മൂട്ട ഉറക്കം കെടുത്തുന്നോ? ഇതൊന്ന് പരീക്ഷിച്ചു നോക്കൂ…
കൊതുകു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പ്രാകിയിട്ടുള്ള ജീവി വര്‍ഗ്ഗമാകും മൂട്ടകള്‍. അവയുടെ ശല്യം കാരണം താമസം മാറിയവര്‍ വരെയുണ്ട്. മൂട്ടശല്യം കാരണം പൊറുതി മുട്ടിയോ.നിങ്ങളെ കടിച്ചിട്ടില്ലെങ്കില്‍പ്പോലും നിങ്ങള്‍ മൂട്ടകടികൊണ്ട് പൊറുതിമുട്ടിയ ഒരു സുഹൃത്തിന്റെ സഹപ്രവര്‍ത്തകന്റെ ഒക്കെ കഥകള്‍ ഉറപ്പായിട്ടും കേട്ടിട്ടുണ്ടാവും. എന്നാല്‍ മൂട്ട അത്ര നിസാരക്കാരനല്ല. മൂട്ടകടി കാരണം കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. മൂട്ടയുടെ കടികൊള്ളുമ്പോള്‍ മാത്രമെ മൂട്ട കട്ടിലില്‍ കയറിയെന്നു മനസിലാകൂ. നോക്കിയാല്‍ അവയെ കാണില്ലെന്നതും വെല്ലുവിളിയാണ്.
മനുഷ്യനെ ഒന്നു കടിക്കാന്‍ പുറത്തിറങ്ങുന്ന സമയത്തൊഴിച്ച് ബാക്കി എല്ലാ സമയത്തും മൂട്ടകള്‍ ഒളിവിലായിരിക്കും എന്നതാണ് മൂട്ടകളുടെ ഒരു പ്രത്യേകത. കിടക്കയുടെ ഉള്ളിലും, കട്ടിലിലെ മരത്തിന്റെയും പ്ലൈവുഡിന്റെയും വിള്ളലുകളിലും ഒക്കെ അവയ്ക്ക് ആഴ്ചകളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിച്ചുകൂട്ടാനാകും. അതുകൊണ്ടുതന്നെ നമ്മള്‍ കൊല്ലാന്‍ വേണ്ടി പ്രയോഗിക്കുന്ന കെമിക്കല്‍ ഈ മൂട്ടയുടെ ദേഹത്ത് ഏല്‍പ്പിക്കുക എന്നത് വലിയ ഒരു വെല്ലുവിളി തന്നെയാണ്.
വിപണിയില്‍ മൂട്ടയെ കൊല്ലാന്‍ പല രാസവസ്തുക്കളും ലഭ്യമാണ്. പക്ഷേ ഇവയുടെ ഉപയോഗം മൂട്ടയുടെ ആയുസിനൊപ്പം നിങ്ങളുടെ ആയുസിനും വെല്ലുവിളി സൃഷ്ടിക്കുന്നു. മുറി നല്ലപോലെ വൃത്തിയാക്കുക എന്നതാണ് ഒരു വഴി. വൃത്തികേടായി കിടക്കുന്നിടങ്ങളിലാണ് സാധാരണ മൂട്ടകള്‍ വരിക. വാക്വം ക്ലീനര്‍ കൊണ്ട് കിടക്കയില്‍ പിടിച്ചാല്‍ ചില മൂട്ടകള്‍ പോയിക്കിട്ടും. കിടക്കയിലെ വിരിപ്പുകള്‍ മാറ്റി പുതിയ വിരിപ്പുകള്‍ വിരിക്കുക. കിടക്കകള്‍ വെയിലത്ത് കൊണ്ടിട്ട് നല്ല പോലെ ചൂടാക്കിയാല്‍ കിടക്കയില്‍ കേറിക്കൂടിയ മൂട്ടകള്‍ ഇറങ്ങിപ്പൊയ്‌ക്കൊള്ളും.
മൂട്ടയെ തുരത്താന്‍ ചില പൊടിക്കൈകള്‍ നോക്കാം
പുതിന: മൂട്ടകളെ തുരത്താന്‍ സഹായിക്കുന്ന ഒരു മികച്ച മാര്‍ഗ്ഗമാണ് പുതിന. പുതിനയുടെ മണം മൂട്ടകളെ അകറ്റി നിര്‍ത്തും. പുതിനയുടെ ഇല കിടക്കയില്‍ വിതറുകയോ, ഇലയുടെ സത്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുകയോ പുതിന സ്‌പ്രേ ഉണ്ടാക്കി കട്ടിലില്‍ തളിയ്ക്കുകയോ ചെയ്താല്‍ മൂട്ടയെ അകറ്റി നിര്‍ത്താം.
കര്‍പ്പൂരം പുകയ്ക്കുന്നത്: മൂട്ടകളെ ഇല്ലാതാക്കാന്‍ നിങ്ങളുടെ കട്ടിലിന്റെ അടിയില്‍ കര്‍പ്പൂരം പുകയ്ക്കാന്‍. ഇത് കൂടാതെ കിടക്കയിലും തലയിണയിലുമൊക്കെ കര്‍പ്പൂരത്തിന്റെ പുക കൊള്ളിക്കുക.
ലാവെണ്ടര്‍ ഓയില്‍: ഇത് നിങ്ങളുടെ കിടപ്പുമുറിയിലും കിടക്കയിലുമൊക്കെ തളിക്കുന്നതും മൂട്ടയെ അകറ്റി നിര്‍ത്തും. കൂടാതെ മൂട്ടയുടെ കടി ഏല്‍ക്കാതിരിക്കാന്‍ ഇത് ശരീരത്തില്‍ പുരട്ടുകയും ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."