തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍
ലക്ഷണമൊത്തൊരു പ്രതിപക്ഷ നേതാവായിരുന്നു വി.എസ് അച്യുതാനന്ദന്‍. ജനകീയ പ്രശ്‌നങ്ങളിലൊക്കെയും സജീവമായിത്തന്നെ ഇടപെട്ടു. ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്കുപോലും കടന്നുചെല്ലാന്‍ ബുദ്ധിമുട്ടുള്ള മതിക്കെട്ടാന്‍ മലമേല്‍ കയറി സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്നുകാട്ടി. അതുവരെ പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്ന വി.എസിന് ഒരു മുരടന്‍ കമ്മ്യൂണിസ്റ്റുകാരന്റെ പ്രതിച്ഛായയേ ഉണ്ടായിരുന്നുള്ളൂ. പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ കര്‍ക്കശക്കാരനായ ഒരു പാര്‍ട്ടി നേതാവിന്റെ മുഖം. ചിട്ടയായ പാര്‍ട്ടി പ്രവര്‍ത്തനം. 1957-ലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗം. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിന് രൂപം നല്‍കിയ നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏകമലയാളി. 1985 മുതല്‍ 2009 വരെ പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ അംഗം. 1980 മുതല്‍ 1991 വരെ കരുത്തനായ സംസ്ഥാന സെക്രട്ടറി. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ സി.പി.എമ്മില്‍ എന്തുകൊണ്ടും യോഗ്യന്‍. 1987-ല്‍ മുഖ്യമന്ത്രിയായ ഇ.കെ നായനാര്‍ ഭരണത്തിലിരിക്കുമ്പോള്‍ 1991 ല്‍ നടന്ന ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ആകെ 14-ല്‍ 13 ജില്ലയും സി.പി.എം പിടിച്ചടക്കിയപ്പോള്‍ അതൊരു സുവര്‍ണാവസരമായി കണ്ട വി.എസിനെ കുറ്റപ്പെടുത്താനൊന്നുമില്ല തന്നെ. നിയമസഭ പിരിച്ചുവിട്ടു തെരഞ്ഞെടുപ്പു നടത്താന്‍ സംസ്ഥാന സമിതി തീരുമാനിച്ചു. വി.എസ് ആണ് അധികാരമേറെയുള്ള സെക്രട്ടറി. അതനുസരിച്ച് മുഖ്യമന്ത്രി ഇ.കെ നായനാര്‍ ഗവര്‍ണര്‍ക്കു ശുപാര്‍ശ നല്‍കി. 1991-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താന്‍ തീരുമാനം.
വി.എസ് അച്യുതാനന്ദന്‍ മാരാരിക്കുളത്ത് മത്സരിക്കുന്നു. പാര്‍ട്ടിയെ സംബന്ധിച്ചായാലും വി.എസിനെ സംബന്ധിച്ചായാലും ജയിക്കുമെന്നുറപ്പുള്ള സീറ്റ്. വി.എസ് നല്ല ഭൂരിപക്ഷത്തിനു ജയിക്കുക തന്നെ ചെയ്തു. പാര്‍ട്ടിയില്‍ ശക്തന്‍ തന്നെയാണ് വി.എസ്. തീര്‍ച്ചയായും അടുത്ത മുഖ്യമന്ത്രിയാകേണ്ടയാള്‍. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചു കയറിയത് യു.ഡി.എഫ്. കാരണം, രാജീവ്ഗാന്ധി വധം. വി.എസ് പ്രതിപക്ഷ നേതാവ്. അഞ്ചുവര്‍ഷം വി.എസ് കേരളത്തിന്റെ പ്രിയപ്പെട്ട പ്രതിപക്ഷനേതാവായി വളര്‍ന്നു. സംസ്ഥാനത്ത് അതുവരെ ഒരു പ്രതിപക്ഷ നേതാവിനും കിട്ടിയിട്ടില്ലാത്ത അംഗീകാരവും ആദരവും. 1996 ലെ തെരഞ്ഞെടുപ്പ് വി.എസ് വീണ്ടും മാരാരിക്കുളത്ത് സ്ഥാനാര്‍ഥി. ജയത്തെക്കുറിച്ച് പാര്‍ട്ടിക്കോ വി.എസിനോ ഒരു സംശയവുമില്ല. പക്ഷേ വോട്ട് എണ്ണി കഴിഞ്ഞപ്പോള്‍ വി.എസ് പരാജയപ്പെട്ടു. സംസ്ഥാനത്ത് യു.ഡി.എഫിനെ പിന്തള്ളി ഇടതുമുന്നണി അധികാരത്തില്‍. പക്ഷേ മുഖ്യമന്ത്രിയാവാന്‍ വി.എസ് നിയമസഭയിലില്ല. പകരം നായനാര്‍ ഒരിക്കല്‍ കൂടി മുഖ്യമന്ത്രി.
