അഞ്ചു മാസത്തിന് ശേഷം ലാവ്ലിന് കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍
ലാവ്ലിന് കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്ലിന് കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എം.ആര് ഷാ, മലയാളിയായ സി.ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ 21ാം നമ്പര്‍ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 32 തവണ ലിസ്റ്റ് ചെയ്തിട്ടും പല കാരണങ്ങളാല്‍ നീട്ടിവയ്ക്കുകയായിരുന്നു. അഞ്ചുമാസത്തിനു ശേഷമാണ് ഇപ്പോള്‍ വീണ്ടും ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിലായിരുന്നു ഒടുവില്‍ കേസ് ലിസ്റ്റ് ചെയ്തത്.
പനി ബാധിച്ച് ചികിത്സയിലായതിനാല്‍ ഹരജി പരിഗണിക്കുന്നതു മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ അഭിഭാഷകന് എം.എല്‍.ജിഷ്ണു കത്തുനല്‍കിയിട്ടുണ്ട്. സ്വവര്‍ഗ വിവാഹവുമായി ബന്ധപ്പെട്ട ഹരജികളില്‍ ഭരണഘടനാ ബെഞ്ചില്‍ വാദം തുടരുമെന്നതിനാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകുമോയെന്നതിലും വ്യക്തതയില്ല. ബെഞ്ചിന് നേതൃത്വം നല്കുന്ന ജസ്റ്റിസ് എം.ആര്.ഷാ മേയ് 15ന് വിരമിക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്, ഊര്‍ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരായുള്ള സി.ബി.ഐയുടെ ഹരജിയും വിചാരണ നേരിടണമെന്ന വിധിക്കെതിരായ വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരന് നായര്‍, മുന്‍ ചെയര്മാന് ആര്. ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹരജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.
supreme-court-adjourns-hearing-on-snc-lavalin-case-today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."