദം മതേതരത്വത്തെക്കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാടിന്റെ അജ്ഞതയില്‍ നിന്ന് രൂപം കൊള്ളുന്നതാണ്. രാജ്യത്തിന് ഒരു ഔദ്യോഗിക മതമില്ല എന്നതിന്റെ അര്‍ത്ഥം മത വിശ്വാസികളെ പൊതു ജീവിതത്തില്‍ മതം പ്രാക്ടീസ് ചെയ്യാന്‍ അനുവദിക്കരുത് എന്നല്ല. മറ്റുള്ളവര്‍ക്ക് ദോഷം വരാത്ത രീതിയിലുള്ള മത വിശ്വാസ രീതികളും വേഷ വിധാനങ്ങളും നിഷേധിക്കപ്പെടുമ്പോള്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ലംഘനം എന്നതിലുപരി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാംസ്‌കാരിക വൈവിധ്യങ്ങളെ നേരിട്ട് അനുഭവിക്കാനുള്ള സാഹചര്യങ്ങളെ റദ്ദ് ചെയ്യല്‍ കൂടിയാണ്. ഇത്തരം അനുഭവങ്ങളെ തിരസ്‌കരിക്കുന്ന സാഹചര്യം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക മികവിനെ കൂടി ദോഷകരമായി ബാധിക്കും. സാംസ്‌കാരിക വൈവിധ്യങ്ങള്‍ സ്‌കൂളുകളില്‍ കൃത്രിമമായി നിര്‍മ്മിച്ച് നല്‍കപ്പെടുമ്പോള്‍ അനുഭവജ്ഞാനങ്ങളുടെ ദൗര്‍ലഭ്യം കാരണം ജൈവികമായ അറിവുല്‍പ്പാദനവും ആവിഷ്‌കാരവും വിദ്യാര്‍ത്ഥികള്‍ക്ക് അന്യമാകുന്നു.

 

സാംസ്‌കാരിക ഭാഷാ വൈജാത്യങ്ങളെ ഒരു ഭാരമായും അതേസമയം ഒരു മൂല്യവും വിഭവവുമായി കണക്കാറുണ്ട്. ഒരു വിഭമായി കാണുന്നതിന് ഇന്ത്യന്‍ ക്ലാസ് റൂമുകളില്‍ സവിശേഷ പ്രാധാന്യമുണ്ടെന്ന് രാംകാന്ത് അഗ്‌നിഹോത്രി (Ramkanth Agnihtori)യെപ്പോലുള്ളവര്‍ നടത്തിയ പഠനം വിരല്‍ ചൂണ്ടുന്നു. ഈ വൈവിധ്യം അവഗണിക്കുന്ന സമീപനമാണ് അടുത്ത കാലത്ത് കര്‍ണ്ണാടകത്തിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളില്‍ നിന്നും ചില സ്‌കൂളുകളില്‍ നിന്നും ഉയരുന്നത്. വേഷത്തിലും മറ്റും പ്രകടിപ്പിക്കുന്ന സാംസ്‌കാരിക വൈവിധ്യങ്ങള്‍ സ്‌കൂളിന്റെ ഗൈറ്റ് കടക്കുന്നതോടെ ഊരിക്കളയണമെന്ന ശാസന എത്ര വിരോധാഭാസമാണ് ! ഏകമാന സാംസ്‌കാരിക ദേശീയത ക്ലാസ് റൂമിലേക്ക് നുഴഞ്ഞ് കയറുമ്പോള്‍ അരിക് വല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സ്വപ്നങ്ങളില്‍ കരിനിഴല്‍ വീഴുന്നു.

 

സാമൂഹികം, മതപരം, ജാതീയം,സാമ്പത്തികം എന്നിങ്ങനെ നിരവധി ഘടകങ്ങളാല്‍ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ സാംസ്‌കാരിക പശ്ചാത്തലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിനെല്ലാം മുകളിലായി ഭരണകൂടത്തിന് താല്‍പര്യമുള്ള ഒന്നിനെ പൊതു സംസ്‌കാരവും ദേശീയ സംസ്‌കാരവുമായി സൃഷ്ടിച്ചെടുക്കുന്നത് അന്യവല്‍ക്കരണം ത്വരിതപ്പെടുത്താനേ ഉപകരിക്കൂ.വിദ്യാഭ്യാസ അവകാശം പ്രാബല്യത്തിലായി ഏതാണ്ട് ഒരു ദശകം പിന്നിടുമ്പോഴും 47 ദശലക്ഷം കുട്ടികള്‍ സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി തലത്തില്‍ നിന്നും കൊഴിഞ്ഞുപോകുന്നു എന്ന് യുനസ്‌കോയുടെ Institute of Statistics and Global Education Monitoring 2016 ല്‍ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. കോളേജില്‍ എത്തുമ്പോള്‍ ഇതിന്റെ ആഴം കൂടുകയാണ്.തങ്ങളുടെ സാംസ്‌കാരികവും മതപരവുമായ സ്വത്വങ്ങളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിഗണിക്കുന്നില്ല എന്ന് വരുമ്പോള്‍ പ്രാഥമിക വിദ്യാഭ്യാസം തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിവിശേഷം രൂപപ്പെടും. അതോടെ പിന്നാക്കം നില്‍ക്കുന്ന ജന വിഭാഗങ്ങള്‍ കൂടുതല്‍ അരിക് വല്‍ക്കരിക്കപ്പെടും. നിലനില്‍ക്കുന്ന അസമത്വത്തിന്റെ പുനരുല്‍പാദനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക ഉപകരണമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് ബേസില്‍ ബേണ്‍സ്‌റ്റൈന്‍, പൗലോ ഫ്രയര്‍,ഇവാന്‍ ഇല്ലിച്ച് തുടങ്ങിയര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