ഇതാണു കേരളം. ഇതാണു കേരള രാഷ്ട്രീയം. 1957 ലെ ആദ്യ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന് വിജയത്തെ കുറിച്ചു സംശയമില്ല. അന്നുതന്നെ കമ്മ്യൂണിസ്റ്റ് വിരോധിയായ ഫാദര്‍ ജോസഫ് വടക്കന്‍ കോണ്‍ഗ്രസ്സിനു മുന്നറിയിപ്പു നല്‍കി, കാര്യം അത്ര പന്തിയല്ലെന്ന്. കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കണമെങ്കില്‍ കോണ്‍ഗ്രസ് ചില കക്ഷികളുടെ പിന്തുണ കൂടി തേടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. പി.എസ്.പി, മുസ്‌ലിം ലീഗ് എന്നീ കക്ഷികളുമായി ധാരണയുണ്ടാക്കിയാല്‍ മതി എന്നാണ് ഫാദര്‍ വടക്കന്റെ ശുപാര്‍ശ. വെറുമൊരു ധാരണ മാത്രം. കൂട്ടുകെട്ടോ ഐക്യമുന്നണിയോ ഒന്നും വേണ്ട. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഫാദര്‍ വടക്കനെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല. വടക്കന്‍ ഈ രാഷ്ട്രീയ തന്ത്രത്തിന് 'മട്ടാഞ്ചേരി തീസിസ്' എന്നാണ് പേരിട്ടത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കന്‍ ഉണ്ടാക്കിയ ആന്റി കമ്മ്യൂണിസ്റ്റ് ഫ്രണ്ട് (എ.സി.എഫ്.) എന്ന സംഘടനയാണ് ഈ തന്ത്രത്തിനു രൂപം നല്‍കിയത്. ഇതിനെ ആന്റി കാപ്പിലിസ്റ്റ് ഫ്രണ്ട് എന്നും വിളിക്കാമെന്ന് അന്നേ അദ്ദേഹം പറഞ്ഞതാണ്. സിദ്ധാന്തമുണ്ടാക്കുമ്പോള്‍ വടക്കന്‍ പുരോഹിതനായിരുന്നില്ല, കത്തോലിക്കാ സഭയുടെ വിശ്വാസിയായ ഒരു കുഞ്ഞാട് മാത്രം. 1957 ലെ തെരഞ്ഞെടുപ്പെത്തുമ്പോഴേക്ക് വടക്കന്‍ പുരോഹിതനായിരുന്നു ഫാദര്‍ ജോസഫ് വടക്കന്‍. 1957-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരേ കടുത്ത പ്രചാരണം നടത്തി ഫാദര്‍ വടക്കന്‍. തെരഞ്ഞെടുപ്പില്‍ ജയിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രി. പിന്നെ 1959-ല്‍ കത്തോലിക്കാസഭ നേതൃത്വം കൊടുത്ത വിമോചനസമരം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കേന്ദ്രസര്‍ക്കാര്‍ ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിട്ടതോടെ ആ അധ്യായം അവസാനിച്ചു. പിന്നെ 1960 ലെ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് പി.എസ്.പിയെയും മുസ്‌ലിം ലീഗിനെയും ചേര്‍ത്തു മത്സരിച്ചു. ജയിച്ചു. ഭരണം പിടിച്ചു. പി.എസ്.പി നേതാവ് പട്ടം താണുപിള്ള മുഖ്യമന്ത്രി. ഫാദര്‍ വടക്കന്റെ കമന്റിങ്ങനെ'ഞങ്ങള്‍ 1957 ല്‍ പറഞ്ഞത് കോണ്‍ഗ്രസ് 1960 ല്‍ ചെയ്തു'.
