മിനറല്‍ വാട്ടറിന് കാലാവധിയുണ്ടോ? കുപ്പിയിലെ ഈ നമ്പര്‍ ശ്രദ്ധിക്കാറുണ്ടോ?.. വിട്ടുവീഴ്ച ചെയ്യല്ലേ, ആരോഗ്യകാര്യമാണ്
കൊടും ചൂടാണ് എത്ര വെള്ളം കുടിച്ചാലും മതിയാകാതെ വരും. യാത്രകളിലും മറ്റും വെള്ളം കയ്യില്‍ കരുതിയാലും ചില അവസരങ്ങളില്‍ തികയാതെ വരും അത്തരം സാഹചര്യത്തില്‍ മിനറല്‍ വാട്ടര്‍ ബോട്ടില്‍ വാങ്ങി താല്‍ക്കാലികാശ്വാസം കണ്ടെത്തും. 10 രൂപ മുതല്‍ കുടിവെള്ളം ലഭ്യമാകാറുണ്ട്.
എവിടേയും എപ്പോഴും ലഭ്യമാകും എന്നതുകൊണ്ടും വിലയും കുറവായതുകൊണ്ടും എല്ലാവരും പെട്ടെന്ന് കുപ്പിവെള്ളം വാങ്ങും. എന്നാല്‍ എപ്പോഴെങ്കിലും കുപ്പിക്ക് മുകളിലെ എക്‌സ്പയറി ഡേറ്റ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? മറ്റെന്ത് സാധനങ്ങള്‍ വാങ്ങുമ്പോഴും എക്‌സ്പയറി ഡേറ്റ് നോക്കുന്നവാണെങ്കില്‍ പോലും കുടിവെള്ളം വാങ്ങുമ്പോള്‍ കാലാവധി നോക്കാത്തവരാണ്.
വെള്ളം അങ്ങനെ ചീത്തയായൊന്നും പോകില്ല എന്ന തോന്നലുള്ളതുകൊണ്ടാകാം കാലാവധിയെ കുറിച്ചൊന്നും ചിന്തിക്കാത്തത്. എന്നാല്‍ വാസ്തവമതല്ല, കുപ്പിവെള്ളത്തിനും കാലാവധിയുണ്ട് അത് കൃത്യമായും കുപ്പിക്ക് മുകളില്‍ എഴുതിയിട്ടുമുണ്ട്.
പാക്ക് ചെയ്ത് വിപണിയിലെത്തുന്ന ഏതൊരു ഉല്‍പന്നത്തിനും എക്‌സ്പയറി ഡേറ്റ് ഉണ്ടായിരിക്കണം. ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെയാണ് ഒരു കുപ്പിവെള്ളത്തിന്റെ കാലാവധി. ഇത് ഓരോ കമ്പനിക്കനുസരിച്ചും ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനനുസരിച്ചും വ്യത്യാസപ്പെടാറുണ്ട്.
വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന കുപ്പിവെള്ളത്തിന്റെ പ്ലാസ്റ്റിക് അത്രയധികം ഗുണനിലവാരമില്ലാത്തതാണെന്ന് ഊഹിക്കാമല്ലോ.. ഇങ്ങനെ ഗുണനിലവാരമില്ലാത്ത കുപ്പികളില്‍ വെള്ളം കുറേ നാളിരിക്കുമ്പോള്‍ അതിലേക്ക് ബാക്ടീരിയ കലരാനും വെള്ളം കേടുവരാനും സാധ്യതയുണ്ട്. അതുപോലെ ഈ കുപ്പികള്‍ സൂക്ഷിക്കുന്ന സ്ഥലത്തിനനുസരിച്ചും വെള്ളത്തില്‍ രാസമാറ്റങ്ങളുണ്ടാകും.
ചൂടുള്ള സ്ഥലങ്ങളിലോ സൂര്യപ്രകാശമേല്‍ക്കുന്ന ഇടങ്ങളിലോ കുപ്പികള്‍ വെച്ചാല്‍ പ്ലാസ്റ്റിക്കിലെ രാസവസ്തുക്കള്‍ വെള്ളത്തിലേക്കെത്തുകയും അതില്‍ രാസപ്രവര്‍ത്തനം നടത്തുകയും തുടര്‍ന്ന് ഈ വെള്ളം കേടാവുകയും ചെയ്യുന്നു. ബിപിഎ എന്ന പദാര്‍ഥമാണ് ഇതിന് കാരണം. ഹൃദ്രോഗം,സ്തനാര്‍ബുദം തുടങ്ങി നിരവധി രോഗങ്ങള്‍ക്ക് ഈ രാസവസ്തു കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനാണ് കുപ്പിവെള്ളത്തിലേയും എക്‌സ്പയറി ഡേറ്റ് നോക്കണമെന്ന് പറയുന്നത്.
ഇനി ഇങ്ങനെ കൃത്യമായി കാലാവധി പരിശോധിച്ച ശേഷം ഉപയോഗിച്ച കുപ്പി വലിച്ചെറിയാതെ വീണ്ടും ഉപയോഗിക്കാന്‍ വരട്ടെ കാര്യമുണ്ട്.
നാം വെള്ളം വാങ്ങുമ്പോള്‍ ആ കുപ്പിയുടെ പുറത്ത് ഒരു നമ്പര്‍ സാധാരണ എഴുതിക്കാണും. പലരും ഇത് ശ്രദ്ധിയ്ക്കാറില്ല. കാരണം അറിയില്ലെന്നത് തന്നെ. മിനറല്‍ വാട്ടര്‍ കുപ്പികള്‍ക്കടിയില്‍ 1 എന്ന നമ്പര്‍ രേഖപ്പെടുത്തിയിരിയ്ക്കുന്ന കാണാം. ഇത്തരം കുപ്പികള്‍ ഒരു പ്രാവശ്യം മാത്രം ഉപയോഗിയ്ക്കുന്നവയാണ്. ഇത് ആ തവണ വെള്ളം കുടിച്ച ശേഷം കളയുക. ഇത് കൂടുതല്‍ ഉപയോഗിച്ചാല്‍ പ്ലാസ്‌റ്‌റിക്കിലെ രാസവസ്തുക്കള്‍ വെള്ളത്തില്‍ കലര്‍ന്ന് ശരീരത്തിലെത്തും. ഇത് ചര്‍മത്തിനും ആരോഗ്യത്തിനും പ്രത്യുല്‍പാദന ശേഷിയ്ക്കുമെല്ലാം ദോഷം വരുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."