കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവം; കരാർ കമ്പനിക്കും പി.ഡബ്ല്യു.ഡിക്കും വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
കോഴിക്കോട്: കോഴിക്കോട് കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. പൊതുമരാമത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കരാര്‍ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും ഒരു പോലെ വീഴ്ച പറ്റി. സംഭവ സമയത്ത് പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നില്ല. അസി.എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ക്കും അസി.എഞ്ചിനീയര്‍ക്കുമാണ് വിമര്‍ശനം. ഊരാളുങ്കല്‍ സൊസൈറ്റിയുടെ ജീവനക്കാര്‍ മാത്രമാണ് സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച് ഉടന്‍ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി അറിയിച്ചു.
രണ്ട് ഹൈഡ്രോളിക് ജാക്കികള്‍ ഉപയോഗിച്ച് പാലത്തില്‍ ബീമുകള്‍ ഉറപ്പിക്കുമ്പോള്‍ ഒന്ന് പ്രവര്‍ത്തനരഹിതമായതാണ് പാലം തകരാന്‍ കാരണമായത് എന്നാണ് ഊരാളുങ്കല്‍ വിശദീകരിച്ചത്. ഈ പ്രവൃത്തി നടക്കുമ്പോള്‍ കരയില്‍ നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രവൃത്തിയില്‍ വീഴ്ചയില്ലെന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരാണ്. എന്നാല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനും നിര്‍മാണ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.
മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിര്‍മിക്കുന്ന കൂളിമാട് കടവ് പാലത്തിന്റെ മൂന്ന് പ്രധാന ബീമുകളാണ് മെയ് 16ന് തകര്‍ന്നുവീണത്. മലപ്പുറം ജില്ലയോട് ചേര്‍ന്ന ഭാഗത്തായിരുന്നു അപകടം. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) പ്രൊജക്ട് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഹൈഡ്രോളിക് ജാക്കിക്ക് വന്ന പിഴവ് എന്നാണ് റോഡ് ഫണ്ട് ബോര്‍ഡ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."