ഗുണപാഠം ഇതാണ്, രാഷ്ട്രീയം കുഞ്ഞുകളിയല്ല. ചെയ്യേണ്ടതു ചെയ്യേണ്ടപ്പോള്‍ ചെയ്യണം. അതിനു ബുദ്ധിപൂര്‍വം പെരുമാറണം. മിടുക്കന്മാരെയൊക്കെ കൂടെക്കൂട്ടണം. നേതൃഗുണമുള്ളവര്‍ കൂടെയുണ്ടാവണം. തീരുമാനങ്ങളെടുക്കുമ്പോള്‍ ഒരു പഴുതും വിട്ടുകളയരുത്. അപകടം എവിടെ നിന്നും വരാം. ആരും ശത്രുവാകാം. എപ്പോഴും എവിടെയും ജാഗ്രത വേണം. നിതാന്ത ജാഗ്രത.
1957-ലെ ഇ.എം.എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ഉഗ്രസമരം നടത്തിയ ജാതി-മത ശക്തികളിന്നെവിടെ? അന്ന് കമ്മ്യൂണിസത്തെയും കമ്മ്യൂണിസ്റ്റ് ഭരണത്തെയും അറബിക്കടലിലേയ്ക്ക് വലിച്ചെറിയാന്‍ അത്യദ്ധ്വാനം നടത്തിയ ക്രിസ്ത്യന്‍ ചേരി ഇന്നെവിടെ? 1972-ല്‍ യു.ഡി.എഫ് ഭരണത്തില്‍ എ.കെ ആന്റണിയുടെ ആശിര്‍വാദത്തോടെ കെ.എസ്.യു പ്രഖ്യാപിച്ച വിദ്യാഭ്യാസ സമരത്തെ അതേ കത്തോലിക്കാ സമുദായമാണ് നേരിട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ തൊട്ടുകളിച്ചാല്‍ അതിനു തുനിയുന്നവരെ മഴുത്തായ കൊണ്ടു നേരിടണമെന്നാണ് തൃശൂരിലെ ജോസഫ് കുണ്ടുകുളം ഗര്‍ജിച്ചത്. ക്രിസ്ത്യന്‍ സമുദായം പൊതുവെ കോണ്‍ഗ്രസിനോടും ഐക്യജനാധിപത്യ മുന്നണിയോടുമൊപ്പമാണ് നിലകൊണ്ടിട്ടുള്ളതെങ്കിലും ഇപ്പോള്‍ ചെറിയ മാറ്റം സംഭവിച്ചിട്ടുണ്ട്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ ക്രിസ്ത്യന്‍ കേന്ദ്രങ്ങളില്‍ ഇടതുപക്ഷത്തിനനുകൂലമായ ചായ്‌വ് കാണാനുണ്ടായിരുന്നു.
മധ്യകേരളത്തിലെ ഫലം നോക്കിയാല്‍ ഇത് വളരെയെളുപ്പം വ്യക്തമാവും. ഇതേ ചായ്‌വ് ചെറിയ തോതില്‍ മുസ്‌ലിം മേഖലകളിലുമുണ്ട്. ക്രിസ്ത്യന്‍-മുസ്‌ലിം വിഭാഗങ്ങളില്‍ 2016-ല്‍ കണ്ട ഈ പ്രതിഭാസം 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിപരീത ദിശയിലാണ് കണ്ടതെന്ന കാര്യവും ശ്രദ്ധിക്കണം. ഇത്തവണ കൂറെക്കൂടി ശക്തമായി വീശിയ കാറ്റില്‍ യു.ഡി.എഫ് 19 സീറ്റ് കരസ്ഥമാക്കുകയും ചെയ്തു. എന്നാല്‍ 2020-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇതേ കാറ്റ് കൊടുങ്കാറ്റായിത്തന്നെ വീശി. ഇത്തവണ, പക്ഷേ, ഇടതുപക്ഷത്തിനനുകൂലമായി, ബി.ജെ.