വിദ്യാഭ്യാസ നയങ്ങള്‍ പ്രായോഗിക തലത്തില്‍ പരാജയപ്പെടുന്നതിന്റെ ലക്ഷണം കൂടിയാണ് ഹിജാബ് നിഷേധത്തിന്റെ പേരില്‍ സമീപകാലത്ത് രൂപപ്പെട്ട സംഭവങ്ങള്‍. പുരോഗമന, ബഹുസ്വര, ജാനാധിപത്യ ആശയങ്ങളുടെ സാക്ഷാത്ക്കാരമാണ് തങ്ങളുടെ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന് ഒരോ സര്‍ക്കാറുകളും സിദ്ധാന്തിക്കുമ്പോഴും ഭരണകൂട താല്‍പര്യത്തിനനുസരിച്ച് സാംസ്‌കാരിക മൂലധനം കുറഞ്ഞ ജനവിഭാഗങ്ങളെ വിദ്യാഭ്യാസ രംഗത്ത് നിന്ന് അകറ്റാന്‍ വേണ്ട പൊതു ധാരയെ ബോധപൂര്‍വ്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് ഹിജാബ് വിവാദങ്ങളുടെ അന്തര്‍ധാരയെന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ കാണാം.

 

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ധിച്ചു വരുന്ന സങ്കുചിത വര്‍ഗീയ പ്രവണതകളെ ചെറുക്കാന്‍ അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും മുന്നില്‍ നില്‍ക്കേണ്ടതുണ്ട്. അപരന്റെ വിശ്വാസങ്ങളേയും ബോധ്യങ്ങളേയും ബഹുമാനിക്കാനുള്ള ശീലം വളര്‍ത്തിയെടുക്കല്‍ ബഹുസ്വര സമൂഹത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന ഊന്നലുകളില്‍ ഒന്നാകണം. എല്ലാവരേയും പരിഗണിച്ചാവണം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമെന്നത് പരമ്പരാഗതമായി നാം തുടര്‍ന്ന് വരുന്ന രീതിയാണ്.മോദി സര്‍ക്കാര്‍ 2020 ല്‍ പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിലും രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെയും സ്ഥാപനങ്ങളേയും നയിക്കേണ്ട അടിസ്ഥാന തത്വങ്ങളെക്കുറിച്ച് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. അതില്‍ മറ്റുള്ളവരെ ബഹുമാനിക്കുക, ജനാധിപത്യ ബോധം,ബഹുസ്വരതയെ മാനിക്കല്‍,ഉള്‍ക്കൊള്ളല്‍ തുടങ്ങിയവ എടുത്തു പറയുന്നുണ്ട്( പേജ് നമ്പര്‍:5). കൂടെ പഠിക്കുന്ന കുട്ടികള്‍ അവര്‍ക്കിഷ്ടപ്പെട്ട മത സാംസ്‌കാരിക വസ്ത്രം ധരിച്ച് ക്ലാസില്‍ വരുന്നത് ദഹിക്കാത്ത വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ വളരുന്നുവെങ്കില്‍ സാംസ്‌കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശീലം കുട്ടികളില്‍ കുറയുന്നുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. സര്‍ക്കാറുകളും വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അടിയന്തിരമായി പരിഹാരം കാണേണ്ട വിഷയമാണിത്. കാരണം,നമ്മുടെ വിദ്യാഭ്യാസ രീതിക്കെന്തോ കുഴപ്പമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago
No Image

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

Saudi-arabia
  •  15 days ago
No Image

ഉത്തർപ്രദേശ്; ഓടുന്ന എസി ബസിൽ നിന്ന് മുറുക്കാൻ തുപ്പാൻ ശ്രമിക്കുന്നത്തിനിടെ 45കാരന് ദാരുണാന്ത്യം

National
  •  15 days ago
No Image

പദയാത്രക്കിടെ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പ്രതി പിടിയിൽ

National
  •  15 days ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തി; രണ്ട് ഭീകരരുടെ വധശിക്ഷ നടപ്പാക്കി സഊദി

Saudi-arabia
  •  15 days ago
No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  15 days ago