പിയാവട്ടെ എല്ലാംകൂടി ഒരു 15 ശതമാനം വോട്ടിന്റെ ഭദ്രത കൈവരിച്ചിരിക്കുന്നു. അതിനപ്പുറത്തേയ്ക്ക് കടക്കണമെങ്കില്‍ തങ്ങള്‍ക്കനുകൂലമായി പുതിയ കാറ്റ് വീശണമെന്ന് അവര്‍ക്ക് നന്നായറിയാം. ഈ രണ്ടു ഭീമന്‍ മുന്നണികള്‍ക്കൊപ്പം മാന്യമായി കഴിച്ചു കൂടണമെങ്കില്‍ത്തന്നെ ബി.ജെ.പിക്ക് ക്രിസ്ത്യന്‍ സമുദായത്തിലെ നേരിയെ ഒരു വിഭാഗമെങ്കിലും പിന്തുണ നല്‍കാന്‍ തയാറാവണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പശ്ചാത്തലവും ഈ സമയത്ത് ഓര്‍ക്കേണ്ടതുണ്ട്. ശബരിമല വിഷയം തീ കത്തുന്ന ഒരു രാഷ്ട്രീയ വിവാദമായി രൂപാന്തരപ്പെടുത്തിയത് ബി.ജെ.പി യായിരുന്നു. അതിനും മുന്‍പ് ശബരിമല ഒരു ആചാരവിഷയമായി ഉയര്‍ത്തിയത് രാഷ്ട്രീയക്കാരനല്ലാത്ത എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും. അദ്ദേഹത്തിന്റെ ആഹ്വാനം കേട്ട് ആവേശത്തോടെ കൂടിയ ആള്‍ക്കൂട്ടം കണ്ട് ബി.ജെ.പി പ്രസിഡന്റായിരുന്ന പി. ശ്രീധരന്‍പിള്ള ഒരു സുവര്‍ണാവസരം കണ്ടെത്തി. എങ്കിലും വീണുകിട്ടിയ സുവര്‍ണാവസരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തുണച്ചില്ല തന്നെ. ബി.ജെ.പിയുടെ അദ്ധ്വാനഫലം കോണ്‍ഗ്രസിനാണ് ലഭിച്ചത്.
ബി.ജെ.പിക്ക് ദേശീയതലത്തില്‍ മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനെ തകര്‍ക്കാനായെങ്കിലും കേരളത്തില്‍ അതു ഫലിച്ചിട്ടില്ല. സംസ്ഥാനത്തെ മുന്നണി രാഷ്ട്രീയത്തിന്റെ പക്വതയും കരുത്തും തന്നെയാണിതിനു കാരണം. ഇവിടെ 1957-ല്‍ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടു പരാജയപ്പെട്ടെങ്കിലും തകര്‍ന്നില്ല. തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ ഇടതുപക്ഷമോ ഒരിക്കലും ശ്രമിച്ചതുമില്ല. ഇടതുപക്ഷ മുന്നണിയും ഐക്യജനാധിപത്യ മുന്നണിയും ഏറെക്കുറെ തുല്യശക്തികളായി ഇവിടെ പരസ്പരം ഏറ്റുമുട്ടി നില്‍ക്കുന്നു. ഒരു കാലത്ത് എന്‍.സി.പി, എസ്.ആര്‍.പി എന്നിങ്ങനെ സമുദായങ്ങളുടെ പിന്തുണയുമായി കക്ഷികള്‍ വന്നിട്ടുണ്ടെങ്കിലും അധികകാലം നിലനിന്നുമില്ല. മുസ്‌ലിം ലീഗ് മാത്രമാണ് ആദ്യം മുതല്‍ക്കു തന്നെ കേരള രാഷ്ട്രീയത്തില്‍ സജീവമായി നില്‍ക്കുന്ന പാര്‍ട്ടി. പലതവണ പിളര്‍പ്പുണ്ടായെങ്കിലും ഒന്നും ലീഗിനെ ബാധിച്ചില്ല. സംസ്ഥാന രാഷ്ട്രീയത്തില്‍ പൊതുവായ ഒരിടം തന്നെ കേരള സമൂഹം മുസ്‌ലിം ലീഗിനു കല്‍പിച്ചു നല്‍കിയിട്ടുമുണ്ട്.
ജാതി-മത ശക്തികളൊക്കെയും കേരളത്തിലെ പൊതുരാഷ്ട്രീയ മണ്ഡലത്തില്‍ നേരിട്ടും അല്ലാതെയും പലതരം കളികളിലും ഏര്‍പ്പെട്ടിട്ടുണ്ട്. 1984 ഡിസംബറില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിപ്പോയെങ്കിലും ഭേദപ്പെട്ട വോട്ടു നേടിയ ഹിന്ദു മുന്നണി സ്ഥാനാര്‍ഥി പി. കേരളവര്‍മരാജയെ കണ്ട് സി.പി.എം നേതാവ് ഇ.എം.എസ് നമ്പൂതിരിപ്പാട് അസ്വസ്ഥനാകുന്നതും കേരളം കണ്ടു. അതില്‍ത്തന്നെ തിരുവനന്തപുരം ഈസ്റ്റ് നിയോജകമണ്ഡലത്തില്‍ മൂന്നാമതെത്തി കേരളവര്‍മരാജാ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ. ചാള്‍സ് തിരുവനന്തപുരത്തു വിജയിച്ചുവെന്നതും ഇടതുസ്ഥാനാര്‍ഥി എ. നീലലോഹിതദാസന്‍ നാടാര്‍ രണ്ടാമതായിപ്പോയി എന്നതുമല്ല ഇ.എം.എസിനെ വേദനിപ്പിച്ചതെന്നു ഓര്‍ക്കണം. മുസ്‌ലിം ലിഗ്, കേരളാ കോണ്‍ഗ്രസ് എന്നിങ്ങനെയുള്ള കക്ഷികള്‍ വളരുന്നതുകൊണ്ടാണ് ഹിന്ദു വര്‍ഗ്ഗീയത വളരുന്നതെന്നായിരുന്നു ഇ.എം.എസിന്റെ സിദ്ധാന്തം. അക്കാലത്ത് അഖിലേന്ത്യാ ലീഗ് ഇടതുപക്ഷത്തായിരുന്നു. ഇ.എം.എസും എം.വി രാഘവനും ചേര്‍ന്ന് ശരീഅത്ത് നിയമത്തിനെതിരേ കടുത്ത പ്രചാരണം അഴിച്ചുവിടുകയും നില്‍ക്കാനാവാതെ അഖിലേന്ത്യാ ലീഗ് ഇടതുമുന്നണി വിടുകയും പിന്നീട് ഇതേ വിഷയത്തിന്റെ പേരില്‍ എം.വി.ആറും കൂട്ടരും ബദല്‍ രേഖയുണ്ടാക്കുകയും സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കുകയും എം.വി.ആര്‍ പാര്‍ട്ടിക്കു പുറത്താവുകയും ചെയ്തതൊക്കെ എണ്‍പതുകളിലെ വലിയ രാഷ്ട്രീയ സംഭവങ്ങള്‍. 1987-ല്‍ ലീഗിന്റെയോ കേരള കോണ്‍ഗ്രസിന്റെയോ സാന്നിധ്യമേതുമില്ലാതെ ഇടതുപക്ഷം കേരളരാഷ്ട്രീയം വീണ്ടും കൈപ്പിടിയിലൊതുക്കുന്നതും ഇ.കെ നായനാര്‍ മുഖ്യമന്ത്രി കസേരയിലേയ്ക്കു കടന്നുകയറുന്നതും കേരളം കണ്ടു.
ഇതിനിടയിലൂടെയായിരുന്നു കോണ്‍ഗ്രസിന്റെ വളര്‍ച്ചയും അതിന്റെ അടിത്തറയില്‍ ഐക്യജനാധിപത്യ മുന്നണിയുടെ രൂപീകരണവും കേന്ദ്രീകരണവും. 1967-ലെ ഇടതുപക്ഷ മുന്നേറ്റത്തില്‍ നിയമസഭയില്‍ വെറും ഒമ്പതംഗങ്ങളായി ചുരുങ്ങിപ്പോയ കോണ്‍ഗ്രസ്സിന്റെ ഊര്‍ജ്ജം നിലനിര്‍ത്തിയ കെ. കരുണാകരന്‍ എന്ന ലീഡര്‍ സി.പി.ഐയെയും മുസ്‌ലിം ലീഗിനെയുമൊക്കെ കൂട്ടിയിണക്കി ഐക്യജനാധിപത്യ മുന്നണിയുണ്ടാക്കിയതും ഒരു വലിയ രാഷ്ട്രീയ നീക്കമായിരുന്നു. അതെ, വീണ്ടുമൊരു ബലപരീക്ഷണം. ജയിക്കണമെങ്കില്‍ മികവുള്ള നേതാക്കള്‍ വേണം. ഓജസ്സുറ്റ സംഘടന വേണം. നേതാക്കള്‍ക്കും കക്ഷികള്‍ക്കും തന്ത്രങ്ങള്‍ മെനയാനുള്ള ശേഷി വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."